ജറുസലം: ഒരുലക്ഷം വര്‍ഷം പഴക്കമുള്ള പുരാതനമായ ശവകുടീരം പുരാവസ്തു ഗവേഷകര്‍ ഇസ്രായേലില്‍ കണ്ടെത്തി. ലോകത്തിലെ ഏറ്റവും പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന ശവകുടീരം ഇസ്രയേലില്‍ കണ്ടെത്തി മധ്യ ഇസ്രയേലിലെ ടിന്‍ഷെമെറ്റ് ഗുഹയ്ക്കുള്ളിലാണ് ശവകുടീരവും അതില്‍ ഏകദേശം 100,000 വര്‍ഷങ്ങള്‍ പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയത്. ഖനനത്തിന്റെ ആദ്യ ഘട്ട വിശദാംശങ്ങള്‍ ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ അക്കാദമിക് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരുന്നു.
പുതിയ കണ്ടെത്തലുകള്‍ പ്രാചീന മനുഷ്യരുടെ ജീവിതത്തെയും ശവ സംസ്‌കാരത്തെയും കുറിച്ചുള്ള പഠനത്തിന് ആക്കം കൂട്ടുമെന്നാണ് കരുതപ്പെടുന്നത്. പ്രാചീന മനുഷ്യര്‍ മരണാന്തര ജീവിതത്തെ കുറിച്ച് എങ്ങനെ ചിന്തിച്ചിരുന്നുവെന്നും അതില്‍ എത്രമാത്രം വിശ്വാസം അര്‍പ്പിച്ചിരുന്നുവെന്നതിലേക്കും വെളിച്ചം വീശുന്നതാണ് ഈ അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്നും ലഭിച്ച വസ്തുക്കള്‍. പുരാവസ്തു ഗവേഷകര്‍ ഏറെ താത്പര്യത്തോടെയാണ് ഇവ ഓരോന്നും പരിശോധിച്ചത്.
'മനുഷ്യനെ സംബന്ധിച്ച് ഇതൊരു അത്ഭുതകരമായ കണ്ടുപിടിത്തമാണ്' ടിന്‍ഷെമെറ്റ് ഖനനത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാളും ജറുസലമിലെ ഹീബ്രു സര്‍വകലാശാലയിലെ പുരാവസ്തു ശാസ്ത്ര പ്രൊഫസറുമായ യോസി സെയ്ഡ്‌നര്‍ പറഞ്ഞു. 2016 മുതല്‍ ടിന്‍ഷെമെറ്റില്‍ പ്രവര്‍ത്തിക്കുന്ന പുരാവസ്തു ഗവേഷകര്‍ വിവിധ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഏകദേശം 110,000 മുതല്‍ 100,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പഴക്കമുള്ള അഞ്ച് ആദ്യകാല മനുഷ്യരുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുഴിമാടങ്ങളിലെ അസ്ഥികൂടങ്ങള്‍ക്കൊപ്പം ഇരുമ്പ് ദണ്ഡുകള്‍, ചെറിയ കല്ലുകള്‍, സ്വര്‍ണ നിറത്തിലുള്ള വസ്തുക്കള്‍ എന്നിവയും കണ്ടെത്തി. കുഴിമാടങ്ങളില്‍ നിന്നും കണ്ടെത്തിയ ഈ വസ്തുക്കള്‍ക്ക് പ്രാചീന കാലത്ത് മറ്റ് ഉപയോഗങ്ങളൊന്നും ഉണ്ടായിരുന്നതായി കരുതപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ഇവയെല്ലാം മരിച്ചവരോടുള്ള ആദരസൂചകമായി കുഴിമാടങ്ങളില്‍ നിക്ഷേപിച്ചതാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ആദ്യകാല മനുഷ്യരുടെ ശവകുടീരങ്ങളിലേക്ക്: മധ്യ ഇസ്രയേലിലെ കുന്നുകള്‍ക്ക് ഇടയിലാണ് ടിന്‍ഷെമെറ്റ് ഗുഹകളുള്ളത്. വവ്വാലുകള്‍ നിറഞ്ഞ ഒരിടമാണിവിടം. ഗുഹയ്ക്കുള്ളിലും ചുറ്റുപാടും ഒരുപാട് കല്‍ക്കൂമ്പാരങ്ങളുണ്ട്. ഇത് പ്രാചീന ശിലായുഗത്തിന്റെ അവശിഷ്ടങ്ങളാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശിലായുഗത്തെ കുറിച്ച് പഠനം നടത്താന്‍ കഴിയുന്ന ഇടമാണ് ടിന്‍ഷെമെറ്റ് ഗുഹയെന്നാണ് വിദഗ്ധരുടെ വിശദീകരണം.
