ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും കരുത്തേറിയ വ്യോമസേനാ വിഭാഗമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ വരുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണെന്നും അവയുടെ റാങ്കിംഗ് എങ്ങനെയാണെന്നും പരിശോധിക്കാം. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശത്രുവിന്റെ പാളയത്തെ കൃത്യമായി തകര്‍ക്കാന്‍ കഴിയുന്ന, കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന യുദ്ധ വിമാനങ്ങളെ അടിസ്ഥാനമാക്കി ഒരു കണക്ക് രാജ്യങ്ങളുടെ സൈനിക ശക്തിയെപ്പറ്റി പഠിക്കുന്ന ഗ്ലോബല്‍ ഫയര്‍ പവര്‍ എന്ന വെബ്‌സൈറ്റ് അടുത്തിടെ പുറത്ത് വിട്ടിരുന്നു. നമുക്ക് ആ പട്ടികയുടെ വിവരങ്ങള്‍ അറിയാം. പത്താം സ്ഥാനം മുതല്‍ ഒന്നാം സ്ഥാനം വരെയുള്ള പട്ടികയിലെ വിവരങ്ങളാണ് പരിശോധിക്കുന്നത്.
10. ഫ്രാന്‍സ്
ഈ പട്ടികയില്‍ പത്താം സ്ഥാനത്തുള്ള രാജ്യം ഫ്രാന്‍സ് ആണ്. 1000 യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സിന് ഉണ്ടെന്നാണ് കണക്കുകള്‍. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫൈറ്റര്‍ ജെറ്റുകളും ഇവയില്‍ ഉള്‍പ്പെടും. അവരുടെ പ്രധാനപ്പെട്ട ഫൈറ്റര്‍ ജെറ്റുകള്‍ ഒന്ന് പരിശോധിക്കാം. ഡസ്സോ റാഫേല്‍, മിറാഷ് 2000, എയര്‍ ബസ് എ 330 എം ആര്‍ റ്റി റ്റി, സി 130 ഹെര്‍ക്യൂലെസ്, ഇ 3എഫ് എ ഡൗബ്ലു എ സി എസ് എന്നിവയാണ്.
9. തുര്‍ക്കി
പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തുള്ളത് തുര്‍ക്കിയാണ്. ആയിരത്തിലധികം യുദ്ധ വിമാനങ്ങളാണ് തുര്‍ക്കിക്ക് ഉള്ളത്. അതില്‍ മിക്കവയും അത്യാധുനിക സൗകര്യങ്ങള്‍ ഉള്ളവയാണ്. പൈലറ്റ് ഇല്ലാതെ റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ആളില്ലാ വിമാനങ്ങളും തുര്‍ക്കിയുടെ കൈവശമുണ്ട്. നാറ്റോ അംഗമായത് കൊണ്ട് തന്നെ യൂറോപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്ക് വഹിക്കുന്നതും തുര്‍ക്കിയാണ്.
മിഡില്‍ ഈസ്റ്റിലും മെഡിറ്ററേനിയന്‍ പ്രദേശത്തും തുര്‍ക്കിയുടെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. റ്റി എഫ് കാന്‍ എന്ന ഫൈറ്റര്‍ ജെറ്റ് ആണ് തുര്‍ക്കിയുടെ ഏറ്റവും മികച്ച യുദ്ധ വിമാനം. അഞ്ചാം തലമുറയില്‍പ്പെട്ട ഇരട്ട എഞ്ചിനുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇവയ്ക്ക് ആകാശത്തും കരയിലും ഒരു പോലെ ആക്രമണം നടത്താന്‍ കഴിയും. ശത്രുക്കളുടെ നീരീക്ഷണ വലയത്തിനു പിടി കൊടുക്കാതെ സഞ്ചരിക്കാന്‍ കഴിയുമെന്ന പ്രത്യേകത കൂടി ഈ സ്‌റ്റെല്‍ത്ത് ജെറ്റ് വിമാനങ്ങള്‍ക്ക് ഉണ്ട്.
