ന്യൂഡല്‍ഹി: നീറ്റ് ക്രമക്കേടില്‍ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി) പാര്‍ലമെന്റിലേക്ക് നടത്തിയ സമരത്തിന് നേരെയുണ്ടായ പൊലീസ് ആക്രമണത്തില്‍ പ്രതികരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ രാജിവയ്ക്കണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.
പാര്‍ലമെന്റ് സമ്മേളനത്തിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ, പരീക്ഷാ സമ്പ്രദായത്തെ പറ്റി ആശങ്കകള്‍ ഉന്നയിക്കുന്ന വിദ്യാര്‍ഥികളെ അടിച്ചമര്‍ത്താന്‍ കേന്ദ്രം പൊലീസിനെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസ സമ്പ്രദായവും പരീക്ഷാ സമ്പ്രദായവും തകര്‍ന്നുവെന്ന് ഈ രാജ്യത്ത് ഉള്ളവര്‍ക്ക് അറിയാം. അത് നിലവിലില്ല. പ്രധാനമന്ത്രി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്- രാഹുല്‍ ഗാന്ധി ചോദിച്ചു.
പൊലീസ് നടപടി ഇന്ത്യാവിരുദ്ധമാണെന്നു പറഞ്ഞ രാഹുല്‍ ഗാന്ധി ഈ രാജ്യത്തെ യുവാക്കള്‍ക്ക് അവസരങ്ങളില്ലെന്ന് കൂട്ടിച്ചേര്‍ത്തു. എല്ലാ വാതിലുകളും അടഞ്ഞുവെന്നും പരീക്ഷകള്‍ക്കു വേണ്ടി തുറന്ന വാതിലുകളും നശിപ്പിക്കപ്പെടുന്നുവെന്നും ഇവിടത്തെ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ പറ്റി മാത്രമല്ല അവരുടെ ഭാവിയെക്കുറിച്ചും പരാതിപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം ആര്‍ എസ് എസ് ഏറ്റെടുത്തുവെന്നും വിദ്യാര്‍ഥികള്‍ക്ക് പകരം വ്യവസായികള്‍ക്കാണ് മോഡി സര്‍ക്കാര്‍ പരിഗണന നല്‍കുന്നതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഇത് യുവാക്കളുടെ ഭാവിയെ പറ്റിയുള്ളതാണ്.
അവര്‍ അംബാനിയുടെ വിവാഹവും 1000 കോടി രൂപ ചെലവഴിക്കുന്നതും കാണുന്നു. എന്നാല്‍ സ്വന്തമായി വ്യവസായം ആരംഭിക്കാന്‍ പണമില്ല. ഇത് വിദ്യാഭ്യാസത്തേക്കാള്‍ വളരെ വലുതാണ്. ഇതുകൊണ്ടാണ് ഇന്ത്യയില്‍ തങ്ങള്‍ക്ക് ഭാവിയില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നത്. ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും ധര്‍മേന്ദ്ര പ്രധാനും രാജി വയ്ക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷ എം പിമാരെ അനുവദിക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു. മാധ്യമങ്ങളെ കണ്ട ശേഷം കഴിഞ്ഞ ദിവസമുണ്ടായ പൊലീസ് ആക്രമണത്തില്‍ പരുക്കേറ്റ പ്രതിഷേധക്കാരെ കാണാന്‍ എ ഐ സി സി സെക്രട്ടറി കെ സി വേണുഗോപാല്‍, വയനാട് എം പി പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പം രാഹുല്‍ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തി.
