ഓപ്പറേഷന്‍ സിന്ദൂര്‍; രാജ്യസഭയില്‍ 29ന് ചര്‍ച്ച

ഓപ്പറേഷന്‍ സിന്ദൂര്‍; രാജ്യസഭയില്‍ 29ന് ചര്‍ച്ച


ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുളള വിശദമായ ചര്‍ച്ച ജൂലായ് 29ന് രാജ്യസഭയില്‍ നടക്കും. ചര്‍ച്ചയ്ക്കായി 16 മണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്. പാര്‍ലമെന്റിന്റെ ഇരു സഭകളിലും നടക്കുന്ന ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയും പങ്കെടുക്കും. 

ബുധനാഴ്ച ചേര്‍ന്ന ബിസിനസ് ഉപദേശക സമിതി യോഗത്തിലാണ് ചര്‍ച്ചയ്ക്ക് പ്രത്യേക സമയം അനുവദിക്കാന്‍ തീരുമാനമായത്. രാജ്യസഭയില്‍ ചര്‍ച്ച ആരംഭിക്കുന്നതിനുളള പ്രമേയം ബി ജെ പി നേതാവ് ഷാമിക് ഭട്ടാചാര്യയാണ് അവതരിപ്പിക്കുക.

പ്രധാനമന്ത്രി എന്താണ് പാര്‍ലമെന്റില്‍ പറയുകയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു. ട്രംപാണ് വെടിനിര്‍ത്തല്‍ നടപ്പാക്കിയതെന്ന് പറയുമോ. മോഡിക്ക് അത് പറയാന്‍ കഴിയില്ല. കാരണം ലോകത്തിനറിയാം, അതാണ് സത്യമെന്ന്. ട്രംപ് ഇക്കാര്യം 25 തവണ പറഞ്ഞു കഴിഞ്ഞു. പക്ഷേ, വിഷയത്തില്‍ ഇടപെടാന്‍ ട്രംപ് ആരാണ്. ഇപ്പോഴും പ്രധാനമന്ത്രിക്ക് പ്രതികരണമില്ല.

ഒരുവശത്ത് നമ്മള്‍ ജയിച്ചെന്നാണ് മോഡി പറയുന്നത്. എന്നാല്‍ മറുവശത്ത്, ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പറയുന്നു. സംഘര്‍ഷ സമയത്ത് ഒരു രാജ്യവും ഇന്ത്യയെ പിന്തുണച്ചില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.