പാലിയോലിത്തിക് കാലഘട്ടത്തെ പ്രാചീന ശിലായുഗമെന്നാണ് അറിയപ്പെടുന്നത്. ഈ കാലഘട്ടത്തില്‍ വിവിധ രീതിയിലുള്ള കല്ലുകളാണ് മനുഷ്യന്‍ ഉപയോഗിച്ചിരുന്നത്. ഏകദേശം 3.3 ദശലക്ഷം വര്‍ഷങ്ങള്‍ മുതല്‍ 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെയാണ് പ്രചീന ശിലായുഗമായി കണക്കാക്കപ്പെടുന്നത്. പുരാവസ്തു ഗവേഷകന്റെ അഭിപ്രായത്തില്‍ ടിന്‍ഷെമെറ്റ് ഗുഹ മധ്യ പാലിയോലിത്തിക് കാലഘട്ടത്തിലേതാണ്.
ടിന്‍ഷെമെറ്റ് ഗവേഷകരുടെ ചില പ്രധാന കണ്ടെത്തലുകള്‍ നേച്ചര്‍ ഹ്യൂമന്‍ ബിഹേവിയര്‍ എന്ന വിഭാഗത്തില്‍ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ചു. രണ്ട് പൂര്‍ണ അസ്ഥികൂടങ്ങളും ചിന്നിചിതറിയ രീതിയിലുള്ള അസ്ഥികളും പല്ലുകളും മൂന്ന് ഒറ്റപ്പെട്ട തലയോട്ടികളും ഉള്‍പ്പെടെ അഞ്ച് മൃതദേഹാവശിഷ്ടങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ആദിമ മനുഷ്യര്‍ക്ക് കല്ല് കൊണ്ട് അലങ്കാര വസ്തുക്കള്‍ നിര്‍മിക്കാന്‍ സാധിച്ചിരുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനെ സാദൂകരിക്കും വിധം ഓറഞ്ചും ചുവപ്പും നിറങ്ങളിലുള്ള ഏതാനും വസ്തുക്കളും ഗുഹയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
മറ്റ് പ്രാചീന അവശിഷ്ടങ്ങളില്‍ നിന്ന് വിപരീതമായി ഭക്ഷണവും അതിജീവനവുമായി ബന്ധപ്പെട്ടതല്ലാതെയുള്ള അവശിഷ്ടങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയെന്ന് വിദഗ്ധര്‍ പറഞ്ഞു. ചെറിയ കൈ ഉളികളും കൂര്‍ത്ത ശിലകളും അതുപോലെ ന്യൂമാറ്റിക് ഡ്രില്ലുകളും ഉപയോഗിച്ച്, സ്ഥലം ഖനനം ചെയ്യാന്‍ പുരാവസ്തു ഗവേഷകര്‍ക്ക് ഇനിയും നിരവധി വര്‍ഷങ്ങള്‍ വേണ്ടിവരും. 2016ല്‍ ആരംഭിച്ച ഫീല്‍ഡ് വര്‍ക്ക് സാധാരണയായി വേനല്‍ക്കാല മാസങ്ങളിലാണ് നടത്തുന്നത്.
എന്നാല്‍ ഈ വര്‍ഷം ആയിരക്കണക്കിന് പുരാവസ്തു ബിരുദ വിദ്യാര്‍ഥികള്‍ സൈറ്റിലുടനീളം സന്ദര്‍ശനം നടത്തി. അസ്ഥി ഉള്‍പ്പെടെയുള്ള കണ്ടെത്തലുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വമാണ് സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് പഠനത്തിന് വിധേയമാക്കിയത്. ഗുഹയുടെ പ്രവേശന കവാടത്തില്‍ ഒരു മനുഷ്യ തലയോട്ടിയും കണ്ടെത്തിയിട്ടുണ്ട്. പാറയില്‍ നിന്നും പുറത്തോട്ട് തള്ളി നില്‍ക്കുന്ന നിലയിലാണ് ഇതുള്ളത്. അത് പൂര്‍ണ്ണമായും ഖനനം ചെയ്യാന്‍ വര്‍ഷങ്ങളുടെ പ്രയത്‌നം നടത്തേണ്ടിവരുമെന്നും വിദഗ്ധര്‍ പറയുന്നു.
