ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൽ ധാരണ; വാഹന-കാർഷിക മേഖലകളിൽ വലിയ ഇളവുകൾ

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൽ ധാരണ; വാഹന-കാർഷിക മേഖലകളിൽ വലിയ ഇളവുകൾ


ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും (EU) തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) ചർച്ചകൾക്ക് അന്തിമരൂപമായി. ജനുവരി 27ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ അറിയിച്ചു.

കരാർ പ്രകാരം വാഹനങ്ങൾ, യന്ത്രോപകരണങ്ങൾ എന്നിവയ്‌ക്കൊപ്പം വൈൻ, മദ്യവർഗങ്ങൾ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളിലേക്കുള്ള തീരുവകൾ ഇന്ത്യ വൻതോതിൽ കുറയ്ക്കുമെന്നാണ് സൂചന. ഇതോടെ ഇരുരാജ്യങ്ങളിലെയും വ്യാപാരബന്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുമെന്ന് വിലയിരുത്തുന്നു.

'കാർഷിക മേഖലയ്ക്ക് ഇത് വലിയ അവസരമാണ്. ഓട്ടോമോട്ടീവ്, മെഷിനറി മേഖലകളിൽ പൂർണമായും പുതിയ സഹകരണ അധ്യായമാണ് തുറക്കുന്നത്,' യൂറോപ്യൻ യൂണിയൻ വ്യാപാര മേധാവി മാരോഷ് ഷെഫ്‌ചോവിച്ച് പ്രതികരിച്ചു.

സേവന വ്യാപാര രംഗത്തും ടെലികോം, സമുദ്ര ഗതാഗതം, ധനകാര്യ സേവനങ്ങൾ തുടങ്ങിയ മേഖലകൾക്ക് കരാർ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ഈ രംഗങ്ങളിൽ സഹകരണം വർധിപ്പിക്കാൻ ഇന്ത്യ തയ്യാറാകുന്നത് നിർണായക നീക്കമാണെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി.

2007 മുതൽ ഇടയ്ക്കിടെ നിലച്ചും പുനരാരംഭിച്ചും വന്ന ചർച്ചകളാണ് ഇപ്പോൾ അന്തിമഘട്ടത്തിലെത്തിയത്. ഇന്ത്യയിൽ നടക്കുന്ന ഉച്ചകോടിക്കായി യൂറോപ്യൻ യൂണിയൻ നേതാക്കൾ മൂന്ന് ദിവസത്തെ സന്ദർശനത്തിലാണ് കരാർ ധാരണയായത്. ന്യൂഡൽഹിയും ബ്രസ്സൽസും തമ്മിലുള്ള വ്യാപാര-പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം.

അമേരിക്ക ഏർപ്പെടുത്തിയ ഉയർന്ന തീരുവകളും ചൈനയിൽ നിന്നുള്ള കുറഞ്ഞ വിലയുള്ള ഇറക്കുമതിയും വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് ഇന്ത്യ-ഇ.യു കരാർ യാഥാർഥ്യമായത്. ഇരുരാജ്യങ്ങൾക്കും പുതിയ വിപണി സാധ്യതകൾ തുറക്കുന്ന നിർണായക നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.