ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ പാർലമെന്റ് മാർച്ച് തിങ്കളാഴ്ച സംഘർഷത്തിൽ കലാശിച്ചു. പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിച്ച വിദ്യാർഥികളെയും പ്രതിഷേധക്കാരെയും ഡൽഹി പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചും ലാത്തിച്ചാർജ് നടത്തിയും തടഞ്ഞു. ജന്തർമന്തർ, റാഫി മാർഗ്, സൻസദ് മാർഗ്, കനോട്ട് പ്ലേസ് എന്നിവിടങ്ങളിലായിരുന്നു പ്രധാന സംഘർഷം.
സംഘർഷത്തിൽ 100ലേറെ പേർക്ക് പരിക്കേറ്റതായി ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു. 118 പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ സ്‌പെഷ്യൽ പൊലീസ് കമ്മിഷണറും ജോയിന്റ് പൊലീസ് കമ്മിഷണറും ഉൾപ്പെടുന്നു.
പ്രതിഷേധക്കാരിൽ 38 പേരെ ലേഡി ഹാർഡിങ് മെഡിക്കൽ കോളജ് ആശുപത്രിയിലും 65 പേരെ ഡോ. രാം മനോഹർ ലോഹ്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അസ്ഥി ഒടിവ്, കണ്ണീർവാതക പ്രയോഗത്തെ തുടർന്നുള്ള കണ്ണിന് അസ്വസ്ഥത, തലയക്കേറ്റ പരിക്കുകൾ തുടങ്ങിയവയാണ് പലർക്കും ഉണ്ടായത്. സംഘർഷത്തിനിടെ 70ലേറെ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒരു മാസത്തിലേറെയായി ജന്തർമന്തറിൽ സമരം നടത്തുന്ന സിജെപി, വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാണ് പ്രധാനമായും ആവശ്യപ്പെടുന്നത്. വർഷങ്ങൾക്കിപ്പുറം ഡൽഹിയിൽ നടന്ന ഏറ്റവും വലിയ വിദ്യാർഥി പ്രതിഷേധങ്ങളിലൊന്നായാണ് ഈ മാർച്ച് വിലയിരുത്തപ്പെടുന്നത്.
അതേസമയം, പ്രതിഷേധക്കാർ അക്രമാസക്തരായതോടെയാണ് ബലപ്രയോഗം വേണ്ടിവന്നതെന്ന് ഡൽഹി പൊലീസ് വിശദീകരിച്ചു. നിരോധനാജ്ഞ നിലനിൽക്കെയായിരുന്നു പ്രതിഷേധമെന്നും പലതവണ പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാർ തയ്യാറായില്ലെന്നും പൊലീസ് അറിയിച്ചു.
'അനധികൃതമായി കൂട്ടംചേർന്നവരെ പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായി. ചിലർ കല്ലേറ് നടത്തി. തുടർന്ന് ചിലരെ കസ്റ്റഡിയിലെടുത്തു. നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണ്,' എന്ന് സെൻട്രൽ റേഞ്ച് ജോയിന്റ് പൊലീസ് കമ്മിഷണർ മധുർ വർമ പറഞ്ഞു.
സംഘർഷത്തിന് മുമ്പ് ജന്തർമന്തറിലെ പ്രതിഷേധം
സമാധാനപരമായിരുന്നുവെന്നും അക്രമമോ വ്യാപക അറസ്റ്റുകളോ നടന്നിട്ടില്ലെന്നും ഡൽഹി പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ പ്രതിഷേധക്കാരെ പിന്തുടർന്ന് ലാത്തിച്ചാർജ് നടത്തുന്നതും കണ്ണീർവാതകം പ്രയോഗിക്കുന്നതും കാണാമായിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ രാജ്യവ്യാപകമായി രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.
പാർലമെന്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു; വിദ്യാർഥികൾക്കെതിരെ ലാത്തിച്ചാർജ്, കണ്ണീർവാതകം, 100ലേറെ പേർക്ക് പരിക്ക്
