ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടിയും മോഹന്‍ലാലിന്റെ മകളുമായ വിസ്മയ. വില്‍ മേക്ക് ഇറ്റ് എസ്‌കെ എന്ന പേജില്‍ പങ്കുവച്ച കുറിപ്പ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയാണ് വിസ്മയ സമരത്തിന് പിന്തുണ നല്‍കിയത്.
പ്രതിഷേധക്കാര്‍ പറയുന്നത് അംഗീകരിക്കണമെന്നോ അവരുടെ ആവശ്യങ്ങള്‍ പിന്തുണയ്ക്കണമെന്നോ ഇല്ല. പക്ഷേ തങ്ങളുടെ പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ? പൊതുജനം ശബ്ദുമുയര്‍ത്തുമ്പോള്‍ ചര്‍ച്ചയ്ക്ക് പകരം ബലപ്രയോഗം ആണ് മറുപടിയെങ്കില്‍, എന്ത് തരം ജനാധിപത്യമായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മളെന്ന് നമ്മളെല്ലാവരും ചോദിക്കണമെന്നും കുറിപ്പില്‍ പറയുന്നു.
വിസ്മയ മോഹന്‍ലാലിന്റെ കുറിപ്പ്:
ടിയര്‍ ഗാസ്, ലാത്തി ചാര്‍ജ്, പരുക്കേറ്റ വിദ്യാര്‍ഥികള്‍, റോഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു, മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടിരിക്കുന്നു. നഗരത്തിലാകാതെ കനത്ത ബാരിക്കേഡുകള്‍. ഇന്റര്‍നെറ്റ് നിരോധനം. പ്രതിഷേധക്കാര്‍ പറയുന്നത് അംഗീകരിക്കണം എന്നില്ല. അവരുടെ ആവശ്യങ്ങള്‍ പിന്തുണയ്ക്കണമെന്നില്ല. ഭാഗമായ സംഘടനകളെ ഇഷ്ടപ്പെടണം എന്നു പോലുമില്ല.
പക്ഷെ പൊതുജനം ശബ്ദുമുയര്‍ത്തുമ്പോള്‍ ചര്‍ച്ചയ്ക്ക് പകരം ബലപ്രയോഗം ആണ് മറുപടിയെങ്കില്‍, എന്ത് തരം ജനാധിപത്യമായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മളെന്ന് നമ്മളെല്ലാവരും ചോദിക്കണം.
കാരണം നാളെ നിങ്ങളായിരിക്കാം ശബ്ദമുയര്‍ത്തുന്നത്. നിങ്ങളുടെ നഗരമായിരിക്കാം. നിങ്ങളുടെ അയല്‍പക്കമായിരിക്കാം. നിങ്ങളുടെ സ്വന്തം കുടുംബമായിരിക്കാം. നിങ്ങളെല്ലാവരോടുമുള്ള എന്റെ ചോദ്യം വളരെ ലളിതമാണ്. തങ്ങളുടെ പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ?
