മൂന്നാംതവണയും ഇടതുഭരണം വരും, കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താകും' കോണ്‍ഗ്രസിനെ വെട്ടിലാക്കി പാലോട് രവിയുടെ ഫോണ്‍സംഭാഷണം

മൂന്നാംതവണയും ഇടതുഭരണം വരും, കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താകും' കോണ്‍ഗ്രസിനെ വെട്ടിലാക്കി പാലോട് രവിയുടെ ഫോണ്‍സംഭാഷണം


തിരുവനന്തപുരം: വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വന്‍ പരാജയം നേരിടുമെന്നും ഇടതുമുന്നണി തന്നെ മൂന്നാമതും അധികാരത്തില്‍ വരുമെന്നും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനുമായ പാലോട് രവി സഹപ്രവര്‍ത്തകനോട് പറയുന്ന ഫോണ്‍സംഭാഷണം പുറത്തായതായതോടെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിരോധത്തിലായി.

പാര്‍ട്ടിയെ വെട്ടിലാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി പാലോട് രവി രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകന് നല്‍കിയത് ജാഗ്രതാ നിര്‍ദേശം മാത്രമാണെന്നും വേണ്ട പോലെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പാര്‍ട്ടിയെ ബാധിക്കുമെന്ന് താക്കീത് നല്‍കുകയായിരുന്നുവെന്നും പാലോട് രവി മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഈ സര്‍ക്കാര്‍ മാറണമെന്നാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ജനങ്ങളുമായി ബന്ധപ്പെട്ട് ഭവന സന്ദര്‍ശനം നടത്തി നല്ല ടീം വര്‍ക്കോടെ പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍ സംഭാഷണം പുറത്തുവിട്ടതില്‍ നേതൃത്വവുമായി ആലോചിച്ച് നടപടിയെടുക്കുന്ന കാര്യം തീരുമാനിക്കുമെന്നും പാലോട് രവി പറഞ്ഞു.

പുറത്തുവന്ന പാലോട് രവിയുടെ ഫോണ്‍ സംഭാഷണം 

'പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നാമത് പോകും. നിയമസഭയില്‍ താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തില്‍ ബിജെപി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നീ നോക്കിക്കോ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് വോട്ട് പിടിക്കും. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും' പാലോട് രവി പറയുന്നു.

മുസ്ലീം സമുദായങ്ങള്‍ വേറെ പാര്‍ട്ടിയിലേക്കും കുറച്ചുപേര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലേക്കും പോകും. കോണ്‍ഗ്രസിലുണ്ടെന്ന് പറയുന്നവര്‍ ബിജെപിയിലേക്കും മറ്റേതെങ്കിലും പാര്‍ട്ടിയിലേക്കും പോകും. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പോടെ ഇതൊരു എടുക്കാച്ചരക്കായി മാറുമെന്നും പാലോട് രവി പറഞ്ഞു.

നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാന്‍ 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുള്ളൂ. ആത്മാര്‍ത്ഥമായി ഒറ്റൊരാള്‍ക്കും പരസ്പര ബന്ധമോ സ്‌നേഹമോ ഇല്ല. എങ്ങനെ കാല് വാരാമോ അത് ചെയ്യും. ചിന്നഭിന്നമാക്കുകയാണെന്നും പാലോട് രവി പറയുന്നു.

'നിങ്ങള്‍ അതു ചെയ്തില്ലെങ്കില്‍ പാര്‍ട്ടിയെ ബാധിക്കും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാക്കിയ അന്തരീക്ഷം ഇല്ലാതാവും. ഇതാണ് ഇവിടെ നിന്ന് നല്‍കുന്ന സന്ദേശം. അതാണ് മണ്ഡലത്തില്‍ നിന്നുള്ള ഒരു പ്രവര്‍ത്തകന്‍ വിളിച്ചപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞത്. അതുതന്നെയാണ് എല്ലാവരോടും പറയുന്നത്. പാര്‍ട്ടി യോഗങ്ങള്‍ കൂടുമ്പോഴും ഇത് തന്നെയാണ് പറയുന്നത്. വളരെ ഗൗരവതരമായി കാണണം. നല്ല ജാഗ്രത ഉണ്ടാകണം. പല മണ്ഡലങ്ങളിലും ത്രികോണ മത്സരമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ കണ്ടതല്ലേ. ബിജെപി ഇത്രയും വോട്ട് പിടിക്കുമെന്ന് ആരെങ്കിലും കണ്ടോ?. വളരെ ജാഗ്രത കാണിക്കണം. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഈ സര്‍ക്കാര്‍ മാറണമെന്നാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ജനങ്ങളുമായി ബന്ധപ്പെട്ട് ഭവന സന്ദര്‍ശനം നടത്തി നല്ല ടീം വര്‍ക്കോടെ പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണ് നല്‍കിയത്' പാലോട് രവി പറഞ്ഞു.

'ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഒന്‍പത് എംഎല്‍എമാര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുണ്ടായിരുന്നു. അതുകൊണ്ട് ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണ് നല്‍കിയത്. രണ്ടു പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ബിജെപി കേരളത്തില്‍ ഏറ്റവും കൂടുതല്‍ തള്ളിക്കയറിയ ജില്ലയാണ് തിരുവനന്തപുരം. എന്നിട്ടും പാര്‍ലമെന്റ് രണ്ടും നിലനിര്‍ത്തി. നിയമസഭ തെരഞ്ഞെടുപ്പില്‍ വമ്പിച്ച മുന്നേറ്റം ഉണ്ടാക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷം ഉണ്ടാകും. അത്തരത്തില്‍ വലിയ ആത്മവിശ്വാസം ഈ ജില്ലയിലുള്ള ടീം ലീഡര്‍മാര്‍ക്ക് ഉണ്ട്. യഥാര്‍ഥത്തില്‍ താക്കീത് നല്‍കുകയായിരുന്നു. ഭിന്നതകള്‍ മാറ്റി ഒരുമിച്ച് നിന്ന് സംഘടനാ ദൗര്‍ബല്യം മാറ്റി മുന്നോട്ടുപോയില്ലെങ്കില്‍ തിരിച്ചുവരാന്‍ പ്രയാസമാകും. അതുകൊണ്ട് ജാഗ്രതയോട് കൂടി പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണ് നല്‍കിയത്.' പാലോട് രവി കൂട്ടിച്ചേര്‍ത്തു.