ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ച് ആഴ്ചകളായി, അമേരിക്കയിലേക്ക് പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ ഉന്നതതല സന്ദര്‍ശനങ്ങള്‍ നടന്നിട്ടുണ്ട്. ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ വൈറ്റ് ഹൗസില്‍ ഡോണള്‍ഡ് ട്രംപുമായി നടത്തിയ ഉച്ചഭക്ഷണം മുതല്‍ വ്യാപാര ഇളവുകള്‍ നേടുന്നതിന് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് നടത്തിയ തുടര്‍ച്ചയായ ശ്രമങ്ങള്‍ വരെയുള്ള നടപടികള്‍ പരിശോധിക്കുമ്പോള്‍ പാകിസ്ഥാന്‍ വാഷിംഗ്ടണുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതായി കാണാം.
പുറമേ നിന്ന് നിരീക്ഷിക്കുമ്പോള്‍, ഈ കൂടിക്കാഴ്ചകള്‍ സാധാരണമാണെന്ന് തോന്നാം. എന്നാല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാനത്തിന് മധ്യസ്ഥത വഹിക്കുന്നുവെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള സ്വയം അഭിനന്ദന അവകാശവാദങ്ങളും കശ്മീര്‍ വീണ്ടും നയതന്ത്ര ചര്‍ച്ചകളിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ചുള്ള മന്ത്രിക്കലുകളും ഉള്ളതിനാല്‍, ഈ സന്ദര്‍ശനങ്ങളെ ഇന്ത്യ ജാഗ്രതയോടെ തന്നെ വിലയിരുത്തേണ്ടതാണ്.
അതേസമയം, ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഒരു പാകിസ്ഥാന്‍ പ്രതിനിധി സംഘം യുഎസ് സന്ദര്‍ശിക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. സാമ്പത്തികമായും നയതന്ത്രപരമായും സൈനികമായും വാഷിംഗ്ടണിന്റെ 'ഗുഡ് ബുക്കില്‍' വീണ്ടും സ്ഥാനം പിടിക്കാനുള്ള ഇസ്ലാമാബാദിന്റെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ കൂടിക്കാഴ്ചയെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉഭയകക്ഷി ചര്‍ച്ചകളുടെ അജണ്ടയെക്കുറിച്ച് ബ്രൂസ് വിശദീകരിച്ചിട്ടില്ലെങ്കിലും, ബന്ധങ്ങള്‍ തന്ത്രപരമായി കൂടുതല്‍ ഊഷ്ണളമാക്കുന്നതിനുള്ള സൂചനകളാണ് അവരുടെ പരാമര്‍ശങ്ങള്‍ നല്‍കുന്നത്.
അസിം മുനീറുമായി ഒറ്റയ്ക്ക് ഒരു ഉച്ചഭക്ഷണത്തിന് ട്രംപ് വൈറ്റ് ഹൗസില്‍ ആതിഥേയത്വം വഹിച്ചത് വരാനിരിക്കുന്ന ചര്‍ച്ചകള്‍ അപൂര്‍വവും പ്രതീകാത്മകവുമായിരിക്കും എന്ന സൂചനയാണ് നല്‍കുന്നത്. ഒരു പതിവ് സന്ദര്‍ശനമെന്നതിലുപരി ഇരുവശത്തുനിന്നും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണെന്നത് വ്യക്തമാണ്. പ്രത്യേകിച്ച് പാക്കിസ്ഥാന് സൈനികാധിപത്യമുള്ള വിദേശനയ സമീപനങ്ങളുള്ള സാഹചര്യത്തില്‍.
