വിദ്യാര്‍ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ശ്രമത്തെ വിമര്‍ശിച്ച് ടൊവിനോ തോമസ്

വിദ്യാര്‍ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ശ്രമത്തെ വിമര്‍ശിച്ച് ടൊവിനോ തോമസ്


കൊച്ചി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചിനെ അടിച്ചമര്‍ത്താനുള്ള ശ്രമത്തെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ടൊവിനോ തോമസിന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റ്. ഭാവി തലമുറ ശബ്ദമുയര്‍ത്തുമ്പോള്‍ ആ ശബ്ദങ്ങളെ ശക്തിപ്രയോഗം കൊണ്ട് നേരിടുന്നത് രാജ്യത്തിന്റെ ഭാവിയെത്തന്നെ ചവിട്ടിമെതിക്കുന്നതിന് തുല്യമാണ്. അതുവഴി ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ചോര്‍ന്നുപോകുന്നതെന്നും ടൊവിനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.


ഈ വിദ്യാര്‍ഥികള്‍ എന്ത് തെറ്റാണ് ചെയ്തത്? അവര്‍ പൊതുമുതല്‍ നശിപ്പിച്ചോ? അവര്‍ അക്രമം അഴിച്ചുവിട്ടോ? ഇത്തരമൊരു പെരുമാറ്റം നേരിടാന്‍ തക്കവണ്ണം അവര്‍ എന്താണ് ചെയ്തത് എന്നും താരം ചോദിക്കുന്നു.


ടൊവിനോ തോമസിന്റെ കുറിപ്പ്:


ശരിയും തെറ്റും ആപേക്ഷികമാണ്, എങ്കിലും സമാധാനപരമായ ഒരു പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി തീര്‍ച്ചയായും ഇതല്ല. ഭാവി തലമുറ ശബ്ദമുയര്‍ത്തുമ്പോള്‍, ആ ശബ്ദത്തെ ശക്തിപ്രയോഗം കൊണ്ട് നേരിടുന്നത് യഥാര്‍ഥത്തില്‍ ആ രാജ്യത്തിന്റെ ഭാവിയെത്തന്നെ ചവിട്ടിമെതിക്കുന്നതിന് തുല്യമാണ്. അതുവഴി ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ചോര്‍ന്നുപോകുന്നത്. ഈ വിദ്യാര്‍ഥികള്‍ എന്ത് തെറ്റാണ് ചെയ്തത്? അവര്‍ പൊതുമുതല്‍ നശിപ്പിച്ചോ? അവര്‍ അക്രമം അഴിച്ചുവിട്ടോ? ഇത്തരമൊരു പെരുമാറ്റം നേരിടാന്‍ തക്കവണ്ണം അവര്‍ എന്താണ് ചെയ്തത്?

നമ്മുടെ രാജ്യത്തിന്റെ ഏത് ഭാഗത്തായാലും, നീതിപൂര്‍വ്വമായ ആവശ്യത്തിനുവേണ്ടി സമാധാനപരമായി പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും ഞാന്‍ എന്റെ പൂര്‍ണമായ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന് ഭീഷണിയല്ല, മറിച്ച്, അത് ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളിലൊന്നാണ്.

എന്റെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യാന്‍ മുതിരുന്നവരോട് ഒന്നു പറയട്ടെ, നിങ്ങളേക്കാള്‍ നന്നായി എന്നെ എനിക്കറിയാം. രാഷ്ട്രീയം, മതം, മറ്റ് എല്ലാത്തരം വിഭജനങ്ങളും കടന്നുള്ള ഒന്നാണത്.

മനുഷ്യത്വമാണ് എന്റെ രാഷ്ട്രീയം. സമാധാനമാണ് എന്റെ വിശ്വാസം. ജയ് ഹിന്ദ്.