ആചാര്യ മറാത്തേ കോളജിലെ ഹിജാബ് നിരോധനം; വിദ്യാര്‍ഥികള്‍ സുപ്രിം കോടതിയില്‍

ആചാര്യ മറാത്തേ കോളജിലെ ഹിജാബ് നിരോധനം; വിദ്യാര്‍ഥികള്‍ സുപ്രിം കോടതിയില്‍


മുംബൈ: ചെമ്പൂരിലെ ആചാര്യ മറാത്തേ കോളജില്‍ ഹിജാബ്, നിഖാബ്, ബുര്‍ഖ എന്നിവ ധരിക്കുന്നതിനുള്ള വിലക്ക് ശരിവെച്ച ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ വിദ്യാര്‍ഥികള്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. മതപരമായ വസ്ത്രധാരണത്തിനെതിരായ കോളജിന്റെ നിലപാടിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഒമ്പത് വിദ്യാര്‍ഥികളില്‍ മൂന്ന് പേര്‍ സുപ്രിം കോടതിയില്‍ പ്രത്യേക ലീവ് പെറ്റീഷന്‍ (എസ് എല്‍ പി) ഫയല്‍ ചെയ്തു. അഡ്വ ഹംസ ലക്ഡവാല തയ്യാറാക്കിയതും അഡ്വ. അബിഹ സെയ്ദി മുഖേന സമര്‍പ്പിച്ചതുമാണ് ഹര്‍ജി. 

പ്രസക്തമായ നിയമങ്ങളോ ചട്ടങ്ങളോ ഉദ്ധരിക്കാതെ വിദ്യാര്‍ഥികളുടെ വസ്ത്രധാരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോളജിന് അവകാശമുണ്ടെന്ന വാദം അംഗീകരിച്ചതിനെയും ഹര്‍ജിക്കാര്‍ കുറ്റപ്പെടുത്തി.

എല്ലാ ബിരുദ വിദ്യാര്‍ഥികള്‍ക്കും 'ഔപചാരിക', 'മാന്യമായ' വസ്ത്രങ്ങള്‍ മാത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ട് 'ഡ്രസ് കോഡ്' ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് കോളജ് മെയ് മാസത്തില്‍ വിവാദം സൃഷ്ടിച്ചിരുന്നു. അതേസമയം ഹിജാബ്, നഖബ്, ബുര്‍ഖ എന്നിവയുള്‍പ്പെടെയുള്ള മതപരമായ വസ്ത്രങ്ങള്‍ പ്രത്യേകമായി നിരോധിക്കുകയും ചെയ്തു. തീരുമാനം വിവേചനപരവും തങ്ങളുടെ മതപരവും വ്യക്തിപരവുമായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്.

ജൂണ്‍ 26ന് ഹൈക്കോടതിയില്‍ നിന്നുള്ള അനുകൂല ഉത്തരവ് ഉണ്ടായതിനു ശേഷം ജീന്‍സും ടീ-ഷര്‍ട്ടും ധരിച്ചെത്തുന്ന വിദ്യാര്‍ഥികളെയും നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കാന്‍ തുടങ്ങി. ഇതോടെ നിരവധി വിദ്യാര്‍ഥികളാണ് മറ്റ് സ്ഥാപനങ്ങളിലേക്ക് മാറിയത്. 

കോളെജിലെ വസ്ത്രധാരണരീതി നിഷ്പക്ഷമാണെന്ന് തോന്നുമെങ്കിലും അത് പ്രാഥമികമായി മുസ്‌ലിം സ്ത്രീകളെയാണ് ബാധിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അച്ചടക്കം നടപ്പിലാക്കുന്നതിന്റെ മറവില്‍ ഇരകളാക്കപ്പെട്ടതിനൊപ്പം പരോക്ഷമായ വിവേചനമുണ്ടായെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.