ഒബാമയ്‌ക്കെതിരെ രേഖകളുമായി തുള്‍സി ഗബ്ബാര്‍ഡ്; റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതെന്ന് ഡെമോക്രാറ്റുകള്‍

ഒബാമയ്‌ക്കെതിരെ രേഖകളുമായി തുള്‍സി ഗബ്ബാര്‍ഡ്; റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതെന്ന് ഡെമോക്രാറ്റുകള്‍


വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയ്‌ക്കെതിരെ രേഖകളുമായി ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ്. 2016ലെ തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ ഒബാമ രാജ്യാന്തര തലത്തിലുള്ള വ്യാജ പ്രചരണം നടത്തിയെന്ന രേഖകളാണ് തുള്‍സി ഗബ്ബാര്‍ഡ് പുറത്തു വിട്ടത്.

2016 തെരഞ്ഞെടുപ്പില്‍ ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യന്‍ ഭരണകൂടം ഇടപെടല്‍ നടത്തിയെന്ന പ്രചരണം ഒബാമ നടത്തിയെന്ന് ആരോപിക്കുന്ന രേഖകളാണ് തുള്‍സി പുറത്തുവിട്ടിരിക്കുന്നത്. ഒബാമയുടെ അന്നത്തെ നടപടി അമെരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മോശമായതാണെന്നും രഹസ്യാന്വേഷണ വിവരങ്ങളുടെ ദുരുപയോഗത്തെയും രാഷ്ട്രീയവത്കരണത്തെയും കുറിച്ച് പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും തുള്‍സി ഔദ്യോഗിക എക്‌സില്‍ പോസ്റ്റ് ചെയ്തു.

2017 ജനുവരിയിലെ ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ വിവരങ്ങളാണ് തുള്‍സി ഗബ്ബാര്‍ഡ് പുറത്തു വിട്ടിരിക്കുന്നത്. റഷ്യന്‍ സര്‍ക്കാര്‍ ട്രംപിനെ ജയിപ്പിക്കാന്‍ സഹായിച്ചുവെന്ന കള്ളമാണ് ഡെമോക്രാറ്റുകള്‍ പ്രചരിപ്പിച്ചതെന്നും അത്തരം പ്രവര്‍ത്തനത്തിലൂടെ അമേരിക്കന്‍ ജനഹിതത്തെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുകയും അട്ടിമറി നീക്കം നടത്തുകയുമാണ് ചെയ്തതെന്നും കുറ്റപ്പെടുത്തുന്നു. 

എന്നാല്‍ തുള്‍സി ഗബ്ബാര്‍ഡ് പുറത്തു വിട്ട റിപ്പോര്‍ട്ട് 2017ല്‍ റിപ്പബ്ലിക്കന്മാര്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി തയ്യാറാക്കിയതാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2016 ഡിസംബറില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ട്രംപിന് അനുകൂലമായിരുന്നു എന്ന നിഗമനത്തെ ഈ റിപ്പോര്‍ട്ട് ചോദ്യം ചെയ്തിരുന്നു. റിപ്പബ്ലിക്കന്‍മാര്‍ക്ക് ആധിപത്യമുണ്ടായിരുന്ന സംഘമാണ് റിപ്പോര്‍ട്ട് തയാറാക്കിയത് എന്നതിനാല്‍ വിശ്വാസ്യത എത്ര മാത്രമുണ്ടാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. 

ഇപ്പോഴത്തെ എഫ് ബി ഐ ഡയറക്ടറായ കാഷ് പട്ടേലിന് ഈ റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ പ്രധാന പങ്കുണ്ടായിരുന്നതായും റിപ്പോര്‍ട്ടിന്റെ കരട് തയ്യാറാക്കുന്നതിലും 2020ലെ ഭേദഗതികളിലും കമ്മിറ്റിയിലെ റിപ്പബ്ലിക്കന്‍മാര്‍ മാത്രമാണ് പങ്കെടുത്തതെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്.

ഒബാമയ്‌ക്കെതിരെ രേഖകളുമായി തുള്‍സി ഗബ്ബാര്‍ഡ്; റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതെന്ന് ഡെമോക്രാറ്റുകള്‍