എഞ്ചിന് തീപിടിച്ചതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം ടേക്ക് ഓഫ് റോളിനിടെ യാത്ര നിര്‍ത്തി

എഞ്ചിന് തീപിടിച്ചതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം ടേക്ക് ഓഫ് റോളിനിടെ യാത്ര നിര്‍ത്തി


അഹമ്മദാബാദ്: എഞ്ചിന് തീപിടിച്ചതിനെ തുടര്‍ന്ന് അഹമ്മദാബാദ്- ദിയു ഇന്‍ഡിഗോ വിമാനത്തിന്റെ ടേക്ക് ഓഫ് നിര്‍ത്തിവെച്ചു. ടേക്ക് ഓഫ് റോളിനിടെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

തീപിടുത്തം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിക്കുകയായിരുന്നു. 

ടേക്ക് ഓഫ് റോള്‍ ആരംഭിച്ച ഉടന്‍ തന്നെയാണ് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് 'മെയ്‌ഡേ' കോള്‍ അയച്ചത്.  സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പൈലറ്റുമാര്‍ അധികൃതരെ അറിയിച്ചതായി ഇന്‍ഡിഗോ വക്താവ് പറഞ്ഞു. 60 യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടുന്ന വിമാനം രാവിലെ 11:15ഓടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതായിരുന്നു.

സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം അനുസരിച്ച് പൈലറ്റുമാര്‍ അധികൃതരെ അറിയിക്കുകയും വിമാനം ബേയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. 

ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഇന്‍ഡിഗോ വിമാനം റദ്ദാക്കിയതായി വിമാനത്താവള ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. 

ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായും മുന്‍ഗണന അനുസരിച്ച് അവര്‍ക്ക് ലഘുഭക്ഷണം, അടുത്ത ലഭ്യമായ വിമാനത്തില്‍ യാത്ര, താമസ സൗകര്യം അല്ലെങ്കില്‍ റദ്ദാക്കലിനുള്ള മുഴുവന്‍ റീഫണ്ടും നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതായും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. 

ഏതാനും ദിവസത്തിനകം ഇന്‍ഡിഗോ വിമാനം ഉള്‍പ്പെട്ട മൂന്നാമത്തെ സംഭവമാണിത്. ജൂലൈ 21-ന്, 140 യാത്രക്കാരുമായി ഗോവയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം മധ്യപ്രദേശിലെ ഇന്‍ഡോറിലെ ദേവി അഹല്യഭായ് ഹോള്‍ക്കര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് ഗിയര്‍ പ്രശ്‌നം കാരണം അടിയന്തരമായി ലാന്‍ഡിംഗ് നടത്തിയിരുന്നു. 

ജൂലൈ 17ന് ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം എയര്‍ബസ് എ320 നിയോ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് മുംബൈയില്‍ അടിയന്തരമായി ഇറക്കി.