8. ഈജിപ്റ്റ്
പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ഈജിപ്റ്റിന് 1,093 യുദ്ധ വിമാനങ്ങളുണ്ട്. അമേരിക്കന്‍ എഫ്16 വിമാനങ്ങള്‍, ഫ്രഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങള്‍, റഷ്യന്‍ നിര്‍മ്മിത യുദ്ധവിമാനങ്ങള്‍ എന്നിവയെല്ലാം ഈജിപ്റ്റ് വ്യോമ സേനയുടെ കരുത്താണ്. രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ തരത്തിലുള്ള സമാധാന പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് പ്രധാനമായും ഈജിപ്റ്റ് യുദ്ധ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്.
7. പാകിസ്ഥാന്‍
പാകിസ്ഥാന്‍ ഈ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. 1,400 യുദ്ധവിമാനങ്ങള്‍ പാകിസ്ഥാന്‍ വ്യോമസേനയുടെ പക്കലുണ്ട്. ഇന്ത്യയുടെ വ്യോമശക്തിയുമായി കിടപിടിക്കുന്ന തരത്തിലുള്ള യുദ്ധവിമാനങ്ങള്‍ ആണ് കൂടുതലും. അതിര്‍ത്തി സംരക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് വിമാനങ്ങള്‍ ഉപയോഗിക്കുന്നത്.
6. ജപ്പാന്‍
ഈ പട്ടികയില്‍ ആറാം സ്ഥാനത്തുള്ള രാജ്യം ജപ്പാനാണ്. 1443 യുദ്ധവിമാനങ്ങള്‍ ജപ്പാനുണ്ടെന്നാണ് കണക്കുകള്‍. അത്യാധുനിക സംവിധാനങ്ങളുള്ള ഫൈറ്റര്‍ ജെറ്റുകള്‍ മുതല്‍ നിരീക്ഷണ വിമാനങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടും. രാജ്യ സുരക്ഷയ്ക്കും ജപ്പാന്‍ ഉള്‍പ്പെടുന്ന വിവിധ മേഖലകളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് വിമാനങ്ങള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.
അമേരിക്കയുമായി സൈനിക സഹകരണമുള്ള രാജ്യം കൂടിയാണ് ജപ്പാന്‍. ആഭ്യന്തരമായി നിര്‍മ്മിച്ച മിത്സുബിഷി എഫ്2 എന്ന വിവിധ രീതികളില്‍ ഉപയോഗിക്കാവുന്ന യുദ്ധവിമാനമാണ് ജപ്പാന്റെ കരുത്ത്. അഞ്ചാം തലമുറ സ്‌റ്റെല്‍ത്ത് യുദ്ധവിമാനമായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എഫ്35 ലൈറ്റ്‌നിംഗ് കക എന്ന വിമാനവും ജപ്പാന്റെ ശക്തിയാണ്.
5. ദക്ഷിണ കൊറിയ
ഗ്ലോബല്‍ ഫയര്‍പവര്‍ 2025 ന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ദക്ഷിണ കൊറിയയ്ക്ക് ഏകദേശം 1,600 സൈനിക വിമാനങ്ങളുണ്ട്. വ്യോമ പ്രതിരോധത്തിന് രാജ്യം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പ്രത്യേകിച്ചും ഉത്തര കൊറിയയില്‍ നിന്നുള്ള ഭീഷണികള്‍ ചെറുക്കുന്നതിന്റെ ഭാഗമായി അത്യാധുനിക സാങ്കേതികവിദ്യകള്‍ കൊണ്ട് കരുത്തേറിയതാണ് സൗത്ത് കൊറിയയുടെ വ്യോമ സേന. ദക്ഷിണ കൊറിയയുടെ ആദ്യത്തെ ആഭ്യന്തര നിര്‍മ്മിത യുദ്ധവിമാനമായ കെഎഫ്21 ആണ് ഏറ്റവും ശക്തമായ അവരുടെ യുദ്ധവിമാനം.
4. ഇന്ത്യ
ലിസ്റ്റില്‍ നാലാമതാണ് നമ്മുടെ ഇന്ത്യ. 2229 യുദ്ധ വിമാനങ്ങള്‍ നമുക്ക് ഉണ്ടെന്നാണ് കണക്കുകള്‍. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, പുതിയ ഫൈറ്റര്‍ ജെറ്റുകള്‍, ട്രാന്‍സ്‌പോര്‍ട് പ്ലെയിന്‍ എന്നിവയുള്‍പ്പെടെ നിരവധി സംവിധാനങ്ങള്‍ തുടര്‍ച്ചയായി നവീകരികരിച്ചു കൊണ്ടിരിക്കുകയാണ്. ഡസ്സോ റാഫേല്‍, സുഖോയ് എസ് യു 30എം കെ ഐ, എച്ച് എ എല്‍ തേജസ്,മിറാജ് 2000 എന്നി കരുത്തുറ്റ യുദ്ധവിമാനങ്ങളാണ് നമുക്കുള്ളത്.
