ദിവ്യ ദേശ്മുഖ് ചെസ് ലോകകപ്പ് ഫൈനലില്‍; ചരിത്രമെഴുതി ഇന്ത്യന്‍ താരം

ദിവ്യ ദേശ്മുഖ് ചെസ് ലോകകപ്പ് ഫൈനലില്‍; ചരിത്രമെഴുതി ഇന്ത്യന്‍ താരം


ബുഡാപെസ്റ്റ്: FIDE വനിതാ ലോകകപ്പ് ചെസ് ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ചരിത്രമെഴുതി 19 വയസ്സുകാരിയായ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ (IM) ദിവ്യ ദേശ്മുഖ്. മുന്‍ ലോക ചാമ്പ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ സോങ്യി ടാനെ (GM Zhongyi Tan) അത്യന്തം വാശിയേറിയ സെമിഫൈനല്‍ മത്സരത്തില്‍ അപ്രതീക്ഷിതമായി വന്ന ഒരു പിഴവ് മുതലെടുത്താണ് ദിവ്യ പരാജയപ്പെടുത്തിയത്. 

ഈ വിജയത്തോടെ 2026ലെ FIDE വനിതാ കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റിലേക്ക് ദിവ്യ യോഗ്യത നേടുകയും, ഒരു ഗ്രാന്‍ഡ് മാസ്റ്റര്‍ നോം സ്വന്തമാക്കുകയും, കുറഞ്ഞത് 35,000 ഡോളര്‍ സമ്മാനത്തുക ഉറപ്പാക്കുകയും ചെയ്തു.

അതേസമയം, മറ്റൊരു സെമിഫൈനലില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ കോനേരു ഹമ്പിക്ക് ചൈനയുടെ ഗ്രാന്‍ഡ് മാസ്റ്റര്‍ ടിങ്ജി ലെയെക്കെതിരെ (GM Tingjie Lei) വിജയം നേടാനായില്ല. റൂക്ക് എന്‍ഡ്‌ഗെയിമില്‍ വിജയസാധ്യതകള്‍ കൈവിട്ട ഹമ്പിക്ക് മത്സരം സമനിലയില്‍ കലാശിച്ചു. ഫൈനലില്‍ ദിവ്യയെ ആര് നേരിടും എന്ന് തീരുമാനിക്കാന്‍ ഹമ്പിക്ക് നാളെ ടൈബ്രേക്ക് മത്സരങ്ങള്‍ കളിക്കേണ്ടി വരും. ഫൈനലില്‍ ദിവ്യ വിജയിക്കുകയാണെങ്കില്‍, ഇന്ത്യയുടെ അടുത്ത വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന പദവി അവര്‍ക്ക് ലഭിക്കും.