വാഷിംഗ്ടൺ: അമേരിക്കയിലെ ടെക് കമ്പനികൾ ഇന്ത്യക്കാരെ ജോലിക്കെടുക്കുന്നതും ചൈനയിൽ ഫാക്ടറികൾ നിർമിക്കുന്നതും അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത് ട്രംപിന്റെ ഭരണകാലമാണ്. അങ്ങനെയുള്ള കാലം കഴിഞ്ഞിരിക്കുന്നു എന്നാണ് വാഷിംഗ്ടണിൽ നടന്ന എ.ഐ ഉച്ചകോടിയിൽ സംസാരിക്കവെ, ട്രംപ് പറഞ്ഞത്. സ്വന്തം രാജ്യത്തുള്ളവർക്ക് പകരം മറ്റാരെയും പരിഗണിക്കാമെന്നാണ് ടെക് കമ്പനികളുടെ നിലപാടെന്നും ട്രംപ് വിമർശിച്ചു.
ഈ സമീപനം അമേരിക്കക്കാരെ അവഗണിക്കപ്പെട്ടവരാക്കി മാറ്റി. അമേരിക്കൻ തൊഴിലാളികളെ വഞ്ചിച്ച് തീവ്രമായ ആഗോളവത്കരണത്തിനാണ് അവർ ഊന്നൽ നൽകുന്നത്. അത് ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ആത്മവിശ്വാസം ഇല്ലാതാക്കി. ചതിക്കപ്പെടുന്നതായി അവർക്ക് തോന്നി. അങ്ങനെ ചെയ്യുന്നതിന് പകരം അമേരിക്കയിലുള്ളവർക്ക് തൊഴിലവസവങ്ങൾ സൃഷ്ടിക്കുകയാണ് വേണ്ടത്. ട്രംപ് ഭരിക്കുമ്പോൾ ഇനി ഒരിക്കലും ഇങ്ങനെ സംഭവിക്കാൻ പാടില്ല. അമേരിക്കൻ കമ്പനികളിലെ തൊഴിലുകൾ അമേരിക്കക്കാർക്ക് മാത്രമുള്ളതാണ്. അമേരിക്ക നൽകുന്ന ചില സ്വാതന്ത്ര്യങ്ങൾ ദുരുപയോഗം ചെയ്ത് പ്രധാനപ്പെട്ട ടെക് കമ്പനികൾ രാജ്യത്തിന് പുറത്ത് വൻതോതിൽ നിക്ഷേപം നടത്തുകയാണെന്നും ട്രംപ് ആരോപിച്ചു. ആ ടെക് കമ്പനികൾ ചൈനയിൽ ഫാക്ടറികൾ സ്ഥാപിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ളവരെ അവിടെ ജോലിക്കായി നിയമിക്കുന്നു.
അങ്ങനെ ചെയ്യുന്ന കമ്പനികൾക്കെതിരെ നടപടികളുണ്ടാകുമെന്നും ട്രംപ് സൂചിപ്പിച്ചു. സിലിക്കൺ വാലി ദേശസ്‌നേഹത്തിന്റെ പുതിയ സത്ത ഉൾക്കൊള്ളണമെന്നും അത് സിലിക്കൺവാലിയും കടന്ന് പോകണമെന്നും ട്രംപ് പറഞ്ഞു.
എ.ഐ ഉച്ചകോടിയിൽ നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട മൂന്ന് എക്‌സിക്യുട്ടീവ് ഉത്തരവുകളിലും ട്രംപ് ഒപ്പുവെച്ചു. എ.ഐ കിടമത്സരത്തിൽ അമേരിക്കയുടെ മേധാവിത്തം നിലനിർത്താൻ ലക്ഷ്യമിട്ടുള്ള ഉത്തരവുകളാണിവ. ആപ്പിൾ, ഗൂഗ്ൾ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട കമ്പനികളെയാണ് ട്രംപ് ഉന്നമിട്ടത്.