3. ചൈന
പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ചൈനയ്ക്ക് 3,300ലധികം യുദ്ധ വിമാനങ്ങളുണ്ട്. നൂതന ബോംബറുകള്‍, ഫൈറ്റര്‍ ജെറ്റുകള്‍, ഡ്രോണുകള്‍ എന്നിവയാണ് ചൈനയുടെ വ്യോമ സേനയ്ക്ക് കരുത്ത് പകരുന്നത്. രാജ്യ സുരക്ഷ ഉറപ്പാക്കാനും ആഗോളതലത്തില്‍ സൈനിക സ്വാധീനം തെളിയിക്കുകയുമാണ് വ്യോമ സേനയുടെ ലക്ഷ്യം. ചൈനയുടെ ഏറ്റവും മികച്ച യുദ്ധവിമാനമാണ് ചെങ്ഡു ജെ20 (മൈറ്റി ഡ്രാഗണ്‍). ഇത് രാജ്യത്തിന്റെ ആദ്യത്തെ അഞ്ചാം തലമുറ സ്‌റ്റെല്‍ത്ത് യുദ്ധവിമാനമാണ്. എഫ് 22 റാപ്റ്റര്‍, എഫ് 35 ലൈറ്റ്‌നിംഗ് കക പോലുള്ള വിമാനങ്ങളുമായി പോരാടാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.
2. റഷ്യ
റഷ്യ രണ്ടാം സ്ഥാനത്താണ്, 4,200 വിമാനങ്ങള്‍ ആണ് അവര്‍ക്കുള്ളത്. പ്രാദേശികമായും ആഗോളമായും കരുത്ത് തെളിയിക്കുന്നതിന് ഭാഗമായി നിരവധി ആധുനിക ഫൈറ്റര്‍ ജെറ്റുകളും മികച്ച ബോംബറുകളും റഷ്യന്‍ വ്യോമസേനയ്ക്കുണ്ട്. ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളില്‍ അഞ്ചാം തലമുറ സുഖോയ് സു57, 4.5 തലമുറ സുഖോയ് സു35എസും റഷ്യയുടെ വജ്രായുധങ്ങളാണ്.
1. അമേരിക്ക
അത്യാധുനിക യുദ്ധവിമാനങ്ങളുടെ എണ്ണത്തില്‍ അമേരിക്ക ഒന്നാം സ്ഥാനത്താണ്. ഫൈറ്റര്‍ ജെറ്റുകള്‍, ബോംബറുകള്‍, ട്രാന്‍സ്‌പോര്‍ട് പ്ലെയിന്‍, രഹസ്യാന്വേഷണ വിമാനങ്ങള്‍ എന്നിവ അമേരിക്കയുടെ കൈവശമുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ വ്യോമസേനാ വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവ ഇപ്പോഴും പൂര്‍ണ്ണമായി യുദ്ധസജ്ജമാണ്. ഇതാണ് ലോകത്തെ ഏറ്റവും മികച്ച വ്യോമസേനയാക്കി അമേരിക്കയെ മാറ്റുന്നത്. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എഫ് 35 ലൈറ്റ്‌നിംഗ് കക, എഫ് 22 റാപ്റ്റര്‍, എഫ് 15ഋത ഈഗിള്‍ കക, എഫ് /എ 18ഇ /എഫ് സൂപ്പര്‍ ഹോര്‍നെറ്റ് എന്നീ യുദ്ധവിമാനങ്ങളാണ് അമേരിക്കയുടെ ആവനാഴിയിലെ പ്രധാന അമ്പുകള്‍
ലോകത്തിലെ ഏറ്റവും കരുത്തേറിയ വ്യോമസേനാ പട്ടികയില്‍ ഇന്ത്യ നാലാമത്, പാക്കിസ്ഥാന് ഏഴാം സ്ഥാനം
