സമയ പരിധി അവസാനിക്കുന്നതിന് മുമ്പ് യു എസുമായി കരാര്‍ പൂര്‍ത്തിയാകാത്തതില്‍ ഇന്ത്യയ്ക്ക് നിരാശ

സമയ പരിധി അവസാനിക്കുന്നതിന് മുമ്പ് യു എസുമായി കരാര്‍ പൂര്‍ത്തിയാകാത്തതില്‍ ഇന്ത്യയ്ക്ക് നിരാശ


ന്യൂഡല്‍ഹി: ഇന്ത്യ- യു എസ് വ്യാപാര കരാര്‍ ഒപ്പിടാനുള്ള അവസാന തിയ്യതി ഓഗസ്റ്റ് 1ന് അവസാനിക്കുമ്പോള്‍ താരിഫ് 26 ശതമനമായി വര്‍ധിക്കും. ആസന്നമായ സമയപരിധിയില്‍ പ്രശ്‌നപരിഹാരമില്ലാത്തത് ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നതായി വിശകലന വിദഗ്ധര്‍ സി എന്‍ ബി സിയോട് പറഞ്ഞു.

യു എസും ജപ്പാനും തമ്മിലുള്ള വ്യാപാര കരാര്‍ പ്രഖ്യാപിച്ചപ്പോഴും ഇന്ത്യയുമായുള്ള കരാറില്‍ തീരുമാനമായിട്ടില്ല. അമേരിക്കന്‍ ഓട്ടോകള്‍ക്കും കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും കൂടുതല്‍ വിപണി പ്രവേശനം സംബന്ധിച്ച തര്‍ക്കങ്ങളുമുണ്ട്. 

ജപ്പാനെപ്പോലെ ഒരു വലിയ വോട്ടിംഗ് ബ്ലോക്ക് രൂപീകരിക്കുന്ന പ്രാദേശിക കര്‍ഷകരെ സംരക്ഷിക്കുന്നതിന് അമേരിക്കന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി പ്രവേശനം ഇന്ത്യ എതിര്‍ക്കുന്നുണ്ട്. വ്യാഴാഴ്ച അന്തിമരൂപം നല്‍കിയ യു കെയുമായുള്ള വ്യാപാര കരാറില്‍ ഏറ്റവും സെന്‍സിറ്റീവ് കാര്‍ഷിക മേഖലകളെ താരിഫ് ഇളവുകളില്‍ നിന്ന് സംരക്ഷിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സി എന്‍ ബി സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ മേഖല ഇന്ത്യയുടെ സെന്‍സിറ്റീവാണെന്ന് ്‌വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. 

ഇന്ത്യന്‍ കര്‍ഷകരുടെ താത്പര്യങ്ങളോടും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ  താത്പര്യങ്ങളോടും തങ്ങള്‍ എപ്പോഴും വളരെ സംവേദനക്ഷമതയുള്ളവരാണെന്നും തങ്ങളുടെ ആശങ്കാ മേഖലകള്‍ നന്നായി സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ഗോയല്‍ പറഞ്ഞു.

ഇന്ത്യയും യു കെയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിലൂടെ ന്യൂഡല്‍ഹി സ്വന്തം നിബന്ധനകളില്‍ വ്യാപാരം നടത്താന്‍ തയ്യാറാണെന്ന് എല്ലാ പാശ്ചാത്യ ശക്തികള്‍ക്കും വിവരം നല്‍കിയതായി ബ്രിക്‌സ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ വൈസ് ചെയര്‍മാന്‍ സമീപ് ശാസ്ത്രി സി എന്‍ ബി സിയോട് പറഞ്ഞു. എങ്കിലും സമയപരിധി അടുക്കുമ്പോള്‍ എത്രയും വേഗം കരാര്‍ അന്തിമമാക്കാന്‍ വാഷിംഗ്ടണിനും കാരണങ്ങളുണ്ടെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

തന്ത്രപരമായി ഇന്ത്യയെ അകറ്റുന്നതില്‍ യു എസിന് വലിയ താത്പര്യമില്ല. ഇന്തോ- പസഫിക് ഭൂപ്രകൃതിയെ രൂപപ്പെടുത്താന്‍ കഴിയുന്ന ശക്തമായ പങ്കാളിയായി അവര്‍ ഇന്ത്യയെ കാണുന്നുണ്ടെന്ന് ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ പഠനങ്ങളുടെയും വിദേശനയത്തിന്റെയും വൈസ് പ്രസിഡന്റ് ഹര്‍ഷ് വി പന്ത് സി എന്‍ ബി സിയോട് പറഞ്ഞു. ചൈനയില്‍ നിന്ന് ഉത്പാദനം തിരികെ കൊണ്ടുവരിക എന്നത് ട്രംപിന്റെ സാമ്പത്തിക നയത്തിന്റെ കേന്ദ്ര തത്വമാണ്.