ട്രംപിന്റെ മധ്യസ്ഥതാ വീമ്പിളക്കല്‍
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന്, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചുവെന്ന തന്റെ മുന്‍കാല അവകാശവാദങ്ങള്‍ ട്രംപ് വീണ്ടും ആവര്‍ത്തിക്കുകയാണ്. വാഷിംഗ്ടണില്‍ നടന്ന 'മുഴുനീള രാത്രി' ചര്‍ച്ചകള്‍ രണ്ട് ആണവ ശക്തികളും പൂര്‍ണ്ണ വെടിനിര്‍ത്തലിന് സമ്മതിക്കുന്നതിലേക്ക് നയിച്ചുവെന്ന് ട്രംപ് ആവര്‍ത്തിച്ച് വാദിച്ചു. ഇരുവിഭാഗത്തെയും ചര്‍ച്ചയ്ക്ക് നിര്‍ബന്ധിതരാക്കുന്ന തരത്തിലേക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ അമേരിക്കയുമായുള്ള വ്യാപാര ബന്ധങ്ങളും താരിഫും ഉപകരണമാക്കിയെന്നും ട്രംപ് അഭിപ്രായപ്പെടുകയുണ്ടായി.
എന്നാല്‍ ഈ അവകാശവാദങ്ങള്‍, ഇന്ത്യ നിഷേധിച്ചു. മൂന്നാം കക്ഷി പങ്കാളിത്തമില്ലാതെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകളിലൂടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ നേടിയതെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തു. കാനഡയില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യം ട്രംപിനോട് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. മധ്യസ്ഥത 'ഒരിക്കലും ചര്‍ച്ചാ വിഷയമായിരുന്നില്ല' എന്ന് പ്രധാനമന്ത്രി വ്യക്തമായി പറഞ്ഞു. കശ്മീര്‍ വിഷയത്തിലും ഇന്ത്യയ്ക്ക് കൃത്യമായ നിലപാടുണ്ട്. അതൊരു ഉഭയകക്ഷി പ്രശ്‌നമാണെന്നും പുറത്തുനിന്നുള്ള ഇടപെടലിന് ഇടമില്ല എന്നും എക്കാലത്തും ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്.
പാകിസ്ഥാന്റെ യഥാര്‍ത്ഥ ലക്ഷ്യം വ്യാപാരവും ഡോളറും
യുഎസിനോടുള്ള പാകിസ്ഥാന്റെ വര്‍ദ്ധിച്ചുവരുന്ന ഊഷ്മളതയ്ക്കും വ്യക്തമായ സാമ്പത്തിക മാനമുണ്ട്. നിര്‍ദ്ദിഷ്ട വ്യാപാര ചട്ടക്കൂടിന് കീഴില്‍ വാഷിംഗ്ടണിന്റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാക് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് തങ്ങളുടെ അമേരിക്കന്‍ പങ്കാളികളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. യുഎസ് നിക്ഷേപം, വിപണി പ്രവേശനം, ദുര്‍ബലമായ സമ്പദ്‌വ്യവസ്ഥയും കട ബാധ്യതകളും കാരണം ആശങ്കാകുലരായ നിക്ഷേപകരെ തൃപ്തിപ്പെടുത്തുന്ന ഒരു ദീര്‍ഘകാല കരാര്‍ എന്നിവയ്ക്കായാണ് പാകിസ്ഥാന്റെ ശ്രമം.
സാമ്പത്തിക നീക്കങ്ങളിലൂടെയും പ്രതിരോധ വിന്യാസത്തിലൂടെയും വാഷിംഗ്ടണിനെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് ഇസ്ലാമാബാദിലെ സൈനിക നേതൃത്വത്തിലുള്ള സിവിലിയന്‍ സര്‍ക്കാര്‍ വിശ്വസിക്കുന്നത്. പക്ഷേ പലപ്പോഴും തന്ത്രപരമായ കാര്യങ്ങളില്‍ പാക് സര്‍ക്കാര്‍ അമേരിക്കന്‍ താല്പര്യം സംരക്ഷിക്കുകയോ അവരുടെ ഉപദേശങ്ങള്‍ക്ക് കീഴടങ്ങുകയോ ചെയ്യുന്നു. അമേരിക്കയുടെ പ്രീതി നേടുന്നതിനായി ഇന്ത്യയുമായി 'സമാധാന നിലപാട്' ഉയര്‍ത്തുകയോ, പ്രത്യേകിച്ച് ട്രംപ് പോലുള്ള ജനകീയവാദികള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കില്‍, കശ്മീര്‍ പ്രശ്‌നം നിശബ്ദമായി വീണ്ടും ഉയര്‍ത്തുകയോ ചെയ്യുന്നത് ഇതില്‍ ഉള്‍പ്പെടാം.