അവശിഷ്ടങ്ങളെ കാത്ത് 'കാലാവസ്ഥ': ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു കാലാവസ്ഥയാണ് ഇവിടെയുള്ളത്. അസ്ഥികള്‍, അതിനൊപ്പം ലഭിച്ച മറ്റ് അവശിഷ്ടങ്ങള്‍ എന്നിവയ്ക്ക് കാലപ്പഴക്കം ഉണ്ടെങ്കിലും പഠനത്തിന് വിധേയമാക്കാന്‍ കഴിയാത്ത വിധം ദ്രവിക്കുകയോ നശിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് മറ്റിടങ്ങളിലെ ഗവേഷണങ്ങളേക്കാള്‍ ടിന്‍ഷെമെറ്റിലെ ഗവേഷണം വിദഗ്ധര്‍ക്ക് ഏറെ എളുപ്പമാണെന്ന് പറയാം.
ലോകത്തിന്റെ മറ്റിടങ്ങളില്‍ നിന്നും കണ്ടെത്തിയ അവശേഷിപ്പുകളില്‍ ഭൂരിഭാഗവും കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് പഠനത്തിന് വിധേയമാക്കാന്‍ സാധിക്കാത്ത വിധത്തിലായിരുന്നു. എന്നാല്‍ ഇവിടത്തെ ഗുഹയില്‍ അത് ഉണ്ടായില്ലെന്ന് കണക്റ്റിക്കട്ട് സര്‍വകലാശാലയിലെ പ്രൊഫസറും സ്മിത്‌സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ ഹ്യൂമന്‍ ഒറിജിന്‍സ് പ്രോഗ്രാമിലെ ഗവേഷണ സഹകാരിയുമായ ക്രിസ്റ്റ്യന്‍ ട്രയോണ്‍ പറഞ്ഞു.
ചില ആചാരങ്ങളുടെ ഭാഗമായി എപ്പോഴും ആദിമ മനുഷ്യന്‍ തീ ഉപയോഗിക്കുമായിരുന്നു. ഇത് അസ്ഥികൂടങ്ങളും വസ്തുക്കളും സംരക്ഷിക്കപ്പെടുന്നതിന് സഹായകമായി. ഇസ്രയേലില്‍ തുടരെ ഉണ്ടാകുന്ന മഴയും അസിഡിക് ചുണ്ണാമ്പുകല്ല് കലര്‍ന്ന മണ്ണും അസ്ഥികള്‍ സംരക്ഷിക്കപ്പെടുന്നതിനിടയാക്കി. ഒരു അസ്ഥികൂടം വളരെ നല്ല നിലയിലായിരുന്നു. തലയ്ക്ക് താഴെയായി വിരലുകള്‍ എങ്ങനെ കെട്ടിവച്ചിരിക്കുന്നുവെന്ന് പുരാവസ്തു ഗവേഷകര്‍ക്ക് കാണാന്‍ കഴിഞ്ഞു.
അധികം അറിയപ്പെടാത്ത ഒരു കാലഘട്ടം: ടിന്‍ഷെമെറ്റ് കണ്ടെത്തലുകള്‍ വടക്കന്‍ ഇസ്രയേലിലെ ഒരേ കാലഘട്ടത്തിലെ രണ്ട് സമാനമായ ശ്മശാന സ്ഥലങ്ങളുടെ താരതമ്യ പഠനത്തിന് സഹായകമായി. ഇവ മുന്‍കാല കണ്ടെത്തലുകളെ ശക്തിപ്പെടുത്തുവെന്ന് ട്രയോണ്‍ പറഞ്ഞു. സ്‌കുള്‍ കേവ്, ഖ്വാഫ്‌സെ കേവ് എന്നിവയും ഇതില്‍ പ്രധാനമാണ്. സ്‌കുള്‍ കേവ് 100 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഖനനം ചെയ്യപ്പെട്ടത്. എന്നാല്‍ ഖ്വാഫ്‌സെ കേവ് 50 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഖനനം നടത്തിയത്.
'ഖനനം ചെയ്ത സ്ഥലങ്ങളുമായി ബന്ധപ്പെട്ട് വളരെയധികം അനിശ്ചിതത്വങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഗവേഷണത്തിന് ഉതകുന്ന രീതിയിലായിരുന്നു അവിടം ഉണ്ടായിരുന്നത്. അതുപോലെ അടയാളങ്ങള്‍ വച്ച് അവര്‍ തീയതികള്‍ എഴുതാന്‍ ശ്രമിച്ചിരുന്നു എന്നതിന്റെ അവശേഷിപ്പുകളും അവിടെ നിന്ന് കണ്ടെത്തിയിരുന്നുവെന്ന്' ട്രയോണ്‍ പറഞ്ഞു. ആദ്യകാലത്ത് ശവസംസ്‌കാര രീതികള്‍ കൂടുതല്‍ വ്യാപകമായിരുന്നുവെന്ന നിഗമനത്തില്‍ എത്താന്‍ ടിന്‍ഷെമെറ്റിലെ ഗവേഷണം സഹായകമായെന്ന് വിദഗ്ധര്‍ പറയുന്നു.
