ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലാദ്യമായി ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ട്രെയിന്‍ അന്തിമ പരീക്ഷണ ഓട്ടത്തിനു സജ്ജമായി. ഹരിയാനയിലെ ജിന്‍ഡ്, സോനിപ്പത്ത് നഗരങ്ങള്‍ക്കിടയില്‍ റിപ്പബ്ലിക് ദിനമായ 26 മുതല്‍ പരീക്ഷണ ഓട്ടമുണ്ടാകും.
ഭാരംകയറ്റിയുള്ള ഈ പരീക്ഷണത്തിനുശേഷം പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അനുമതി ലഭിച്ചാല്‍ സ്ഥിരം സര്‍വീസ് ആരംഭിക്കും. പരിസ്ഥിതി സൗഹൃദവും നിര്‍മലവുമായ ഊര്‍ജത്തിലേക്കുളള രാജ്യത്തിന്റെ ചുവടുവയ്പ്പില്‍ പുതിയ നാഴികക്കല്ലാകും ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയിന്‍.
വെള്ളത്തില്‍ നിന്നാണ് ട്രെയ്ന്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഇന്ധനം ഉത്പാദിപ്പിക്കുന്നത്. ഒമ്പതു കിലോഗ്രാം വെള്ളത്തില്‍ നിന്ന് 900 ഗ്രാം ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാനാകും. ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇത്രയും മതിയാകും. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തിലാകും ട്രെയിന്‍ സഞ്ചരിക്കുക.
ഹൈഡ്രജന്‍ വാതക നിര്‍മാണത്തിനായി സ്പാനിഷ് കമ്പനി നിര്‍മിച്ച യൂണിറ്റ് ജിന്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുണ്ട്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്റ്ററിയില്‍ നിര്‍മിച്ച നാലു ഡ്രൈവര്‍ കാറുകളും 16 പാസഞ്ചര്‍ കോച്ചുകളും ഇതിനകം ഷാകുര്‍ ബസ്തി സ്റ്റേഷനിലെത്തി. രണ്ടു ഡ്രൈവര്‍ കാറുകളും എട്ടു പാസഞ്ചര്‍ കോച്ചുകളും വീതമാകും പരീക്ഷണത്തിന് ഉപയോഗിക്കുക. ട്രെയ്നിന്റെ രണ്ട് അഗ്രത്തിലും ഓരോ ഡ്രൈവര്‍ കാറുകളുണ്ടാകും.