ട്രംപ് ഭരണകൂടം പ്രധാനമായും ആഗോളതലത്തില്‍ ചൈനയുടെ വരവിനെ ചെറുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ആഗോള ഉത്പാദനത്തില്‍ ചൈനയ്ക്ക് പകരമായി ഇന്ത്യ ഒരു സാധ്യതയുള്ള ബദലാണെന്ന് വിശകലന വിദഗ്ധര്‍ സി എന്‍ ബി സിയോട് പറഞ്ഞു. വന്‍ശക്തി വൈരാഗ്യം കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യയുടെ പങ്ക് 'വളരെ, വളരെ, നിര്‍ണായകമാണ്,' പന്ത് പറഞ്ഞു.

ആഗോള വിതരണ ശൃംഖലകളിലേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തിനെതിരെ അമേരിക്ക സ്വയം നിലകൊള്ളുന്നതിനാല്‍ ഇന്ത്യയിലേക്ക് ഉത്പാദനം മാറ്റുന്നത് സ്വാഭാവിക 'വിട്ടുവീഴ്ച' ആയി മാറുന്നുവെന്ന് മിസുഹോ ബാങ്കിലെ സാമ്പത്തിക തന്ത്ര മേധാവി വിഷ്ണു വരത്തന്‍ പറഞ്ഞു.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെടുന്ന 10 വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളുടെ കൂട്ടമായ ബ്രിക്‌സില്‍ ഇന്ത്യയുടെ പങ്ക് ന്യൂഡല്‍ഹിക്ക് 'യു എസ്- ഇന്ത്യ കരാറുകളില്‍ ഒരു പരിധിവരെ വഴക്കം' നല്‍കുമെന്ന് ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ പന്ത് പറഞ്ഞു.

ജൂലൈ 6ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീല്‍ സന്ദര്‍ശിച്ചപ്പോള്‍ 'ബ്രിക്സിന്റെ അമേരിക്കന്‍ വിരുദ്ധ നയങ്ങളുമായി' യോജിക്കുന്ന രാജ്യങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. 

യു എസും ബ്രിക്സും തമ്മില്‍ വടംവലിയുണ്ടെങ്കിലും ഇന്ത്യ ട്രംപിന്റെ കോപത്തില്‍ നിന്ന് രക്ഷപ്പെടുന്നുണ്ട്. ഇന്ത്യയുമായുള്ള വ്യാപാര കരാറിനുള്ള ചട്ടക്കൂട് അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് ട്രംപ് പലതവണ സൂചന നല്‍കിയിട്ടുണ്ട്.

ബ്രിക്സിനുള്ളില്‍ ചൈനയില്‍ നിന്ന് ഇന്ത്യ വര്‍ധിച്ചുവരുന്ന സമ്മര്‍ദ്ദം നേരിടുന്നുണ്ട്. നേതൃപരമായ പങ്കിനായി ന്യൂ ഡല്‍ഹി മത്സരിക്കുന്നുണ്ടെന്ന് ചൈന നിരീക്ഷിക്കുന്നുണ്ട്. 

യു എസുമായി ചര്‍ച്ചകള്‍ തുടരുമ്പോഴും ഇന്ത്യ കൂടുതല്‍ വ്യാപാര കരാറുകള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് ക്വിന്‍സി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗ്ലോബല്‍ സൗത്ത് പ്രോഗ്രാമിന്റെ ഡയറക്ടര്‍ സാരംഗ് ഷിഡോര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വര്‍ധിച്ചു വരുന്ന ബഹുമുഖ തന്ത്രത്തിലേക്കുള്ള തിരിയലിന്റെ ഭാഗമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

യു കെയ്ക്ക് പുറമേ മാലിദ്വീപ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായും മറ്റും വ്യാപാര കരാറുകളെ കുറിച്ച് ഇന്ത്യ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അതേസമയം തന്നെയാണ് ഏറ്റവും വലിയ ആഗോള പങ്കാളിയായി വാഷിംഗ്ടണുമായുള്ള ശക്തമായ ബന്ധം നിലനിര്‍ത്തുന്നത്.