ആദിമ മനുഷ്യര്‍ ശവസംസ്‌കാരങ്ങള്‍ നേരത്തെ ആരംഭിച്ചിരുന്നുവെന്ന് എന്നാണ് പുരാവസ്തു ഗവേഷകര്‍ സൂചിപ്പിക്കുന്നത്. ഹോമോ സാപ്പിയന്‍സിന്റെ പൂര്‍വ്വീകരായ ഹോമോ നലേഡി 200,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മരിച്ചവരെ ഗുഹകളില്‍ നിക്ഷേപിച്ചിരുന്നിരിക്കാം എന്ന കണ്ടെത്തലുകളും ഉണ്ട്. എന്നാല്‍ പല പുരാവസ്തു ഗവേഷകരും പറയുന്നത് ഈ കണ്ടെത്തലുകള്‍ വിവാദപരമാണെന്നാണ്. ആദിമ മനുഷ്യര്‍ മൃതദേഹം സംസ്‌കരിച്ചിരുന്നുവെന്നതിന് മറ്റ് തെളിവുകളൊന്നും ലഭിക്കാത്തിടത്തോളം കാലം അത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടാനാകില്ലെന്നും ഏതാനും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പുരാതന കാലത്ത്, യൂറോപ്പില്‍ നിന്നുള്ള നിയാണ്ടര്‍താലുകളുടെയും ആഫ്രിക്കയില്‍ നിന്നുള്ള ഹോമോസാപ്പിയനുകളുടെയും (ആദിമ മനുഷ്യര്‍) വിഹാര കേന്ദ്രമായിരുന്നു ഇസ്രയേല്‍. ആദ്യകാല മനുഷ്യരുടെ തന്നെ ഉപ ഗ്രൂപ്പുകളെ ഈ പ്രദേശത്ത് നിന്ന് പുരാവസ്തു ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഗ്രൂപ്പുകള്‍ പരസ്പരം ഇടപഴകുകയും ഒന്നിച്ച് ജീവിക്കുകയും ചെയ്തിരിക്കാമെന്നും കരുതപ്പെടുന്നുണ്ട്.
ടിന്‍ഷെമെറ്റില്‍ നിന്ന് കൊണ്ടുവന്ന രണ്ട് പൂര്‍ണ അസ്ഥികൂടങ്ങള്‍ വര്‍ഷങ്ങളായി വിദഗ്ധര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അവ നിയാണ്ടര്‍താലുകളിലോ ഹോമോസാപ്പിയനുകളിലോ പെട്ടതല്ലെന്നാണ് അനുമാനം. ഇത് ഇരുവിഭാഗവും ചേര്‍ന്നുണ്ടായതാണോ അല്ലെങ്കില്‍ മറ്റെതെങ്കിലും വിഭാഗത്തില്‍പ്പെട്ടതാണോയെന്നും പരിശോധിക്കുന്നുണ്ട്.
ഉപഗ്രൂപ്പുകളുടെ സാന്നിധ്യം പ്രാചീന മനുഷ്യനില്‍ അറിവ് കൈമാറുന്നതിനോ ഐഡന്റിറ്റി പ്രകടിപ്പിക്കുന്നതിനോ അവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് സെയ്ഡ്‌നര്‍ പറഞ്ഞു. ആദ്യകാല ആഭരണങ്ങളുടെയും ശരീര ചിത്രങ്ങളുടെയും ശേഷിപ്പുകള്‍ ഗവേഷകര്‍ ഗുഹയില്‍ നിന്ന് കണ്ടെത്തി. ഒരു പ്രദേശത്തെ കുറിച്ച് പഠിക്കുന്നതിനും അധിവസിച്ചിരുന്ന മനുഷ്യരുടെ ഉപജീവനത്തെക്കുറിച്ച് മനസിലാക്കുന്നതിനും ശവകുടീരങ്ങള്‍ ഏറെ സഹായകമാണെന്ന് ടെല്‍ അവീവ് സര്‍വകലാശാലയിലെ ഭൗതിക നരവംശശാസ്ത്രജ്ഞനും ടിന്‍ഷെമെറ്റ് സൈറ്റിന്റെ സഹഡയറക്ടറുമായ ഹെര്‍ഷ്‌കോവിറ്റ്‌സ് പറഞ്ഞു.
ഒരുലക്ഷം വര്‍ഷം പഴക്കമുള്ള ശവകുടീരം ഇസ്രായേലില്‍ കണ്ടെത്തി; ലോകത്തിലെ ഏറ്റവും പുരാതനമെന്ന് ഗവേഷകര്‍
