ആലപ്പുഴ: വി എസ് അച്യുതാനന്ദന്‍ ഇനി കനല്‍ കാലത്തിന്റെ ഓര്‍മ. ആയിരങ്ങള്‍ ഉറക്കെ വിളിച്ച മുദ്രാവാക്യത്തോടൊപ്പം കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും അനന്തതയില്‍ ലയിച്ചു.
തോരാതെ പെയ്ത മഴയിലും വി എസിനെ അവാസനമായി കാണാന്‍ കാത്തുനിന്ന ആയിരങ്ങളെ സാക്ഷിയാക്കി പുന്നപ്രയിലെ വലിയ ചുടുകാട്ടില്‍ മകന്‍ ഡോ. അരുണ്‍ കുമാര്‍ വി എസ് അച്യുതാനന്ദന്റെ ചിതയ്ക്ക് തീ കൊളുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വലിയ ചുടുകാട്ടില്‍ വി എസിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടിലും സി പി എം ജില്ലാ കമ്മിറ്റി ഓഫിസിലും ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലും വി എസ് അച്യുതാനന്ദനെ അവസാനമായി കാണാന്‍ പൊതുദര്‍ശനം ഒരുക്കിയിരുന്നു.
ആയിരങ്ങള്‍ ഒഴുകിയെത്തിയതോടെ നേരത്തെ നിശ്ചയിച്ച സമയത്തില്‍ നിന്നും മണിക്കൂറുകളാണ് സംസ്‌ക്കാരച്ചടങ്ങുകള്‍ വൈകിയത്.
പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയ ശേഷം മൃതദേഹം വലിയ ചുടുകാട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. നൂറു കണക്കിന് പേരാണ് വിലാപ യാത്രയില്‍ പങ്കാളികളായത്.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംസ്‌കാരത്തിന് സാക്ഷിയാകുന്നതിന് വലിയ ചുടുകാട്ടില്‍ എത്തിയതിനാല്‍ കനത്ത സുരക്ഷയാണ് ഉറപ്പു വരുത്തിയത്. പൊതുജനങ്ങള്‍ക്ക് ചുടുകാട്ടിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല.