കേരള അസോസിയേഷന്‍ ഓഫ് നാഷ്‌വില്‍ സമുദ്രയാത്ര സംഘടിപ്പിച്ചു

കേരള അസോസിയേഷന്‍ ഓഫ് നാഷ്‌വില്‍ സമുദ്രയാത്ര സംഘടിപ്പിച്ചു


നാഷ്‌വില്‍: ടെന്നീസിയിലെ മലയാളി സമൂഹത്തിന്റെ കുടുംബ സൗഹൃദത്തിനും ഐക്യത്തിനും ഊന്നല്‍ നല്‍കി കൊണ്ട്, കേരള അസോസിയേഷന്‍ ഓഫ് നാഷ്‌വില്‍ (KAN) വിജയകരമായി സംഘടിപ്പിച്ച KAN Cruise 2025 ജൂലൈ 18 മുതല്‍ 21 വരെ നാല് ദിവസങ്ങളിലായി റോയല്‍ കരീബിയന്‍ – ഫ്രീഡം ഓഫ് ദ സീസ് ക്രൂസില്‍ നടന്നു. ജൂലൈ 18 ന് വൈകുന്നേരം ഫ്‌ലോറിഡയിലെ മയാമിയില്‍ നിന്നും ആരംഭിച്ച യാത്ര രണ്ടാം ദിനം Perfect Day at Coca Cay ദ്വീപും മൂന്നാം ദിനം  Nassau ബഹാമസും  സന്ദര്‍ശിച്ച ശേഷം നാലാം നാള്‍ മയാമിയില്‍ തിരിച്ചെത്തി. പങ്കെടുത്ത എല്ലാപേര്‍ക്കും സന്തോഷം നല്‍കിയതും, വളരെ കാലത്തോളം ഓര്‍മകളില്‍ സൂക്ഷിച്ചു വെക്കാവുന്നതുമായ  ഒരു അനുഭവമായി ഇത് മാറി. 

എഴുപതോളം അംഗങ്ങള്‍ പങ്കെടുത്ത ഈ സമുദ്രയാത്ര വിനോദ സഞ്ചാരത്തിന് ഉപരിയായി  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം അവരുടെ സാംസ്‌കാരിക ഐക്യത്തിന്റെ ഒരു പ്രത്യേകത കൂടി  വിളിച്ചറിയിക്കുന്നതായിരുന്നു. നമ്മുടെ ദൈനംദിന ജീവിതത്തില്‍ പലര്‍ക്കും മറ്റൊരാളെ അടുത്തറിയാന്‍ സമയമുണ്ടാകാറില്ല. എന്നാല്‍ ഇത്തരം യാത്രകള്‍ വഴി കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഉറപ്പിക്കപ്പെടാനും, കുട്ടികള്‍ക്കിടയില്‍ സൗഹൃദങ്ങള്‍ വര്‍ധിപ്പിക്കാനും ഉപകരിക്കും. 

പ്രവാസജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍, കുടുംബങ്ങള്‍ക്കൊപ്പം സമുദ്രതീരങ്ങള്‍ അനുഭവിക്കുകയും, മനസ്സുതുറന്ന സംഭാഷണങ്ങള്‍ നടത്തുകയും ചെയ്ത ഈ യാത്ര, സാമൂഹ്യബന്ധംവിപുലമാക്കുന്നതിന് വലിയ വേദിയായി കൂടി മാറി. വിവിധ തലമുറകളെ ഒരേ വേദിയില്‍ കൂട്ടിച്ചേര്‍ക്കുന്ന ഇത്തരം യാത്രകള്‍ കമ്യൂണിറ്റി ബന്ധങ്ങള്‍ വളര്‍ത്താനും വഴിയൊരുക്കും. KAN Cruise 2025 പങ്കെടുത്തവരുടെ മനസ്സില്‍ എന്നും തങ്ങിനില്‍ക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഒരു യാത്രയായിയിരുന്നു. അക്ഷരാര്‍ത്ഥത്തില്‍  സമുദ്രയാത്രയുടെ ഒരു മലയാളി ഉത്സവം തന്നെയായി ഇത് മാറി.