തായ്‌ലന്‍ഡ്-കംബോഡിയ വെടിനിര്‍ത്തലിന് ഇരുപക്ഷവും സമ്മതിച്ചെന്ന് ട്രംപ്; യുദ്ധം അവസാനിക്കുന്നതുവരെ വ്യാപാര ചര്‍ച്ച നടത്തില്ലെന്ന് മുന്നറിയിപ്പ്

തായ്‌ലന്‍ഡ്-കംബോഡിയ വെടിനിര്‍ത്തലിന് ഇരുപക്ഷവും സമ്മതിച്ചെന്ന് ട്രംപ്; യുദ്ധം അവസാനിക്കുന്നതുവരെ വ്യാപാര ചര്‍ച്ച നടത്തില്ലെന്ന് മുന്നറിയിപ്പ്


വാഷിംഗ്ടണ്‍: തായ്‌ലന്‍ഡും കംബോഡിയയും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇടപെട്ടു. ഇരു രാജ്യങ്ങളുടെയും നേതൃത്വവുമായി സംസാരിച്ച ട്രംപ് അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു.

യുഎസ് പ്രസിഡന്റ് തായ്‌ലന്‍ഡ് ആക്ടിംഗ് പ്രധാനമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചു, തുടര്‍ന്ന് കംബോഡിയന്‍ പ്രധാനമന്ത്രിയും ബന്ധപ്പെട്ടു. ഇരു രാജ്യങ്ങളും അടിയന്തര വെടിനിര്‍ത്തലിന് സമ്മതിച്ചതായി ട്രംപ് പിന്നീട് പറഞ്ഞു.

ഇരു കക്ഷികളും ഉടന്‍ കൂടിക്കാഴ്ച നടത്താനും ഒരു വെടിനിര്‍ത്തല്‍ കരാറില്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാനും സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് പറഞ്ഞു, 'ഇരു രാജ്യങ്ങളുമായും ഇടപെടാന്‍ കഴിഞ്ഞത് ഒരു ബഹുമതിയാണ്' എന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.

'കംബോഡിയ പ്രധാനമന്ത്രിയുമായി എനിക്ക് വളരെ നല്ല സംഭാഷണം നടത്താന്‍ കഴിഞ്ഞു, തായ്‌ലന്‍ഡുമായും അതിന്റെ ആക്ടിംഗ് പ്രധാനമന്ത്രിയുമായും ഞാന്‍ നടത്തിയ ചര്‍ച്ചകളെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചു. ഇരു പാര്‍ട്ടികളും ഉടനടി വെടിനിര്‍ത്തലും സമാധാനവും തേടുകയാണ്,' ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ എഴുതി.

ഇരു രാജ്യങ്ങളും വ്യാപാര ചര്‍ച്ചകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ പോരാട്ടം അവസാനിക്കുന്നതുവരെ അത് അസാധ്യമല്ലെന്ന് താന്‍ അറിയിച്ചതായി ട്രംപ് പറഞ്ഞു. 'അവര്‍ അമേരിക്കയുമായുള്ള 'വ്യാപാര മേശ'യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ യുദ്ധം അവസാനിക്കുന്നതുവരെ അത് ഉചിതമായിരിക്കില്ലെന്നാണ് അവരെ അറിയിച്ചത്. -അദ്ദേഹം പറഞ്ഞു.

അവര്‍ക്ക് ദീര്‍ഘവും ചരിത്രപരവുമായ ചരിത്രവും സംസ്‌കാരവുമുണ്ട്. വരും വര്‍ഷങ്ങളില്‍ അവര്‍ ഒത്തുചേരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാം പൂര്‍ത്തിയാകുമ്പോള്‍, സമാധാനം അടുത്തുവരുമ്പോള്‍, ഇരു രാജ്യങ്ങളുമായും ഞങ്ങളുടെ വ്യാപാര കരാറുകള്‍ പൂര്‍ണതയിലെത്തിക്കാന്‍ ഞാനും ആഗ്രഹിക്കുന്നു!,- ട്രംപ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ, തന്റെ ആദ്യ പോസ്റ്റില്‍, സംഘര്‍ഷം രൂക്ഷമാകുന്നതിനാല്‍ തായ്‌ലന്‍ഡ് പ്രധാനമന്ത്രിയോട് വെടിനിര്‍ത്തലിനായി അഭ്യര്‍ത്ഥിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

സംഘര്‍ഷത്തില്‍ തായ്‌ലന്‍ഡില്‍ 19ഉം കംബോഡിയയില്‍ 13ഉം പേര്‍ കൊല്ലപ്പെട്ടു. മേയ് മാസത്തില്‍ വെടിവെപ്പില്‍ കംബോഡിയന്‍ സൈനികന്‍ കൊല്ലപ്പെട്ടതുമുതല്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. ബുധനാഴ്ച അഞ്ച് തായ് സൈനികര്‍ക്ക് അതിര്‍ത്തിയിലെ കുഴിബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റതാണ് ഇപ്പോഴത്തെ വ്യാപനത്തിലേക്ക് നയിച്ചത്. എതിര്‍പക്ഷമാണ് ആദ്യം വെടിയുതിര്‍ത്തതെന്ന് രണ്ട് രാജ്യങ്ങളും ആരോപിക്കുന്നു.

ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തി അടക്കുകയും നയതന്ത്ര ബന്ധം വിച്ഛേദിച്ച് സ്ഥാനപതികളെ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. അതിര്‍ത്തിയിലെ വിവിധ ഭാഗങ്ങളിലായി ആറിടത്ത് മൂന്നുദിവസമായി വെടിവെപ്പ് നടക്കുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ 80 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. അതിനിടെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ വെള്ളിയാഴ്ച രാത്രി ഐക്യരാഷ്ട്രസഭ രക്ഷാസമിതി ന്യൂയോര്‍ക്കില്‍ അടിയന്തര യോഗം ചേര്‍ന്നു. ഇരു രാജ്യങ്ങളും ഉള്‍പ്പെടുന്ന 10 രാഷ്ട്ര ആസിയാന്‍ കൂട്ടായ്മയുടെ അധ്യക്ഷതവഹിക്കുന്ന മലേഷ്യ മധ്യസ്ഥതവഹിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു.