കേരളത്തില്‍ നിന്ന് കശ്മീരിലേക്കും അയോധ്യയിലേക്കും: തെരഞ്ഞെടുപ്പ് കമ്മീഷന്റെ തലപ്പത്തേക്ക് ഗ്യാനേഷ് കുമാറിന്റെ യാത്ര

കേരളത്തില്‍ നിന്ന് കശ്മീരിലേക്കും അയോധ്യയിലേക്കും: തെരഞ്ഞെടുപ്പ് കമ്മീഷന്റെ തലപ്പത്തേക്ക് ഗ്യാനേഷ് കുമാറിന്റെ യാത്ര


പത്തനംതിട്ടയിലെ സബ് കളക്ടര്‍ പദവിയില്‍ നിന്ന് രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ പരമോന്നത സ്ഥാനത്തേക്കാണ് ഗ്യാനേഷ് കുമാറിന്റെ ഉദ്യോഗസ്ഥ ജീവിതം വളര്‍ന്നത്. കേരളത്തിലെ ഭരണരംഗത്ത് ആരംഭിച്ച് കശ്മീരിന്റെ സംഘര്‍ഷഭൂമിയിലൂടെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലൂടെയും അയോധ്യയിലെ രാമക്ഷേത്ര പദ്ധതിയിലൂടെയും കടന്നുപോയാണ് അദ്ദേഹം ഒടുവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തലപ്പത്തെത്തിയത്.

ഇന്ന് രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ കേന്ദ്രത്തില്‍ നില്‍ക്കുന്ന പേരുകളിലൊന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റേത്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്ന് അംഗങ്ങളില്‍ രണ്ടുപേര്‍, കഴിഞ്ഞ പത്ത് മാസത്തിനിടെ തങ്ങളുടെ അറിവില്ലാതെ കൈക്കൊണ്ട തീരുമാനങ്ങളെക്കുറിച്ച് കുറഞ്ഞത് 14 തവണ ഔദ്യോഗികമായി എതിര്‍പ്പ് രേഖപ്പെടുത്തിയെന്ന ദി ഇന്ത്യന്‍ എക്‌സ്പ്രസ് അന്വേഷണ റിപ്പോര്‍ട്ടോടെയാണ് കമ്മീഷനിലെ ആഭ്യന്തര പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമായത്. 

എന്നാല്‍ ഗ്യാനേഷ് കുമാര്‍ എന്ന ഉദ്യോഗസ്ഥന്റെ യാത്ര മനസ്സിലാക്കണമെങ്കില്‍ ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തുനിന്ന് ഏറെ പിന്നിലേക്ക് പോകണം- കേരളത്തിലെ പത്തനംതിട്ടയിലേക്ക്.

പത്തനംതിട്ടയില്‍ തുടങ്ങി

1988 ബാച്ചിലെ കേരള കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍. ഐ ഐ ടി കാണ്‍പൂരില്‍ നിന്ന് ബി ടെക് നേടിയ അദ്ദേഹം ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പരിസ്ഥിതി സാമ്പത്തികശാസ്ത്രത്തിലും പഠനം നടത്തി.

1990-ല്‍ പത്തനംതിട്ടയില്‍ സബ് കളക്ടറായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. പിന്നീട് കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 2012-ല്‍ ഡല്‍ഹിയിലെ കേരള ഹൗസിന്റെ റെസിഡന്റ് കമ്മീഷണറായി.

അവിടെ നിന്നാണ് അദ്ദേഹത്തിന്റെ കരിയര്‍ ദേശീയതലത്തിലേക്ക് തിരിയുന്നത്. 2016 മേയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ കശ്മീര്‍ ഡിവിഷനില്‍ ജോയിന്റ് സെക്രട്ടറിയായി നിയമിതനായി. അന്നത്തെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങായിരുന്നു. കശ്മീര്‍ താഴ്വരയില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ നേതൃത്വത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്ന കാലഘട്ടവുമായിരുന്നു അത്. 

കശ്മീരിലെ നിര്‍ണായക അധ്യായം

2019-ല്‍ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിയായതോടെ ഗ്യാനേഷ് കുമാറിന്റെ ഔദ്യോഗിക ജീവിതത്തില്‍ മറ്റൊരു നിര്‍ണായക അധ്യായം തുറന്നു.

