ആവശ്യങ്ങൾ പാർലമെന്റിൽ ഉയർത്താമെന്ന് ഉറപ്പ് നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാം; സോനം വാങ്ചുക്കിന്റെ പുതിയ നിബന്ധന

ആവശ്യങ്ങൾ പാർലമെന്റിൽ ഉയർത്താമെന്ന് ഉറപ്പ് നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാം; സോനം വാങ്ചുക്കിന്റെ പുതിയ നിബന്ധന


ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ സംവിധാനത്തിലെ വീഴ്ചകൾക്കും നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിനുമെതിരെ 23ാം ദിവസവും അനിശ്ചിതകാല നിരാഹാരം തുടരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് സമരം അവസാനിപ്പിക്കാനുള്ള നിബന്ധനകൾ വ്യക്തമാക്കി. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് എംപിമാർ ഉറപ്പ് നൽകിയാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പാർലമെന്റിലേക്ക് മാർച്ച് നടത്തണമെന്ന മുൻ ആവശ്യം പുതിയ പ്രസ്താവനയിൽ അദ്ദേഹം പരാമർശിച്ചിട്ടില്ല.

സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് കൈയെഴുത്ത് സന്ദേശത്തിലൂടെയാണ് വാങ്ചുക്ക് തന്റെ നിലപാട് അറിയിച്ചത്. സിജെപി (കോക്രോച്ച് ജനത പാർട്ടി) പ്രവർത്തകർ പാർലമെന്റിന്റെ കവാടത്തിലെത്തുകയും വിഷയമുയർത്തുമെന്ന് എംപിമാർ ഉറപ്പ് നൽകുകയും ചെയ്താൽ സമരം അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യനില മോശമാകുന്നതിനാൽ അതുവരെ നിരാഹാരം തുടരാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ, മറ്റ് രാഷ്ട്രീയ പാർട്ടികളിലെ എംപിമാർ ആശുപത്രിയിലെത്തി വിദ്യാഭ്യാസ മേഖലയിലെ ഉത്തരവാദിത്തക്കുറവിനെക്കുറിച്ച് പാർലമെന്റിൽ ചർച്ച നടത്തുമെന്ന് ഉറപ്പ് നൽകിയാലും നിരാഹാരം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതേ ആവശ്യം കഴിഞ്ഞ ദിവസം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആംഗ്മോയും ആവർത്തിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയിലെ ഉത്തരവാദിത്തക്കുറവ് പാർലമെന്റിൽ ചർച്ച ചെയ്യുമെന്ന് രാഷ്ട്രീയ നേതാക്കൾ ഉറപ്പ് നൽകിയാൽ വാങ്ചുക്ക് നിരാഹാരം അവസാനിപ്പിക്കുമെന്ന് അവർ പറഞ്ഞിരുന്നു.

ജൂലൈ 19ന് എഴുതിയതായി വ്യക്തമാക്കിയ കുറിപ്പിൽ, 'സുഹൃത്തുക്കളേ, ഞാൻ എപ്പോൾ നിരാഹാരം അവസാനിപ്പിക്കുമെന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്. നേരത്തേ പറഞ്ഞതുപോലെ ജൂലൈ 20ന് സമരം അവസാനിപ്പിക്കും,' എന്നും വാങ്ചുക്ക് കുറിച്ചു. 'സഫ്ദർജംഗ് ആശുപത്രിയിലെ എന്റെ അനധികൃത തടങ്കലിൽ നിന്നാണ് ഈ സന്ദേശം. ഇവിടെ എന്റെ സഞ്ചാരസ്വാതന്ത്ര്യവും സംസാരസ്വാതന്ത്ര്യവും ആശയവിനിമയവും നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്,' എന്നും അദ്ദേഹം ആരോപിച്ചു.

ഇതിനിടെ, സിജെപിയുടെ 'സംസദ് ചലോ' മാർച്ചിനായി ഡൽഹിയിലെ ജന്തർ മന്തറിൽ വലിയ ജനക്കൂട്ടം തടിച്ചുകൂടി. പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസമാണ് മാർച്ച് പ്രഖ്യാപിച്ചിരുന്നത്. പ്രതിഷേധം മുൻനിർത്തി ജന്തർ മന്തറിലെ പ്രതിഷേധ കേന്ദ്രം ഒഴികെ ഡൽഹിയിലുടനീളം നിരോധനാജ്ഞയും പൊലീസ് ഏർപ്പെടുത്തി.

ജൂലൈ 18ന് ജന്തർ മന്തറിലെ സമരവേദിയിൽ നിന്ന് വാങ്ചുക്കിനെ ഡൽഹി പൊലീസ് മാറ്റിയിരുന്നു. ആരോഗ്യനില സർക്കാർ ഡോക്ടർമാർ നിരീക്ഷിക്കണമെന്ന കോടതി നിർദേശത്തെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ, വാങ്ചുക്കിനെ ബലമായി നീക്കുകയായിരുന്നുവെന്ന് സിജെപി നേതാക്കൾ ആരോപിച്ചു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാണ് വാങ്ചുക്കിന്റെയും സിജെപിയുടെയും പ്രധാന ആവശ്യം. വിഷയത്തിൽ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.