മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു


ന്യൂഡല്‍ഹി : രാജ്യത്തിന്റെ 26ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനിലെ (E-C) അംഗങ്ങളുടെ നിയമനം സംബന്ധിച്ച പുതിയ നിയമപ്രകാരം നിയമിക്കപ്പെടുന്ന ആദ്യത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറാണ് ഗ്യാനേഷ് കുമാര്‍. രാജീവ് കുമാറിന്റെ പിന്‍ഗാമിയായാണ് ഗ്യാനേഷ് കുമാര്‍ എത്തുന്നത്. 2029 ജനുവരി 26 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.

സെലക്ഷന്‍ പാനല്‍ സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം വരുന്നതു വരെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗ്യാനേഷ് കുമാറിന്റെ  നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെലക്ഷന്‍ പാനല്‍ യോഗത്തില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ ആവശ്യം ഉന്നയിച്ചത്. സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്തിരുന്നു.

ഈ വര്‍ഷം അവസാനം നടക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനും 2026ല്‍ നടക്കുന്ന കേരള, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കും ഗ്യാനേഷ്‌കുമാര്‍ മേല്‍നോട്ടം വഹിക്കും. 1988 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍ 2024 മാര്‍ച്ച് 15നാണ് തെരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലായിരിക്കുമ്പോള്‍ ജമ്മു കശ്മീരില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് അദ്ദേഹം. കേരള സര്‍ക്കാരില്‍ എറണാകുളം അസിസ്റ്റന്റ് കലക്ടര്‍, അടൂര്‍ സബ് കലക്ടര്‍, കേരള സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടര്‍, കൊച്ചി കോര്‍പ്പറേഷന്റെ മുനിസിപ്പല്‍ കമ്മിഷണര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ധനകാര്യ വിഭവങ്ങള്‍, ഫാസ്റ്റ് ട്രാക്ക് പ്രോജക്ടുകള്‍, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവയില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (ഐഐടി) നിന്ന് സിവില്‍ എഞ്ചിനിയറിങ്ങില്‍ ബി.ടെക് പൂര്‍ത്തിയാക്കിയ ശേഷം, ഗ്യാനേഷ് കുമാര്‍ യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ എച്ച്‌ഐഐഡിയില്‍ നിന്ന് ഐസിഎഫ്എഐയില്‍ ബിസിനസ് ഫിനാന്‍സും എന്‍വയോണ്‍മെന്റല്‍ ഇക്കണോമിക്സും പഠിച്ചു.