ഇന്ത്യയുടെ തന്ത്രപരമായ ആശങ്കകള്‍
പാകിസ്ഥാന്റെ സമീപകാല നയതന്ത്ര ആക്രമണം നിരുപദ്രവകരമായി തോന്നാമെങ്കിലും ചരിത്രം പറയുന്നത് മറ്റൊന്നാണ്. പാകിസ്ഥാന്‍ യുഎസുമായി കൂടുതല്‍ അടുക്കുമ്പോഴെല്ലാം, പ്രത്യേകിച്ച് സൈനിക നേതൃത്വത്തിലുള്ള ശ്രമങ്ങളില്‍, നേരിട്ടോ ദൂതന്മാര്‍ വഴിയോ കശ്മീരിനെ അന്താരാഷ്ട്രവല്‍ക്കരിക്കാന്‍ അവര്‍ പലപ്പോഴും ശ്രമിക്കുന്നു.
ഇതിനെ വ്യത്യസ്തമാക്കുന്നത് ട്രംപ് ഘടകമാണ്. വിദേശനയത്തോടുള്ള അദ്ദേഹത്തിന്റെ പ്രവചനാതീതമായ സമീപനവും, പഴയ നിലപാടുകളെയും അവകാശവാദങ്ങളെയും വീണ്ടും ഉപയോഗിക്കാനുള്ള പാകിസ്ഥാന്റെ താല്‍പ്പര്യവും കൂടിച്ചേര്‍ന്ന്, കശ്മീര്‍ വിഷയം വീണ്ടും ആളിക്കത്തിക്കാനുള്ള ശ്രമം ഉണ്ടാകാം.
കശ്മീരിനെക്കുറിച്ചുള്ള വസ്തുതകള്‍ വളച്ചൊടിക്കാനോ മൂന്നാം കക്ഷി മധ്യസ്ഥത എന്ന ആശയം വീണ്ടും നയതന്ത്ര ചര്‍ച്ചയിലേക്ക് തള്ളിവിടാനോ ഉള്ള ഏതൊരു ശ്രമത്തെയും ഇന്ത്യ ചെറുക്കണമെന്ന് ഉറപ്പാക്കണം.
മുനീറുമായുള്ള ട്രംപിന്റെ ഉച്ചഭക്ഷണ കൂടിക്കാഴ്ച, ഇന്ത്യ തങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങള്‍ക്കുണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച് വാഷിംഗ്ടണിന് മുന്നറിയിപ്പ് നല്‍കിയതായി ഉദ്യോഗസ്ഥരെയും വിശകലന വിദഗ്ധരെയും ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
നിലവിലെ പ്രശ്‌നങ്ങള്‍ വ്യത്യസ്തമാണെന്ന് ഏഷ്യ പസഫിക് ഫൗണ്ടേഷന്‍ തിങ്ക് ടാങ്കിലെ വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള സീനിയര്‍ ഫെലോ മൈക്കല്‍ കുഗല്‍മാന്‍ പറഞ്ഞു.
'പാകിസ്ഥാനുമായി അമേരിക്ക നടത്തുന്ന ഇടപെടലുകളുടെ ആവൃത്തിയും തീവ്രതയും, പ്രത്യേകിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഘര്‍ഷത്തിനുശേഷം ഇന്ത്യയുടെ ആശങ്കകള്‍ കണക്കിലെടുക്കാത്തതായാണ് തോന്നുന്നത്, ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി അസ്വാസ്ഥ്യത്തിന് കാരണമായെന്നും മൈക്കല്‍ കുഗല്‍മാന്‍ പറഞ്ഞു.
'ഇത്തവണ ആശങ്ക, വിശാലമായ പിരിമുറുക്കത്തിനുള്ള ഒരു കാരണം, ട്രംപിന്റെ പ്രവചനാതീതത, താരിഫുകളോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിലൂടെ വ്യാപാര മേഖലയിലേക്കും വ്യാപിക്കുന്നു എന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസിം മുനീറിന്റെ വാഷിംഗ്ടണ്‍ പദ്ധതി ചുരുളഴിയുന്നു, പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ സ്ഥിരീകരിച്ച് യുഎസ്
