ന്യൂഡല്‍ഹി: ഗാല്‍വാന്‍ താഴ്വരയിലെ സൈനിക ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് ആടിയുലഞ്ഞ ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യ ഈ ആഴ്ച മുതല്‍ ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കുന്നത് പുന:രാരംഭിക്കുന്നു.
കോവിഡിനെ തുടര്‍ന്ന് 2020ല്‍ ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കുന്നത് ഇന്ത്യ താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. മാത്രമല്ല കിഴക്കന്‍ ലഡാക്ക് അതിര്‍ത്തി തര്‍ക്കവും നിയന്ത്രണങ്ങള്‍ തുടരാന്‍ കാരണമായി.
വ്യാഴാഴ്ച മുതല്‍ ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാമെന്ന് ബീജിംഗിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
വിസയ്ക്ക് അപേക്ഷിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങളും ബീജിംഗ്, ഷാങ്ഹായ്, ഗ്വാങ്ഷൂ എന്നിവിടങ്ങളിലെ അതത് ഇന്ത്യന്‍ വിസ അപേക്ഷാ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കേണ്ട രേഖകളും വിജ്ഞാപനത്തില്‍ വിശദീകരിച്ചു.
വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ബീജിംഗില്‍ ചൈനീസ് മന്ത്രി വാങ് യിയുമായി ചര്‍ച്ചകള്‍ നടത്തി ഏകദേശം ഒന്നര ആഴ്ചയ്ക്ക് ശേഷമാണ് ടൂറിസ്റ്റ് വിസ പുന:രാരംഭിക്കാന്‍ ഇന്ത്യന്‍ എംബസി തീരുമാനിച്ചത്.
ജൂലൈ 14, 15 തിയ്യതികളില്‍ ഷാങ്ഹായ് സഹകരണ സംഘടനയുടെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് ജയ്ശങ്കര്‍ ചൈന സന്ദര്‍ശിച്ചത്.
വിദേശകാര്യ മന്ത്രി ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്ങുമായി ചര്‍ച്ച നടത്തുകയും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നത് പരസ്പരം ഗുണകരമായ ഫലങ്ങള്‍ കൈവരിക്കുമെന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.
2020 ജൂണില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളെ തുടര്‍ന്ന് ഉഭയകക്ഷി ബന്ധത്തെ ഗുരുതുരമായി ബാധിച്ചിരുന്നത് നന്നാക്കാന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയും ചൈനയും നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍ എ സി) ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചതിനെത്തുടര്‍ന്നാണ് ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
വാങുമായുള്ള കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ബന്ധത്തിന് ഇരുപക്ഷവും 'ദീര്‍ഘവീക്ഷണമുള്ള സമീപനം' സ്വീകരിക്കണമെന്ന് ജയ്ശങ്കര്‍ പറഞ്ഞു.
കഴിഞ്ഞ മാസം, ഏകദേശം അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുപക്ഷവും കൈലാസ് മാനസരോവര്‍ യാത്ര പുന:രാരംഭിച്ചു.