കൊളംബിയയക്ക് പിന്നാലെ ഹാര്‍വാര്‍ഡ് ഉള്‍പ്പെടെ സര്‍വകലാശാലകളില്‍ നിന്ന് വന്‍ പിഴ ഈടാക്കാന്‍ പദ്ധതി

കൊളംബിയയക്ക് പിന്നാലെ ഹാര്‍വാര്‍ഡ് ഉള്‍പ്പെടെ സര്‍വകലാശാലകളില്‍ നിന്ന് വന്‍ പിഴ ഈടാക്കാന്‍ പദ്ധതി


വാഷിംഗ്ടണ്‍: ക്യാമ്പസിലെ യഹൂദവിരുദ്ധത തടയുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് വൈറ്റ് ഹൗസ് നിരവധി സര്‍വകലാശാലകളില്‍ നിന്ന് പിഴ ഈടാക്കാന്‍ തയ്യാറെടുക്കുന്നു. ഫെഡറല്‍ ഫണ്ടിംഗ് ലഭ്യമാക്കുന്നതിന് പകരമായി ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നുണ്ട്.

കൊളംബിയ സര്‍വകലാശാലയുമായി ട്രംപ് ഭരണകൂടം ഉണ്ടാക്കിയ കരാര്‍ മറ്റ് സര്‍വകലാശാലകളുമായുള്ള ചര്‍ച്ചകള്‍ക്കുള്ള ബ്ലൂപ്രിന്റാണെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിവേചന വിരുദ്ധ നിയമം ലംഘിച്ചുവെന്ന ആരോപണം പരിഹരിക്കുന്നതിനും ഫെഡറല്‍ ഗ്രാന്റുകള്‍ പുനഃസ്ഥാപിക്കുന്നതിനുമായി കൊളംബിയ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഫെഡറല്‍ സര്‍ക്കാരിന് 200 മില്യണ്‍ ഡോളര്‍ നല്‍കാമെന്നാണ് കരാറില്‍ പറയുന്നത്. 

അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന സര്‍വകലാശാലയായ ഹാര്‍വാര്‍ഡുമായി ഒരു കരാര്‍ ഉണ്ടാക്കുന്നത് പ്രധാന ലക്ഷ്യമായി അവര്‍ കാണുന്നുണ്ടെങ്കിലും കോര്‍ണല്‍, ഡ്യൂക്ക്, നോര്‍ത്ത് വെസ്റ്റേണ്‍, ബ്രൗണ്‍ എന്നിവയുള്‍പ്പെടെ നിരവധി സര്‍വകലാശാലകളുമായി ഭരണകൂടം ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് ഇതുമായി ബന്ധപ്പെട്ട സ്രോതസ്സുകളില്‍ നിന്നും ലഭിക്കുന്ന വിവരം. 

കരാറിലൂടെ ഹാര്‍വാര്‍ഡില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ ഈടാക്കാമെന്നാണ് വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഹാര്‍വാര്‍ഡ് തയ്യാറായില്ല. 

കൊളംബിയയില്‍ നിന്ന് വ്യത്യസ്തമായ തന്ത്രം പിന്തുടര്‍ന്ന് ഫെഡറല്‍ കോടതിയില്‍ ഭരണകൂടത്തിനെതിരെ കേസ് കൊടുക്കാനാണ് തീരുമാനം. ഹാര്‍വാര്‍ഡിന്റെ ഫെഡറല്‍ ഗവേഷണ സാമ്പത്തികത്തിലെ കോടിക്കണക്കിന് ഡോളര്‍ മരവിപ്പിച്ചത് കൂടാതെ ഭാവിയിലെ ഗ്രാന്റുകളില്‍ നിന്ന് സര്‍വകലാശാലയെ വിച്ഛേദിക്കുകയും ചെയ്തു. 

കോര്‍ണലിന്റെ വക്താവ് അഭിപ്രായം പറയാന്‍ വിസമ്മതിച്ചതിന് പുറമേ ബ്രൗണ്‍, നോര്‍ത്ത് വെസ്റ്റേണ്‍, ഡ്യൂക്ക് എന്നിവയും അഭിപ്രായ പ്രകടനത്തിന് തയ്യാറായില്ല. 

ഫെഡറല്‍ ഗവണ്‍മെന്റും സര്‍വകലാശാലകളും തമ്മിലുള്ള ബന്ധത്തില്‍ കൊളംബിയ കരാര്‍ ശ്രദ്ധേയമായ മാതൃകയാണ് സൃഷ്ടിക്കുന്നത്. 

കൊളംബിയ കരാര്‍ വിദ്യാര്‍ഥി പ്രവേശനത്തിലും ഫാക്കല്‍റ്റി നിയമനത്തിലും 'വംശീയമായി അടിസ്ഥാനമാക്കിയുള്ള ഫലങ്ങള്‍ നേടുന്നതിനുള്ള നിയമവിരുദ്ധ ശ്രമങ്ങള്‍' പ്രോത്സാഹിപ്പിക്കുന്ന പ്രോഗ്രാമുകളെ നിരോധിക്കുന്നു. മിഡില്‍ ഈസ്റ്റേണ്‍ പഠനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വകുപ്പിലെ പ്രോഗ്രാമുകള്‍ അവലോകനം ചെയ്യുന്നതിന് ഒരു സീനിയര്‍ വൈസ് പ്രൊവോസ്റ്റിനെ നിയമിക്കണമെന്ന് അത് ആവശ്യപ്പെടുന്നു. 'ശക്തവും ബുദ്ധിപരമായി വൈവിധ്യപൂര്‍ണ്ണവുമായ അക്കാദമിക് അന്തരീക്ഷത്തിലേക്ക് സംഭാവന ചെയ്യുന്നതിനായി' ജൂത പഠനങ്ങള്‍, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രീയ ശാസ്ത്രം എന്നിവയില്‍ പുതിയ ഫാക്കല്‍റ്റി അംഗങ്ങളെ നിയമിക്കുകയും ചെയ്യുന്നു.

കൊളംബിയ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഒരു ഫെഡറല്‍ ജഡ്ജിയെ ചുമതലപ്പെടുത്തേണ്ട സമ്മത ഉത്തരവ് കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പകരം, കൊളംബിയയും സര്‍ക്കാരും സംയുക്തമായി തെരഞ്ഞെടുത്തതും സ്‌കൂള്‍ പണം നല്‍കിയതുമായ ഒരു 'റെസല്യൂഷന്‍ മോണിറ്റര്‍' കൊളംബിയയുടെ നിലപാടുകള്‍ നിരീക്ഷിക്കും.

ജൂത വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതിന് ഇത് പര്യാപ്തമല്ലെന്ന് കരുതുന്നവര്‍ക്കും അത് സര്‍വകലാശാലയുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നുവെന്നും കരുതുന്നവര്‍ക്കും ഇടയില്‍ കൊളംബിയ കാംപസില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. 

ജൂത സമൂഹത്തിനുവേണ്ടി പൗരാവകാശങ്ങള്‍ക്കായി വാദിക്കുന്ന ലോഫെയര്‍ പ്രോജക്ടിലെ സീനിയര്‍ കൗണ്‍സല്‍ ജെറാര്‍ഡ് ഫിലിറ്റി പറഞ്ഞത് കരാര്‍ സെമിറ്റിക് വിരുദ്ധതയെ അഭിസംബോധന ചെയ്യാന്‍ കൂടുതല്‍ ഒന്നും ചെയ്യാത്തതില്‍ താന്‍ നിരാശനാണെന്നാണ്. എന്നാല്‍ പിഴ 'ഭാവിയില്‍ ജൂത വിദ്യാര്‍ഥികളുടെ പൗരാവകാശങ്ങള്‍ അവഗണിക്കുന്നതില്‍ നിന്ന് കൊളംബിയയെ തടയും' എന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

രാജ്യത്തുടനീളമുള്ള അക്കാദമിക് വിദഗ്ധരില്‍ നിന്നും സര്‍വകലാശാലാ നേതാക്കളില്‍ നിന്നും ഈ കരാറിന് സമ്മിശ്രവും ശക്തവുമായ പ്രതികരണങ്ങളാണ് ലഭിച്ചത്.

സര്‍വകലാശാലകള്‍ക്കായുള്ള പ്രധാന ലോബിയിംഗ് ഗ്രൂപ്പായ അമേരിക്കന്‍ കൗണ്‍സില്‍ ഓണ്‍ എഡ്യൂക്കേഷന്റെ പ്രസിഡന്റ് ടെഡ് മിച്ചലിന്റെ അഭിപ്രായത്തില്‍ സെമിറ്റിക് വിരുദ്ധ അവകാശവാദങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ ഉപയോഗിക്കുന്ന സാധാരണ നടപടിക്രമങ്ങളില്ലാതെ സാമ്പത്തിക പിഴ ചുമത്തിയത് ഭയാനകമാണെന്ന് വ്യക്തമാക്കി. അമേരിക്കന്‍ ഉന്നത വിദ്യാഭ്യാസത്തോടുള്ള സര്‍ക്കാരിന്റെ സമീപനത്തിന് മാതൃകയാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹാര്‍വാര്‍ഡിന്റെ മുന്‍ പ്രസിഡന്റ് ലോറന്‍സ് സമ്മേഴ്സ് ഉള്‍പ്പെടെയുള്ളവര്‍ കരാറിനെ പ്രതിരോധിക്കുകയും മറ്റ് സ്ഥാപനങ്ങളുള്ളവര്‍ക്ക് 'മികച്ച മാതൃക' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

കാലിഫോര്‍ണിയ സര്‍വകലാശാലയുടെ മുന്‍ പ്രസിഡന്റായ മാര്‍ക്ക് യുഡോഫ് ഈ ഇടപാടിനെ അനുകൂലമായി കാണുന്നുവെന്നും, കൊളംബിയയ്ക്ക് ക്യാമ്പസിലെ അച്ചടക്കം, ക്രമസമാധാനം എന്നിവയുമായി ബന്ധപ്പെട്ട് എതിര്‍ക്കപ്പെടാവുന്ന നയങ്ങളുണ്ടെന്നും അത് പരിഹരിക്കാന്‍ സഹായിക്കുമെന്നും പറഞ്ഞു.

കരാര്‍ പ്രകാരം സര്‍വകലാശാലാ പ്രസിഡന്റുമാര്‍ക്ക് തങ്ങള്‍ വിയോജിക്കുന്ന ഫാക്കല്‍റ്റിയെ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ പ്രേരിപ്പിക്കുന്നതിനുള്ള പരിരക്ഷ നല്‍കുന്നുണ്ടെന്ന് യുഡോഫ് പറഞ്ഞു. 

രണ്ട് വലിയ ബ്രാന്‍ഡുകളും വീണാല്‍ ബാക്കിയുള്ളവര്‍ക്ക് ട്രംപിനെതിരെ എന്ത് സാധ്യതയാണുള്ളതെന്ന ചോദ്യമാണ് ഉന്നത വിദ്യാഭ്യാസ ആശയ വിനിമയങ്ങളില്‍ വൈദഗ്ധ്യം നേടിയ ടിവിപി കമ്യൂണിക്കേഷന്‍സിലെ പ്രിന്‍സിപ്പല്‍ തെരേസ വലേരിയോ പാരറ്റ് ചോദിക്കുന്നത്.

കൊളംബിയയക്ക് പിന്നാലെ ഹാര്‍വാര്‍ഡ് ഉള്‍പ്പെടെ സര്‍വകലാശാലകളില്‍ നിന്ന് വന്‍ പിഴ ഈടാക്കാന്‍ പദ്ധതി