റോബോട്ടുകൾ ഭക്ഷണം വിളമ്പുന്ന ഫ്യൂച്ചറിസ്റ്റിക് റെസ്റ്റോറന്റിന്റെ അരങ്ങേറ്റം കുറിച്ച് ഇലോൺ മസ്‌ക്

റോബോട്ടുകൾ ഭക്ഷണം വിളമ്പുന്ന ഫ്യൂച്ചറിസ്റ്റിക് റെസ്റ്റോറന്റിന്റെ അരങ്ങേറ്റം കുറിച്ച് ഇലോൺ മസ്‌ക്


വാഷിംഗ്ടൺ: ഉപഭോക്താക്കൾ ആവേശത്തോടെ കാത്തിരുന്ന  ടെസ്‌ല 'ഡൈനർ' തിങ്കളാഴ്ച കാലിഫോർണിയയിലെ ഹോളിവുഡിന്റെ ഹൃദയഭാഗത്ത് തുറന്നു. ഇലോൺ മസ്‌ക് വിഭാവന ചെയ്ത ഫ്യൂച്ചറിസ്റ്റിക് റെസ്റ്റോറന്റിന്റെ അരങ്ങേറ്റം ജനക്കൂട്ടത്തെയും ടെസ്‌ല ആരാധകരെയും ഒരുപോലെ ആകർഷിച്ചു.

ഫാസ്റ്റ് ഫുഡും ഇലക്ട്രിക് വാഹനങ്ങൾക്കുവേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങളും സ്വന്തം ബ്രാൻഡും സംയോജിപ്പിച്ച് ഭക്ഷണം കഴിക്കാനുള്ള ഇടം, ഇലക്ട്രിക് വാഹന ചാർജിങ്, വിനോദം എന്നിവ ലയിപ്പിക്കുന്ന ഒരു ഹൈബ്രിഡ് അനുഭവമായാണ് 'ടെസ്‌ല ഡൈനർ' രൂപകൽപന ചെയ്തിരിക്കുന്നത്. സാൻഡാ മോണിക്ക ബൊളിവാർഡിന്റെയും നോർത്ത് ഓറഞ്ച് ഡ്രൈവിന്റെയും കോർണറിൽ സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടത്തിലാണിത് സംവിധാനിച്ചിരിക്കുന്നത്. 3,800 ചതുരശ്ര അടി വിസ്തീർണമുള്ള ഇൻഡോർ ഏരിയയും 5,500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഔട്ട്‌ഡോർ ഇരിപ്പിടങ്ങളും ഉൾപ്പെടുന്നതാണ് ഈ സൈറ്റ്.

ടെസ്‌ലയുടെ ഒപ്റ്റിമസ് റോബോട്ടുകൾ അതിഥികളെ സ്വാഗതം ചെയ്യുകയും സന്ദർശകർക്ക് പോപ്‌കോൺ വിളമ്പുകയും ചെയ്തു. അടുത്ത വർഷത്തോടെ ഒപ്റ്റിമസ് റോബോട്ടുകൾ പാർക്ക് ചെയ്തിരിക്കുന്ന ടെസ്‌ലകളിലേക്ക് നേരിട്ട് ഭക്ഷണം എത്തിക്കുമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സി'ൽ ഇലോൺ മസ്‌ക് പ്രഖ്യാപിച്ചതോടെ വരാനിരിക്കുന്നതിന്റെ വിസ്മയകരമായ അനുഭവത്തിന്റെ ഒരു നേർക്കാഴ്ചയായി ഡൈനർ മാറി.

ടെസ്‌ലയിൽ എത്തുന്ന സന്ദർശകർക്ക് അവരുടെ കാർ സ്‌ക്രീനുകളിൽ നിന്ന് നേരിട്ട് ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയും. 45 അടി മൂവി സ്‌ക്രീനുകളിൽ നിന്നുള്ള ഓഡിയോ ടെസ്‌ലയുടെ കാറിനുള്ളിലെ ശബ്ദ സംവിധാനങ്ങളുമായി സമന്വയിപ്പിക്കും.
അമേരിക്കൻ ഭക്ഷണമാണ് ഇവിടുത്തെ മെനുവിൽ കാണപ്പെടുന്നതെങ്കിലും സമൂഹ മാധ്യമത്തിൽ വൻ സ്വീകാര്യത നേടിയത് അതിന്റെ അവതരണ രീതിയാണ്. ടെസ്‌ല ആരാധകരെ രസിപ്പിക്കുന്നതിനായി മിനിയേച്ചർ സൈബർട്രക്ക് കണ്ടെയ്‌നറുകളിലാണ് ബർഗറുകൾ വിളമ്പുന്നത്.

പുതിയ ടെസ്‌ല ഡൈനറിന്റെ മെനുവിൽ സ്റ്റാൻഡേർഡ് അമേരിക്കൻ ഡൈനറിലെ വിലയും ഉൾപ്പെടുത്തിയിട്ടുണ്ട്. ബർഗർ, ഫ്രൈഡ് ചിക്കൻ, മിൽക്ക് ഷേക്കുകൾ തുടങ്ങിയവ ഇവിടെ ലഭിക്കും. ഇതിന്റെ ചേരുവകൾ ജൈവവും സുസ്ഥിരമായ പ്രാദേശിക ഉൽപന്നങ്ങളാണെന്നും കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു.
റോളർ സ്‌കേറ്റിംഗ് സെർവറുകളുംറോക്ക് ആൻഡ്‌റോൾ തീമും ഉള്ള ഒരു ക്ലാസിക് ഡ്രൈവ് ഇൻ അനുഭവം വിഭാവനം ചെയ്തുകൊണ്ട് 2018ലാണ് ഇലോൺ മസ്‌ക് ഒരു 'ടെസ്‌ല ഡൈനർ' എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. അന്തിമ നിർവ്വഹണത്തിൽ ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 'ഡൈനർ' ഭാവിയിലേക്കുള്ള ഒരു വഴിത്തിരിവ് എന്ന നിലയിൽ ആളുകളുടെ ശ്രദ്ധ കവരുന്നതായാണ് റിപ്പോർട്ട്.

റോബോട്ടുകൾ ഭക്ഷണം വിളമ്പുന്ന ഫ്യൂച്ചറിസ്റ്റിക് റെസ്റ്റോറന്റിന്റെ അരങ്ങേറ്റം കുറിച്ച് ഇലോൺ മസ്‌ക്