ചെന്നൈ: ഹൈഡ്രജന്‍ ട്രെയിനിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ റെയില്‍വെ. ഹൈഡ്രജന്‍ ട്രെയിന്‍ നിര്‍മിച്ച് ആഗോളതലത്തില്‍ തന്നെ ഇന്ത്യന്‍ റെയില്‍വെ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്.
ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍(ഐസിഎഫ്) രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ പവര്‍ കോച്ച് വിജയകരമായി പരീക്ഷിച്ച് ഇന്ത്യന്‍ റെയില്‍വെ ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടതായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് വെള്ളിയാഴ്ച അറിയിച്ചു. ഹൈഡ്രജന്‍ ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് കേന്ദ്ര റെയില്‍വെ മന്ത്രി ഇക്കാര്യം അറിയിച്ചത്. '' 1200 എച്ച്പി ശേഷിയുള്ള ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഹൈഡ്രജന്‍ പവര്‍ ട്രെയിന്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യയെ മുന്‍നിരയിലെത്തിക്കും,'' സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
ഹൈഡ്രജന്‍ ട്രെയിന്‍ പരീക്ഷണ ഓട്ടത്തിലൂടെ ഇന്ത്യന്‍ റെയില്‍വെ ചില ആഗോള റെക്കോഡുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. 1600 എച്ച്പി എഞ്ചിനുള്ള ലോകത്തിലെ ഏറ്റവും ശക്തമായ ഹൈഡ്രജന്‍ ട്രെയിന്‍ ഇപ്പോള്‍ സ്വന്തമാക്കിയതായി ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു. 26000ല്‍ പരം യാത്രക്കാരെ വഹിക്കാന്‍ ശേഷി ഈ ട്രെയിനിനുണ്ടെന്ന് അവര്‍ പറഞ്ഞു. രണ്ട് എഞ്ചിനുകള്‍ ഉള്‍പ്പെടെ 10 യൂണിറ്റുകളുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ റേക്ക് കൂടിയാണിത്.
ഹൈഡ്രജന്‍ ട്രെയിന്‍ റൂട്ട്
ഹരിയാനയിലായിരിക്കും ഹൈഡ്രജന്‍ ട്രെയിന്‍ ആദ്യം അവതരിപ്പിക്കുകയെന്ന് ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു. ജിന്ദിനും സോനിപത്തിനും ഇടയിലായിരിക്കും ഇതിന്റെ റൂട്ട്. രണ്ട് െ്രെഡവിംഗ് പവര്‍ എഞ്ചിനുകളും എട്ട് കോച്ചുകളും അടങ്ങിയ റേക്ക് കോംപോസിഷനുള്ള ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജന്‍ ട്രെയിനായിരിക്കുമിത്.
ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ റെയില്‍വെ; ഹൈഡ്രജന്‍ ട്രെയിനിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി
