വനിതാ സുഹൃത്തുമായുള്ള ബന്ധത്തെചൊല്ലിയുള്ള തര്‍ക്കം; ഉറ്റസുഹൃത്തിന്റെ കഴുത്ത് അറുത്ത് 20കാരന്‍

വനിതാ സുഹൃത്തുമായുള്ള ബന്ധത്തെചൊല്ലിയുള്ള തര്‍ക്കം; ഉറ്റസുഹൃത്തിന്റെ കഴുത്ത് അറുത്ത് 20കാരന്‍


ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറില്‍ വനിതാ സുഹൃത്തുമായുള്ള ബന്ധത്തെചൊല്ലിയുള്ള അസൂയയില്‍ 21 കാരന്റെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് മുറിച്ച ബി.കോം വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായ 20 വയസ്സുള്ള അക്ഷത് ശര്‍മ്മയാണ് പിടിയിലായത്. പ്രതി ഐസ്‌ക്രീം വിറ്റാണ് ജീവിക്കുന്നത്. 

ജൂലൈ 17ന് പെണ്‍കുട്ടിക്കൊപ്പം നിന്നിരുന്ന ഹര്‍ഷ് ഭാട്ടിയെ അക്ഷത് ആക്രമിക്കുകയായിരുന്നു. 'ഹര്‍ഷിന്റെ തൊണ്ടയില്‍ ഗുരുതരമായ മുറിവേറ്റെങ്കിലും അവന്‍ രക്ഷപ്പെട്ടു,' ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഈസ്റ്റ്) അഭിഷേക് ധനിയ പറഞ്ഞു. ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാണ്ഡവ് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

പോലീസ് അന്വേഷണത്തില്‍, അക്ഷതിന് പെണ്‍കുട്ടിയോട് വൈകാരിക അടുപ്പമുണ്ടായിരുന്നുവെന്നും, ഹര്‍ഷിനോട് അവളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായും വ്യക്തമായി. എന്നാല്‍, ഹര്‍ഷ് ഇത് അവഗണിച്ചതോടെ അക്ഷത് അസ്വസ്ഥനായി, ഇത് ആക്രമണത്തിന് കാരണമായി. 'പെണ്‍കുട്ടിയെ കാണുന്നതിനോടുള്ള എതിര്‍പ്പ് ഹര്‍ഷ് അവഗണിച്ചപ്പോള്‍, അസൂയയും ദേഷ്യവും മൂലം അക്ഷത് കഴുത്തറുക്കുകയായിരുന്നു,' ഡിസിപി വ്യക്തമാക്കി.

പ്രതിയെ പിടികൂടാന്‍ ആന്റി ഓട്ടോ തെഫ്റ്റ് സ്‌ക്വാഡിന്റെയും പാണ്ഡവ് നഗര്‍ പോലീസിന്റെയും രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു. അക്ഷതിന്റെ വീട്ടിലെത്തിയപ്പോള്‍ അവന്‍ ഓടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍, വീട്ടിലേക്ക് മടങ്ങിവരുമെന്ന സൂചനയെ തുടര്‍ന്ന് പോലീസ് കെണിയൊരുക്കി, വീടിനു സമീപം വെച്ച് അവനെ പിടികൂടി.

ചോദ്യം ചെയ്യലില്‍ അക്ഷത് കുറ്റം സമ്മതിച്ചു. അസൂയയും വൈകാരിക ക്ലേശവുമാണ് ആക്രമണത്തിന് പിന്നിലെന്ന് അവന്‍ വെളിപ്പെടുത്തി. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.