വാഷിംഗ്ടണുമായുള്ള ചര്‍ച്ചകളില്‍ ഇനി വിശ്വാസമില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍

വാഷിംഗ്ടണുമായുള്ള ചര്‍ച്ചകളില്‍ ഇനി വിശ്വാസമില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍


തെഹ്റാന്‍: നയതന്ത്ര ചര്‍ച്ചകള്‍ക്ക് പിന്നാലെ അമേരിക്ക ആവര്‍ത്തിച്ച് ആക്രമണങ്ങളും ഉപരോധങ്ങളും ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വാഷിംഗ്്ടണുമായുള്ള ചര്‍ച്ചകളില്‍ ഇനി ഇറാന് വിശ്വാസമില്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പെസഷ്‌കിയാന്‍ നിലപാട് വ്യക്തമാക്കിയത്. ഇറാനും അമേരിക്കയും തമ്മില്‍ ഖത്തറും പാകിസ്ഥാനും മധ്യസ്ഥത വഹിക്കുന്നുണ്ടെന്നും ഇറാന്റെ സന്ദേശങ്ങള്‍ അമേരിക്കയെ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇരു രാജ്യങ്ങളും നേരത്തെ ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും കരാറിലെ നിലപാട് അമേരിക്ക വ്യക്തമാക്കണമെന്നും പെസഷ്‌കിയാന്‍ ആവശ്യപ്പെട്ടു.

ചര്‍ച്ചകളിലൂടെ ഹോര്‍മുസ് പ്രതിസന്ധിക്ക് പരിഹാരം കാണാം

ഹോര്‍മുസ് കടലിടുക്ക് അടച്ചിടേണ്ട സാഹചര്യമുണ്ടാക്കിയതിന് അമേരിക്കയെ കുറ്റപ്പെടുത്തിയ പെസഷ്‌കിയാന്‍ ഇറാനിലേക്കുള്ള വഴികള്‍ വാഷിങ്ടണ്‍ തടഞ്ഞുവെന്നും ആരോപിച്ചു.

ഇറാനിലേക്കുള്ള വഴികള്‍ തടയപ്പെടുമ്പോള്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നത് സ്വാഭാവിക പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു.

സൈനിക നടപടിക്ക് പകരം ചര്‍ച്ചകളിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്ന് പെസഷ്‌കിയാന്‍ വ്യക്തമാക്കി. ചര്‍ച്ചകളിലൂടെ തര്‍ക്കത്തിന് പരിഹാരം ഉണ്ടായാല്‍ വ്യാപാരത്തിനായി കടലിടുക്ക് തുറന്നുതന്നെ വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

യമനിലെ ഹൂതി പ്രസ്ഥാനവും സൗദി അറേബ്യയും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ആവശ്യമെങ്കില്‍ ഈ പ്രക്രിയയില്‍ ഇറാന്‍ സഹായിക്കാമെന്നും അദ്ദേഹം പറഞ്ഞു.

യമനിലെ സംഭവവികാസങ്ങളില്‍ ഇറാന് പങ്കില്ലെന്നും അവയ്ക്ക് ഇറാനുമായി ബന്ധമില്ലെന്നും പെസഷ്‌കിയാന്‍ വ്യക്തമാക്കി.

യുദ്ധത്തിന് ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പെസഷ്‌കിയാന്‍

ഇറാന്‍ യുദ്ധത്തിന് ശ്രമിക്കില്ലെന്നും മേഖലയില്‍ രാജ്യങ്ങള്‍ തങ്ങളുടെ തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു സഹോദരന്‍ മറ്റൊരു സഹോദരനുമായി പോരാടരുതെന്നും പെസഷ്‌കിയാന്‍ പറഞ്ഞു.

മേഖലയുടെ വിഭവങ്ങളുടെ നിയന്ത്രണം നേടുന്നതിനായി മുസ്ലിം രാജ്യങ്ങളെ പരസ്പരം ഏറ്റുമുട്ടിക്കാന്‍ അമേരിക്കയും ഇസ്രയേലും ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മറ്റ് മുസ്ലിം രാജ്യങ്ങളുടെ വ്യോമപാത ഉപയോഗിച്ചാണ് അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇറാന്‍ ഭരണകൂടത്തിനുള്ളില്‍ ഭിന്നത സൃഷ്ടിക്കാന്‍ എതിരാളികള്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ രാജ്യം ഇതുവരെ കാണാത്ത തരത്തിലുള്ള ഐക്യത്തിലൂടെയാണ് മുന്നോട്ടുപോകുന്നതെന്നും പെസഷ്‌കിയാന്‍ പറഞ്ഞു.

ഉപരോധം ഇറാനെ ദുര്‍ബലപ്പെടുത്തില്ല

ഉപരോധങ്ങളിലൂടെ ഇറാനെ ദുര്‍ബലപ്പെടുത്താമെന്ന് അമേരിക്കയും ഇസ്രയേലും കരുതുന്നുവെങ്കില്‍ അത് തെറ്റായ കണക്കുകൂട്ടലാണെന്നും പെസഷ്‌കിയാന്‍ പറഞ്ഞു. ഇറാന്‍ സ്വയംപര്യാപ്തമാകുന്നത് തടയുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ ജനങ്ങളില്‍ നിക്ഷേപം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്‍ സര്‍ക്കാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ തകരുമെന്ന കണക്കുകൂട്ടലിലാണ് അമേരിക്കയും ഇസ്രയേലും പ്രാദേശിക രാജ്യങ്ങളെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴച്ചതെന്നും പെസഷ്‌കിയാന്‍ ആരോപിച്ചു.

പ്രാദേശിക സഹകരണത്തിലൂടെ സുരക്ഷ

മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെയാണ് പ്രാദേശിക സുരക്ഷ ഉറപ്പാക്കേണ്ടതെന്ന് പെസഷ്‌കിയാന്‍ പറഞ്ഞു.

ഇറാന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും മിഡില്‍ ഈസ്റ്റിന് ഒരു രാജ്യം മാത്രം 'പൊലീസുകാരന്റെ' നിലയില്‍ പ്രവര്‍ത്തിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.