ജമ്മു കശ്മീരിന്റെ പുനഃസംഘടനയുമായി ബന്ധപ്പെട്ട ബില്‍ തയ്യാറാക്കുന്നതില്‍ അദ്ദേഹം പങ്കാളിയായി. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുകയും ചെയ്ത നടപടിയായിരുന്നു അതിന്റെ ഫലം.

2019 ആഗസ്റ്റ് 5ന് ശേഷമുള്ള കശ്മീരിലെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗ്യാനേഷ് കുമാറിന്റെ പങ്ക് അദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാരിലെ ഉന്നത നേതൃത്വത്തിന്റെ വിശ്വാസം നേടിക്കൊടുത്തതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കശ്മീരില്‍ നിന്ന് അദ്ദേഹത്തിന്റെ അടുത്ത പ്രധാന ദൗത്യം അയോധ്യയിലേക്കായിരുന്നു.

അയോധ്യയിലേക്ക്

അയോധ്യയിലെ രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് രൂപീകരിക്കുന്നതിലും ഗ്യാനേഷ് കുമാര്‍ പങ്കാളിയായി. പിന്നീട് രാമക്ഷേത്ര നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച പ്രധാന സ്ഥാപനമായി ഈ ട്രസ്റ്റ് മാറി.

ഇതിനിടെ 2020-ല്‍ അദ്ദേഹത്തിന്റെ കരിയറില്‍ ചെറിയൊരു തിരിച്ചടി നേരിട്ടു. 1988 ബാച്ചിലെ 24 ഐ എ എസ് ഉദ്യോഗസ്ഥരെ സെക്രട്ടറി തലത്തിലേക്ക് പരിഗണിച്ചപ്പോള്‍ ഗ്യാനേഷ് കുമാറിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല.

എന്നാല്‍ അധികം വൈകാതെ അദ്ദേഹം തിരിച്ചെത്തി. 2021 ഫെബ്രുവരിയില്‍ പാര്‍ലമെന്ററി കാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിതനായി. പിന്നീട് അമിത് ഷായുടെ കീഴില്‍ രൂപീകരിച്ച സഹകരണ മന്ത്രാലയത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചു. 

അദ്ദേഹത്തോടൊപ്പം ജമ്മു കശ്മീരില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ഉദ്യോഗസ്ഥന്‍ ഗ്യാനേഷ് കുമാറിന്റെ കാര്യങ്ങള്‍ സൂക്ഷ്മമായി പിന്തുടരുന്ന സ്വഭാവത്തെയും സമ്മര്‍ദസാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവിനെയും ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് വിശദീകരിച്ചിരുന്നു. സഹപ്രവര്‍ത്തകരോട് സൗഹൃദപരമായിരുന്നെന്നും ഒരിക്കലും നിയന്ത്രണം വിട്ട് പെരുമാറുന്നത് കണ്ടിട്ടില്ലെന്നും ആ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

വിരമിച്ച് രണ്ട് മാസം കഴിയുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്

2024 ജനുവരിയില്‍ വിരമിച്ച ഗ്യാനേഷ് കുമാര്‍ രണ്ട് മാസം കഴിയുന്നതിന് മുമ്പ് 2024 മാര്‍ച്ച് 15ന് തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കപ്പെട്ടു. തൊട്ടടുത്ത ദിവസം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തിയ്യതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.

തുടര്‍ന്നുള്ള തിരക്കേറിയ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ്, ഹരിയാന, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും അദ്ദേഹം കമ്മീഷന്റെ ഭാഗമായി.

മൂന്ന് അംഗ കമ്മീഷനിലെ ഏറ്റവും സീനിയര്‍ അംഗമായതിനാല്‍ അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. 2025 ഫെബ്രുവരിയില്‍ അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയിലെത്തി. 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റതിന് പിന്നാലെ ഗ്യാനേഷ് കുമാറിന്റെ ഭരണശൈലിയും ശ്രദ്ധിക്കപ്പെട്ടു. നിര്‍വാചന്‍ സദനിലെ ജീവനക്കാര്‍ ബയോമെട്രിക് സംവിധാനത്തിലൂടെ കൃത്യമായി ഹാജര്‍ രേഖപ്പെടുത്തണമെന്നായിരുന്നു ആദ്യകാല ഉത്തരവുകളില്‍ ഒന്ന്.

തുടര്‍ന്ന് കമ്മീഷന്‍ യോഗങ്ങളിലെ ചര്‍ച്ചകള്‍ കൂടുതല്‍ ചൂടേറിയതായി ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

പിന്നീട് രാജ്യവ്യാപകമായി രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിവെച്ചത് സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ് ഐ ആര്‍) ആയിരുന്നു. വോട്ടര്‍ പട്ടികകളുടെ പ്രത്യേക തീവ്രപരിഷ്‌കരണ നടപടിക്കിടെ വോട്ടര്‍മാരുടെ പേരുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിലും നീക്കം ചെയ്യുന്നതിലും ക്രമക്കേടുകള്‍ നടന്നുവെന്നും ഇത് ഭരണകക്ഷിക്ക് നേട്ടമുണ്ടാക്കുന്ന രീതിയിലാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷനും ഈ ആരോപണങ്ങള്‍ തള്ളി. 

പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും സജീവമായി. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച 'വോട്ട് മോഷണം' എന്ന ആരോപണം തെളിയിക്കുകയോ രാജ്യത്തോട് മാപ്പ് പറയുകയോ ചെയ്യണമെന്ന് ഗ്യാനേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. 

കമ്മീഷനിലെ ഭിന്നത

ഇതിനിടെയാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആന്തരിക പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ തിരിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ കുറഞ്ഞത് 14 തവണ വിവിധ നടപടികളില്‍ ഔദ്യോഗികമായി എതിര്‍പ്പ് രേഖപ്പെടുത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. പുതിയ വോട്ടര്‍മാരുമായി ബന്ധപ്പെട്ട ഫോമുകളിലെ മാറ്റങ്ങള്‍, വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട നടപടികള്‍, ഡേറ്റ കൈകാര്യം ചെയ്യല്‍ തുടങ്ങിയ വിഷയങ്ങളിലാണ് എതിര്‍പ്പുകള്‍ ഉയര്‍ന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

എന്നാല്‍ ഈ രേഖകളും അഭിപ്രായവ്യത്യാസങ്ങളും സ്ഥാപനത്തിനകത്തെ സാധാരണ തീരുമാനമെടുക്കല്‍ പ്രക്രിയയുടെ ഭാഗമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. കമ്മീഷനിലെ തീരുമാനങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പൂര്‍ണ കമ്മീഷന്റെ ഏകകണ്ഠമായ തീരുമാനങ്ങളായിരുന്നുവെന്നും ഔദ്യോഗിക പ്രതികരണത്തില്‍ വ്യക്തമാക്കി. 

വിവാദത്തിനിടെ വീണ്ടും പൊങ്ങി കേരളത്തിലെ അഴിമതിക്കേസ്

2006ല്‍ ക്വാലാലംപൂരില്‍ ആത്മഹത്യ ചെയ്ത ലീ ബീന്‍ സീനിന്റെ ആത്മഹത്യാ കുറിപ്പില്‍ ഗ്യാനേഷ് കുമാറിന്റെ പേര് പരാമര്‍ശിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കിയ കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ടിന് മലേഷ്യന്‍ കമ്പനിയായ പതിയും കേരളത്തിലെ ഭാഗീരഥ കണ്‍സ്ട്രക്ഷനും ചേര്‍ന്ന് രൂപീകരിച്ച പതി ബെല്‍ കമ്പനിയുടെ കേരളത്തിലെ ചുമതല വഹിച്ച പ്രൊജക്ട് ഓഫിസറായിരുന്നു ലീ ബീന്‍ സീന്‍.  

2006 നവംബറില്‍ കേരളത്തില്‍ നിന്ന് മടങ്ങിയ ലീ ക്വലാലംപൂരില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ലീയുടെ ആത്മഹത്യാക്കുറിപ്പില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള പീഡനം, അഴിമതി, കെടുകാര്യസ്ഥത തുടങ്ങിയവയെക്കുറിച്ച് വിശദീകരിച്ചിരുന്നു. ഇതില്‍ ഗ്യാനേഷ് കുമാറിന്റെ പേര് പ്രധാനമായും പരാമര്‍ശിക്കപ്പെട്ടിരുന്നു. കൈക്കൂലി ആവശ്യപ്പെട്ടതായും കുറിപ്പില്‍ ആരോപിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്. ഈ ആരോപണങ്ങളെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടക്കുകയും 2006ല്‍ തന്നെ ഗ്യാനേഷ് കുമാറിനെ പൊതുമരാമത്ത് വകുപ്പില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു. 2016 കോടി രൂപയില്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന പദ്ധതി ബില്ലുകള്‍ മാറുന്നതിലെ കാലതാമസവും കെടുകാര്യസ്ഥതയും മൂലം 330 കോടി രൂപ ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്.