തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ബി ജെ പി ടിക്കറ്റില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുകൂടെ എന്ന് ഗ്യാനേഷ്‌കുമാര്‍ തന്നോട് ചോദിച്ചു. ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകാമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താതിപര്യമില്ലെന്ന് താന്‍ മറുപടി നല്‍കിയെന്നും ജിജി തോംസണ്‍ സ്വകാര്യ ന്യൂസ് ചാനലിനോട് പറഞ്ഞു.
2016ല്‍ ഡല്‍ഹി വിമാനയാത്രയ്ക്കിടെയായിരുന്നു ഈ സംഭാഷണം. ഗ്യാനേഷ് കുമാര്‍ അല്ലല്ലോ ഈ ഓഫര്‍ വെക്കേണ്ടതെന്നും ഗ്യാനേഷ് കുമാറിന്റെ ഈ നീക്കം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജിജി തോംസണ്‍ വെളിപ്പെടുത്തി. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചാല്‍ ബി ജെ പിയിലേക്ക് ചേരാന്‍ ആയിരുന്നു ഗ്യാനേഷ്‌കുമാറിന്റെ നിര്‍ദേശം. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കുമെന്നും പറഞ്ഞു. ജിജി തോംസണ്‍ സര്‍വീസില്‍ ഇരിക്കെയാണ് ഗ്യാനേഷ് ഇത്തരമൊരു ക്ഷണം മുന്നോട്ടുവെക്കുന്നത്. എന്നാല്‍, ക്ഷണം നിരസിക്കുകയായിരുന്നുവെന്നാണ് ജിജി തോംസണ്‍ വെളിപ്പെടുത്തിയത്.
