ഇറാനിലെ ജുഡീഷ്യറി സെന്ററിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു; 13 പേര്‍ക്ക് പരിക്കേറ്റു

ഇറാനിലെ ജുഡീഷ്യറി സെന്ററിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു; 13 പേര്‍ക്ക് പരിക്കേറ്റു


സഹെദാന്‍: തെക്കുകിഴക്കന്‍ ഇറാനിലെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അതിര്‍ത്തി പങ്കിടുന്ന അസ്വസ്ഥ ബാധിത പ്രദേശമായ സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ സഹെദാന്‍ നഗരത്തിലെ ഒരു ജുഡീഷ്യറി കെട്ടിടത്തിന് നേരെ ശനിയാഴ്ച നടന്ന ഭീകരാക്രമണത്തില്‍ ഒരു വയസ്സുള്ള കുട്ടിയും കുട്ടിയുടെ അമ്മയും ഉള്‍പ്പെടെ കുറഞ്ഞത് എട്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 13 ലധികം പേര്‍ക്ക് പരിക്കേറ്റു. ഇറാനിയന്‍ സ്‌റ്റേറ്റ് മീഡിയയായണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണം നടത്തുന്നതിനായി അക്രമികള്‍ കെട്ടിടത്തിലേക്ക് കടക്കാന്‍ ശ്രമിച്ചതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തിനിടെ മൂന്ന് അക്രമികള്‍ കൊല്ലപ്പെട്ടതായും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) പ്രാദേശിക ആസ്ഥാനത്തെ ഉദ്ധരിച്ച് ഔദ്യോഗിക ഐആര്‍എന്‍എ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു.

'തെക്കുകിഴക്കന്‍ സിസ്താന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ സഹെദാനിലെ ജുഡീഷ്യറി സെന്ററില്‍ അജ്ഞാതരായ തോക്കുധാരികള്‍ ആക്രമണം നടത്തയെന്ന് ജുഡീഷ്യറിയുടെ മിസാന്‍ ഓണ്‍ലൈന്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് സിസ്താന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഡെപ്യൂട്ടി പോലീസ് കമാന്‍ഡര്‍ അലിറേസ ദാലിരി പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും ഇറാനില്‍ സജീവവുമായ ബലൂച് ജിഹാദിസ്റ്റ് ഗ്രൂപ്പായ ജയ്ഷ് അല്‍അദ്ല്‍ ('ആര്‍മി ഓഫ് ജസ്റ്റിസ്' എന്നതിന്റെ അറബിക് അര്‍ത്ഥം) ഏറ്റെടുത്തു.

അക്രമികള്‍ സന്ദര്‍ശകരുടെ വേഷം ധരിച്ചാണ് കെട്ടിടത്തിലേക്ക് കടക്കാന്‍ ശ്രമിച്ചതെന്ന് ദലിരി പറഞ്ഞു. അക്രമികള്‍ കെട്ടിടത്തിലേക്ക് എറിഞ്ഞ ഗ്രനേഡ് പൊട്ടിത്തെറിച്ച് ഒരു വയസ്സുള്ള കുഞ്ഞ്, കുട്ടിയുടെ അമ്മ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു.

ജഡ്ജിമാരുടെ ചേംബറിലേക്ക് അക്രമികള്‍ അതിക്രമിച്ചു കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് നിരവധി ജുഡീഷ്യറി ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബലൂച്ച് അവകാശ ഗ്രൂപ്പായ HAALVSH, അവകാശപ്പെട്ടു.

ബലൂച്ച് വിമത സംഘം ഉത്തരവാദിത്തം ഏറ്റെടുത്തു

പാകിസ്ഥാനില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന, ഇറാന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ സജീവമായ ബലൂച് വിഘടനവാദ ഗ്രൂപ്പായ ജയ്ഷ് അല്‍അദ്ല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി ഇറാനിയന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 പാകിസ്ഥാനുമായും അഫ്ഗാനിസ്ഥാനുമായും ഒരു നീണ്ട അതിര്‍ത്തി പങ്കിടുന്ന അസ്വസ്ഥത നിറഞ്ഞ സിസ്റ്റാന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യ ഇറാനിയന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് ഏകദേശം 1,200 കിലോമീറ്റര്‍ (745 മൈല്‍) തെക്കുകിഴക്കായിയാണ് സ്ഥിതി ചെയ്യുന്നത്. ബലൂച് വിമതര്‍, സുന്നി തീവ്രവാദ വിഭാഗങ്ങള്‍, മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പതിവ് അക്രമങ്ങള്‍ക്ക് ഈ മേഖല വളരെക്കാലമായി സാക്ഷ്യം വഹിച്ചിട്ടുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ബലൂച് ന്യൂനപക്ഷത്തിന്റെ കേന്ദ്രമായ ഈ പ്രദേശം ഇറാനിയന്‍ സേനയുമായി ആവര്‍ത്തിച്ചുള്ള ഏറ്റുമുട്ടലുകള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.

 ഒക്ടോബറില്‍ മേഖലയിലെ ഏറ്റവും മാരകമായ ഒരുഭീകരാക്രമണത്തില്‍ പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. അന്നത്തെ ആക്രമണത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റതായും മരിച്ചവരില്‍ ഭൂരിഭാഗവും സാധാരണ പൗരന്മാരാണെന്നും സഹെദാനിലെ ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്‌സ് കോര്‍പ്‌സ് പറഞ്ഞു.