ഫഗ്വാര: വിദ്യാർഥിനിയെ ബലാത്സംഗം ചെയ്‌തെന്ന സ്ഥിരീകരിക്കാത്ത ആരോപണം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പഞ്ചാബിലെ ഫഗ്വാര ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിൽ (എൽപിയു) വൻ പ്രതിഷേധം. ശനിയാഴ്ച അർധരാത്രിക്ക് ശേഷമാണ് പെൺകുട്ടികളുടെ ഹോസ്റ്റലിന് സമീപം പ്രതിഷേധം ആരംഭിച്ചത്. ഞായറാഴ്ച പുലർച്ചെയോടെ പ്രതിഷേധം അക്രമാസക്തമായി.
പ്രതിഷേധത്തിനിടെ വിദ്യാർഥികൾ ക്യാമ്പസിലെ ജനൽച്ചില്ലുകൾ തകർക്കുകയും ഇഷ്ടികകളും പൂച്ചട്ടികളും വലിച്ചെറിയുകയും കെട്ടിടത്തിന്റെ ചില ഭാഗങ്ങൾക്ക് തീയിടുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. സർവകലാശാലയുടെ പ്രധാന കവാടവും പ്രതിഷേധക്കാർ തകർത്തതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ഫഗ്വാര-ജലന്ധർ ദേശീയപാതയിലും ചണ്ഡീഗഢ്-അമൃത്സർ ദേശീയപാതയിലും വിദ്യാർഥികൾ ഉപരോധം നടത്തിയതോടെ ഗതാഗതം തടസ്സപ്പെട്ടു.
സെപ്തംബർ 26ന് രാത്രിയോടെയാണ് ക്യാമ്പസിൽ പുറത്തുനിന്നെത്തിയ ഒരാൾ വിദ്യാർഥിനിയെ ലൈംഗികമായി ആക്രമിച്ചെന്ന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഹോസ്റ്റലിൽ ജോലിക്കെത്തിയ ഇലക്ട്രീഷ്യൻ വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന മറ്റൊരു ആരോപണവും പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങളൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ സർവകലാശാലാ അധികൃതരുടെ ഔദ്യോഗിക പ്രതികരണവും പുറത്തുവന്നിട്ടില്ല.
പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ്
ആരോപണം സംബന്ധിച്ച് ഇതുവരെ സ്ഥിരീകരിക്കാവുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസിന് പരാതി ലഭിച്ചിട്ടില്ലെന്നും കപൂർത്തല എസ്.പി. ഗൗരവ് തൂറ പറഞ്ഞു. സ്ഥിരീകരിക്കാത്ത ബലാത്സംഗാരോപണം സംബന്ധിച്ച സമൂഹമാധ്യമ സന്ദേശമാണ് വിദ്യാർഥികൾക്കിടയിലെ പ്രതിഷേധത്തിന് കാരണമായതെന്നും സംഭവത്തിൽ അന്വേഷണം പരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധത്തിൽ സർവകലാശാലാ സ്വത്തുക്കൾക്ക് വ്യാപകമായ നാശനഷ്ടമുണ്ടായതായും എസ്.പി. പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കപൂർത്തല പൊലീസ് സ്ഥലത്ത് വൻ സുരക്ഷാ സന്നാഹം ഏർപ്പെടുത്തി. വിദ്യാർഥികളുമായി ചർച്ച നടത്തി സ്ഥിതി ശാന്തമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ബലാത്സംഗാരോപണം; പഞ്ചാബിലെ എൽപിയു ക്യാമ്പസിൽ വിദ്യാർഥി പ്രതിഷേധം അക്രമാസക്തമായി
