ഗാസിയാബാദ്: ഗാസിയാബാദില്‍ വാടക വീട്ടില്‍ അനധികൃത എംബസി നടത്തിയ ആളെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റുചെയ്തു. മൈക്രോനേഷനുകളുടെ അംബാസഡര്‍ എന്ന് അവകാശപ്പെട്ട് വ്യാജ എംബസി സ്ഥാപിച്ച ഹര്‍ഷ വര്‍ധന്‍ ജെയിന്‍ എന്ന വ്യക്തിയാണ് അറസ്റ്റിലായത്. വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റുകളുള്ള വാഹനങ്ങള്‍ ഉപയോഗിച്ച ഇയാള്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രസിഡന്റ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചാണ് ആളുകളെ കബളിപ്പിച്ചത്.
വെസ്റ്റ് ആര്‍ക്ടിക്ക, സെബോര്‍ഗ, പൗള്‍വിയ, ലോഡോണിയ തുടങ്ങിയ സാങ്കല്‍പ്പിക രാജ്യങ്ങളുടെ പേരില്‍ വ്യാജ നയതന്ത്ര ദൗത്യം നടത്തിയെന്നാരോപിച്ച് എന്ന പ്രതിയെ അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. മൈക്രോനേഷനുകള്‍ എന്ന് വിളിക്കപ്പെടുന്നവയുടെ കോണ്‍സല്‍ അംബാസഡര്‍ ആയി സ്വയം പരിചയപ്പെടുത്തി ജെയിന്‍, വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ച കാറുകള്‍ ഉപയോഗിച്ചെന്ന് ഉത്തര്‍പ്രദേശ് പോലീസിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (ക്രമസമാധാനം) അറിയിച്ചു. നാല് വാഹനങ്ങളും അധികൃതര്‍ പിടിച്ചെടുത്തു. 44,70,000 രൂപയും ഒന്നിലധികം രാജ്യങ്ങളുടെ വിദേശ കറന്‍സിയും കണ്ടെടുത്തു. സാങ്കല്‍പ്പിക രാജ്യങ്ങളുടെ പേരില്‍ നല്‍കിയതായി കരുതപ്പെടുന്ന 12 വ്യാജ നയതന്ത്ര പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തു.
വിദേശകാര്യ മന്ത്രാലയത്തിന്റെ വ്യാജ സീലുകള്‍ പതിച്ച വ്യാജ രേഖകള്‍, രണ്ട് വ്യാജ പാന്‍ കാര്‍ഡുകള്‍, വിവിധ രാജ്യങ്ങളില്‍ നിന്നും കമ്പനികളില്‍ നിന്നുമുള്ള 34 വ്യാജ മുദ്രകള്‍, രണ്ട് വ്യാജ പ്രസ് കാര്‍ഡുകള്‍, ഇരകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള കമ്പനി രേഖകള്‍, അന്താരാഷ്ട്ര ജോലി നിയമനങ്ങള്‍, വ്യാജ നയതന്ത്ര പദവി എന്നിവയും റെയ്ഡില്‍ കണ്ടെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും പൊലീസ് അറിയിച്ചു.
ഒരു സ്വതന്ത്ര രാജ്യമാണെന്ന് അവകാശപ്പെടുന്നതും എന്നാല്‍ ഏതെങ്കിലും ഔദ്യോഗിക സര്‍ക്കാരോ അന്താരാഷ്ട്ര സംഘടനയോ അംഗീകരിക്കാത്തതുമായ ഒരു ചെറിയ, സ്വയം പ്രഖ്യാപിത രാജ്യങ്ങളുടെ സ്ഥാപനമാണ് മൈക്രോനേഷന്‍.
പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഹര്‍ഷ വര്‍ധന്‍ ഷെല്‍ കമ്പനികള്‍ വഴി ഹവാല ഇടപാടുകള്‍ നടത്തിയെന്ന കണ്ടെത്തലുമുണ്ട്. നയതന്ത്രജ്ഞനെന്ന വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച്, ഹര്‍ഷ വര്‍ധന്‍ വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്ന് പണം തട്ടിയതായും പരാതിയുണ്ട്.
ഗാസിയാബാദില്‍ മൈക്രോ നേഷന്‍ രാജ്യങ്ങളുടെ പേരില്‍ വ്യാജ എംബസി തുറന്നയാളെ അറസ്റ്റുചെയ്തു
