കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ദന്തൽ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥി ആർ എൽ നിതിൻ രാജിൻ്റെ ആത്മഹത്യ പ്രേരണാ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി ഡോ. എം.കെ റാമിൻ്റെ അറസ്റ്റ് കോടതി റദ്ദാക്കി. സുപ്രീം കോടതി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന പ്രതിഭാഗം വാദം പരിഗണിച്ചാണ് നടപടി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. എന്നാൽ, കോടതി വിട്ടയച്ചതിന് പിന്നാലെ റാമിനെ വീണ്ടും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. കോടതി വളപ്പിൽ നിന്ന് ബലം പ്രയോഗിച്ചാണ് ക്രൈം ബ്രാഞ്ച് റാമിനെ കസ്റ്റഡിയിൽ എടുത്തത്.
തൻ്റെ കൈ തട്ടിമാറ്റിയാണ് ഡോ റാമിനെ ഡിവൈഎസ്പി ബലപ്രയോഗത്തിലുടെ കൊണ്ടുപോയതെന്ന് കൂടെയുണ്ടായിരുന്ന ഭാര്യ ദിൽന ആരോപിച്ചു. തുടർന്ന് തലശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഡോക്ടറെ അറസ്റ്റ് ചെയ്തതു ചൂണ്ടിക്കാട്ടി അഭിഭാഷകർ വീണ്ടും ജഡ്ജിൻ്റെ ചേംബറിലെത്തി. തുടർന്ന് കസ്റ്റഡിയിലെടുത്ത ഡോക്ടർ റാമിന് നോട്ടിസ് നൽകി ഉപാധികളോടെ പൊലിസ് വിട്ടയച്ചു.
അറസ്റ്റ് നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി മാനദണ്ഡം പാലിച്ചില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു നേരത്തെ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിഭാഗം അഭിഭാഷകൻ്റെ വാദം പരിഗണിച്ച് ഡോ. എം കെ റാമിന് ജാമ്യം നൽകിയത്. ഗ്രൗണ്ട് ഓഫ് അറസ്റ്റിൽ വ്യക്തതയില്ലെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഞായറാഴ്ച കര്‍ണാടകയിലെ കുടകില്‍ നിന്നായിരുന്നു മുഖ്യപ്രതി റാമിനെ പൊലീസ് പിടികൂടിയത്. അവിടെ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നായിരുന്നു പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കണ്ണൂരില്‍ എത്തിച്ച ശേഷം റാമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു. ഒളിവ് ജീവിതത്തില്‍ പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. മൂന്ന് പേരുടെ സഹായം ഇയാള്‍ക്ക് ലഭിച്ചിരുന്നു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെ റാമിനായി പൊലീസ് വ്യാപക പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയായിരുന്നു പ്രതിയെ പിടികൂടിയത്.
'അറസ്റ്റില്‍ നടപടിക്രമം പാലിച്ചില്ല'; ഡോ. റാമിനെ വിട്ടയച്ച് കോടതി, പിന്നാലെ കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്
