ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ കള്ളക്കേസ് കൊടുത്ത് ജയിലിടപ്പിച്ച 2022 ബാച്ച് മേഘാലയ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥയായ ശിവാങ്കി ബെന്‍സാനിലിന് സുപ്രീം കോടതി വക എട്ടിന്റെ പണി. പോലീസ് ഓഫീസര്‍ എന്ന പദവി ദുരുപയോഗം ചെയ്ത് ഭര്‍ത്തൃവീട്ടുകാരെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിന് പകരമായി അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ രണ്ട് ദേശീയ ദിനപ്പത്രങ്ങളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നിരുപാധികം മാപ്പു പറഞ്ഞ് പരസ്യം കൊടുക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളിലാണ് പരസ്യം നല്‍കേണ്ടത്.
വിവാഹമോചനവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് നല്‍കിയ കേസിന് ബദലായി ആറ് വ്യാജ ക്രിമിനല്‍ കേസുകള്‍ നല്‍കി ശിവാങ്കി ഭര്‍ത്താവിനേയും അയാളുടെ പിതാവിനേയും ജയിലിലടപ്പിച്ചിരുന്നു. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പോലീസിലെ സ്വാധീനമുപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത നിലവിലുള്ള എല്ലാ കേസുകളും സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി, ജസ്റ്റിസ് എജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് മാപ്പ് പരസ്യപ്പെടുത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
പരസ്യ ക്ഷമാപണം പറഞ്ഞു കൊണ്ട് പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാനുള്ള അപേക്ഷയുടെ മാതൃകയും കോടതി നല്കി. ഒരു കാരണവശാലും കോടതി നല്‍കിയ പരസ്യമാതൃക തിരുത്താന്‍ പാടില്ലെന്നും വ്യക്തമാക്കി. പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യം ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ്, യുട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും ഷെയര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2015ല്‍ വിവാഹിതരായ ശിവാങ്കിയും ഭര്‍ത്താവും 2018 മുതല്‍ വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നു. വിവാഹമോചനത്തിനായി കോടതിയേയും സമീപിച്ചിരുന്നു. ഈ ദാമ്പത്യബന്ധത്തിലുള്ള മകളെ അമ്മയോടൊപ്പം താമസിക്കാന്‍ കോടതി അനുവദിച്ചു. ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും അവളെ കാണാമെന്നും നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെയാണ് കൊലപാതകശ്രമം, ബലാല്‍സംഗം, വിശ്വാസവഞ്ചന, ഗാര്‍ഹികപീഡനം തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഭര്‍ത്താവിനും പിതാവിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനും പുറമെ കുടുംബകോടതിയില്‍ നഷ്ടപരിഹാരം തേടിയും കേസ് നല്‍കിയിരുന്നു.
കള്ളക്കേസുകള്‍ നിമിത്തം ഭര്‍ത്താവിന് 109 ദിവസവും പിതാവിന് 103 ദിവസവും ജയിലില്‍ കിടക്കേണ്ടി വന്നു. അവര്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ക്ക് ഒരു തരത്തിലും പരിഹാരം കാണാന്‍ കഴിയില്ല. എന്നാലും അവര്‍ക്കുണ്ടായ മാനഹാനിയും മാനസികവ്യഥയും അകറ്റാന്‍ കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഭാര്യയും അവരുടെ വീട്ടുകാരും ചെയ്തു പോയ പാതകത്തിന് പരിഹാരം എന്നോണം ക്ഷമ പറഞ്ഞ് പരസ്യം നല്‍കാന്‍ പരമോന്നത കോടതി ഉത്തരവിട്ടത്.
ഭര്‍ത്താവിനും കുടുംബത്തിനും എതിരെ മേലില്‍ ഏതെങ്കിലും തരത്തിലുള്ള നിയമ നടപടികള്‍ സ്വീകരിക്കാന്‍ തന്റെ സ്ഥാനമോ സഹപ്രവര്‍ത്തകരുടെ അധികാരമോ ഉപയോഗിക്കരുതെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്ഷമാപണം ഒരു തരത്തിലും ദുരുപയോഗിക്കരുതെന്ന മുന്നറിയിപ്പ് ഭര്‍ത്താവിനും നല്‍കിയിട്ടുണ്ട്.
ഭര്‍ത്തൃവീട്ടുകാരെ കള്ളക്കേസില്‍ കുടുക്കിയ ഐപിഎസുകാരി പത്രങ്ങളില്‍ മാപ്പ് പരസ്യപ്പെടുത്തണമെന്ന് സുപ്രീം കോടതി
