ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങള്‍ മാറിപ്പോയെന്ന ആരോപണത്തില്‍ ഇന്ത്യ പ്രതികരണം അറിയിച്ചു. കുടുംബാംഗങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് യു കെ അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
തങ്ങള്‍ക്ക് ലഭിച്ച മൃതദേഹം മാറിപ്പോയെന്ന് ആരോപിച്ച് അപകടത്തില്‍ മരിച്ച രണ്ടുപേരുടെ കുടുംബമാണ് രംഗത്തെത്തിയത്. ഇതിനുപിന്നാലെയാണ് വിദേശകാര്യ വക്താവിന്റെ പ്രതികരണം വന്നത്. പ്രധാനമന്ത്രിയുടെ യു കെ സന്ദര്‍ശനത്തിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ട നിമിഷം മുതല്‍ യു കെ അധികൃതരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയാണ്. ദാരുണമായ അപകടത്തിന് പിന്നാലെ തന്നെ പതിവ് പ്രോട്ടോക്കോളുകളും സാങ്കേതികതയും അനുസരിച്ച് മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.
മൃതദേഹാവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്തത് വളരെയധികം പ്രൊഫഷണലിസത്തോടെയും മരിച്ചവരോടുള്ള വലിയ ആദരവോടെയുമാണെന്ന് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.