ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഹരജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഹരജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ്


ന്യൂഡല്‍ഹി: ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഹരജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്.

ഔദ്യോഗിക വസതിയില്‍ അനധികൃത നോട്ട് കൂമ്പാരം കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണ സമിതി, തന്റെ ഭാഗം കേട്ടില്ലെന്നാണ് ജസ്റ്റിസ് വര്‍മയുടെ പരാതി.

'ജഡ്ജിമാരുടെ സമിതി മുന്‍വിധിയോടെയാണ് പെരുമാറിയത്. റിപ്പോര്‍ട്ട് ഏകപക്ഷീയമാണ്. റിപ്പോര്‍ട്ട് കിട്ടിയതോടെ ഇംപീച്ച്‌മെന്റിനായി മുന്‍ ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതിക്ക് അയച്ചു. ഈ നടപടി ശരിയല്ലെന്നും' ബി.ആര്‍ ഗവായ് ഹരജിയില്‍ ചൂണ്ടികാട്ടുന്നു.

അതേസമയം കേസ് അടിയന്തരമായി കേള്‍ക്കണമെന്ന് ജസ്റ്റിസ് വര്‍മ്മയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

ഹരജി താന്‍ പരിഗണിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ ബെഞ്ചിലേക്ക് ചീഫ് ജസ്റ്റിസ് മാറ്റുന്നത്. ജസ്റ്റിസ് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ ശിപാര്‍ശ ചെയ്ത മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുമായി താന്‍ ചര്‍ച്ചകളില്‍ പങ്കാളിയായിരുന്നുവെന്നും അതിനാല്‍ ഈ കേസില്‍ വാദം കേള്‍ക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അതേസമയം ഇംപീച്ച്‌മെന്റ് നടപടിയുമായി പാര്‍ലമെന്റില്‍ കേന്ദ്രം മുന്നോട്ട് പോകുമ്പോഴാണ് ഹരജി വീണ്ടും സുപ്രീംകോടതി പരിഗണിക്കുന്നത്. ഡല്‍ഹിയിലെ 30 തുഗ്ലക്ക് ക്രസന്റ് വസതിയിലുണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വര്‍മയുടെ വസതിയില്‍ നിന്ന് കണക്കില്‍ പെടാത്ത തുക കണ്ടെത്തുന്നത്.