അവസാന തിയ്യതിക്ക് മുമ്പ് കാനഡയുമായി വ്യാപാര കരാര്‍ പ്രതീക്ഷിക്കുന്നില്ലെന്ന് ട്രംപ്

അവസാന തിയ്യതിക്ക് മുമ്പ് കാനഡയുമായി വ്യാപാര കരാര്‍ പ്രതീക്ഷിക്കുന്നില്ലെന്ന് ട്രംപ്


വാഷിംഗ്ടണ്‍: ഓഗസ്റ്റ് ഒന്നിന് മുമ്പ് കാനഡയുമായി വ്യാപാര കരാര്‍ പ്രതീക്ഷിക്കുന്നില്ലെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ കനത്ത താരിഫുകള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കി. വെള്ളിയാഴ്ച സ്‌കോട്ട്‌ലന്‍ഡിലേക്ക് പറക്കുന്നതിനുമുമ്പാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. 

എന്നാല്‍ മോശം കരാര്‍ കാനഡ അംഗീകരിക്കില്ലെന്നും ഒട്ടാവയെ പ്രതിസന്ധിയിലേക്ക് കൊണ്ടുപോകില്ലെന്നും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി. യു എസിന്റെ സമ്മര്‍ദ്ദത്തെയും അദ്ദേഹം അംഗീകരിച്ചില്ല. 

കരാറിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് 35 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയത്. എന്നാല്‍ യു എസ്, കാനഡ, മെക്‌സിക്കോ എന്നിവയ്ക്കിടയില്‍ നിലവിലുള്ള വടക്കേ അമേരിക്കന്‍ വ്യാപാര കരാറിന് കീഴില്‍ വരുന്ന ഉത്പന്നങ്ങള്‍ക്ക് താരിഫ് ബാധകമാകില്ല.

വാഷിംഗ്ടണ്‍ ഇതിനകം തന്നെ ചില കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം മൊത്തത്തിലുള്ള തീരുവയും അലുമിനിയം, സ്റ്റീല്‍ എന്നിവയ്ക്ക് 50 ശതമാനം താരിഫും യു എസ് നിര്‍മ്മിതമല്ലാത്ത എല്ലാ കാറുകള്‍ക്കും ട്രക്കുകള്‍ക്കും 25 ശതമാനം തീരുവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നടപടികള്‍ അമേരിക്കന്‍ തൊഴിലുകളെയും വ്യവസായത്തെയും സംരക്ഷിക്കുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

കയറ്റുമതിയുടെ ഏകദേശം 75 ശതമാനം യു എസിലേക്ക് അയക്കുന്ന കാനഡയ്ക്ക് ഇത് വലിയ തിരിച്ചടിയാണ് നേരിടാനുള്ള വഴിയൊരുക്കുന്നത്. അമേരിക്കന്‍ വിപണിയുമായി അടുത്ത ബന്ധമുള്ള കനേഡിയന്‍ ഓട്ടോമൊബൈല്‍ മേഖലയെയാണ് ഇത് കൂടുതല്‍ ബാധിക്കുക. 

മെയ് മാസത്തില്‍ കാര്‍ണി അധികാരമേറ്റതിനുശേഷം ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെങ്കിലും മന്ദഗതിയിലാണ് അവ പുരോഗമിക്കുന്നത്. അതേസമയം, യു എസില്‍ 550 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് പകരമായി 15 ശതമാനം താരിഫിന് സമ്മതിച്ച ജപ്പാന്‍ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി ട്രംപ് വ്യാപാര കരാറുകള്‍ പ്രഖ്യാപിച്ചു.

അവസാന തിയ്യതിക്ക് മുമ്പ് കാനഡയുമായി വ്യാപാര കരാര്‍ പ്രതീക്ഷിക്കുന്നില്ലെന്ന് ട്രംപ്