ന്യൂഡല്‍ഹി: അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ നിന്ന് ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയിലേക്ക് മാറ്റാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. വാങ്ചുക്കിന്റെ ചികിത്സ സംബന്ധിച്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായയും ജസ്റ്റിസ് തേജസ് കാരിയയും ഉള്‍പ്പെട്ട ബെഞ്ചിന്റെ നിര്‍ദേശം. ഗുഡ്ഗാവിലെ സെക്റ്റര്‍ 38ലുള്ള പ്രമുഖ സ്വകാര്യ ആശുപത്രിയാണ് മെദാന്ത.
ജൂണ്‍ 28 മുതല്‍ പരീക്ഷാ ക്രമക്കേടുകള്‍ ആരോപിച്ച് നിരാഹാര സമരം തുടരുന്ന വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ നല്‍കിയ അപ്പീലാണ് കോടതി പരിഗണിച്ചത്. സഫ്ദര്‍ജങ് ആശുപത്രിയിലെ ചികിത്സയില്‍ ഇടപെടാന്‍ വിസമ്മതിച്ച ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഞായറാഴ്ച പുറപ്പെടുവിച്ച ഉത്തരവിനെതിരെയായിരുന്നു അപ്പീല്‍.
കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, വാങ്ചുക്കിനെ മെദാന്ത ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് കോടതിയെ അറിയിച്ചു. എന്നാല്‍, ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന് വിരുദ്ധമായി മെദാന്ത ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആവശ്യപ്പെടാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സഫ്ദര്‍ജങ് ആശുപത്രിയില്‍ വാങ്ചുക്കിന്റെ ചികിത്സ നിരീക്ഷിക്കുന്ന എയിംസിലെ ഡോക്ടര്‍മാരുമായും വാങ്ചുക്കിന്റെ സ്വകാര്യ ഡോക്ടറുമായും കോടതി ആശയവിനിമയം നടത്തി. വാങ്ചുക്കിന് തുടര്‍ച്ചയായ മെഡിക്കല്‍ നിരീക്ഷണം അനിവാര്യമാണെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഏകാഭിപ്രായമാണെന്ന് കോടതി നിരീക്ഷിച്ചു.
വാങ്ചുക്കിനെ സഫ്ദര്‍ജങ് ആശുപത്രിയില്‍ തുടരാന്‍ നിര്‍ബന്ധിതനാക്കുന്നതിലൂടെ അദ്ദേഹത്തിന്റെയോ ഭാര്യയുടെയോ ചികിത്സാ തീരുമാനങ്ങളിലുള്ള അവകാശം ഇല്ലാതാക്കുകയാണെന്നും യാതൊരു അറസ്റ്റ് നടപടിയും ഇല്ലാതെ ആശുപത്രിയില്‍ തുടരാന്‍ നിര്‍ബന്ധിക്കുന്നതാണെന്നും ഗീതാഞ്ജലി ആങ്‌മോ അപ്പീലില്‍ ആരോപിച്ചു. നിരാഹാര സമരത്തിന്റെ 21-ാം ദിവസം, ജന്തര്‍ മന്തറില്‍ നിന്ന് ഡല്‍ഹി പൊലീസ് വാങ്ചുക്കിനെ ബലം പ്രയോഗിച്ച് സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച പ്രത്യേക സിറ്റിങ്ങില്‍ കേസ് പരിഗണിച്ച ജസ്റ്റിസ് മിനി പുഷ്‌കര്‍ണ, വാങ്ചുക്കിനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയ നടപടി ഏകപക്ഷീയമോ നിയമവിരുദ്ധമോ അല്ലെന്ന് ചൂണ്ടിക്കാട്ടി ചികിത്സയില്‍ ഇടപെടാന്‍ വിസമ്മതിച്ചിരുന്നു.
