ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വിപ്ലവ നാടായ ആലപ്പുഴ ജില്ലയിലെത്തി. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്തെത്തിയത്. 104 കിലോമീറ്റര്‍ ദൂരം ഏതാണ്ട് 18 മണിക്കൂറോളം കൊണ്ടാണ് പിന്നിട്ടത്. രാത്രിയെയും മഴയെയും അവഗണിച്ച് കൊല്ലത്തും ആലപ്പുഴയിലുമെല്ലാം സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കം പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയസഖാവിനെ അവസാനമായി ഒരു നോക്കു കാണാനും, അന്ത്യാഭിവാദ്യം അര്‍പ്പിക്കാനുമായി തടിച്ചു കൂടിയത്.
കണ്ണീര്‍ വാര്‍ത്തും മുദ്രാവാക്യം മുഴക്കിയും തങ്ങളുടെ പ്രതീക്ഷയുടെ കെടാത്തിരി നാളമായിരുന്ന പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കുകയാണ് അണമുറിയാതെത്തുന്ന ജനസാഗരം. വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തില്‍ നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റി. മഴയെ പോലും അവഗണിച്ചാണ് ആളുകള്‍ പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ആള്‍ത്തിരക്കു മൂലം വിലാപയാത്ര കരുതിയതിലും ഏറെ വൈകിയാണ് മുന്നോട്ടു പോകുന്നത്.
ഇന്നലെ ഉച്ചയ്ക്ക് 2.25 ഓടെയാണ് തിരുവനന്തപുരത്തെ പൊതുദര്‍ശനം അവസാനിപ്പിച്ച് ദര്‍ബാര്‍ ഹാളില്‍ നിന്നും വിലാപയാത്ര ആരംഭിച്ചത്. വഴിയിലുടനീളം ജനസാഗരം തന്നെ അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര രാത്രി ഏറെ വൈകി. വളരെ വൈകിയാണ് കൊല്ലം ജില്ലയിലെത്തിയത്. പുന്നപ്രയിലെ വിഎസിന്റെ വീട്ടില്‍ ഭൗതികദേഹം എത്തിച്ചശേഷം, അവിടെ നിന്നും രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. അവിടെ പൊതുദര്‍ശനത്തിന് വെക്കും. ഇതിനുശേഷം ആലപ്പുഴ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് വൈകീട്ട് പോരാളികളുടെ മണ്ണായ ആലപ്പുഴ വലിയചുടുകാട്ടിലാണ് വി എസിന്റെ സംസ്‌കാരം നടക്കുക.
പതിനെട്ടുമണിക്കൂര്‍ നീണ്ട വിലാപയാത്ര; വിഎസിന്റെ ഭൗതിക ശരീരം ആലപ്പുഴയിലെ വീട്ടിലെത്തിച്ചു; സംസ്‌കാരം വൈകിട്ട് വലിയചുടുകാട്ടില്‍
