കാനഡയുടെ ഉൽപന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ; ട്രംപിന്റെ പുതിയ നീക്കത്തിൽ വ്യാപാര പോര് കടുക്കുന്നു

കാനഡയുടെ ഉൽപന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ; ട്രംപിന്റെ പുതിയ നീക്കത്തിൽ വ്യാപാര പോര് കടുക്കുന്നു


വാഷിങ്ടൺ: കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന നിരവധി ഉൽപന്നങ്ങൾക്ക് അടുത്ത മാസം മുതൽ 50 ശതമാനം അധിക ഇറക്കുമതി തീരുവ (ടാരിഫ്) ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. ഇതോടെ വടക്കേ അമേരിക്കയിലെ രണ്ട് പ്രധാന വ്യാപാര പങ്കാളികൾ തമ്മിലുള്ള വ്യാപാര തർക്കം കൂടുതൽ രൂക്ഷമാകുകയാണ്.

കാനഡയിൽ നിന്നുള്ള ഹോക്കി സ്റ്റിക്കുകൾ, വൈൻ, സിമന്റ് തുടങ്ങിയ  ഉൽപന്നങ്ങൾക്കാണ് പുതിയ അധിക തീരുവ ബാധകമാകുക. അമേരിക്കൻ ഉൽപന്നങ്ങളോട് കാനഡ വിവേചനം കാണിക്കുന്നുവെന്നും അന്യായ വ്യാപാര നയങ്ങൾക്ക് മറുപടിയായാണ് ഈ നടപടി സ്വീകരിക്കുന്നതെന്നും അമേരിക്കൻ ഭരണകൂടം വ്യക്തമാക്കി.

1930ലെ ടാരിഫ് ആക്ടിലെ സെക്ഷൻ 338 പ്രകാരമാണ് പുതിയ തീരുവ നടപ്പാക്കുന്നത്. ഈ നിയമവ്യവസ്ഥ ഉപയോഗിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു. കാട്ടുതീയുടെ പുക അമേരിക്കയിലേക്ക് വ്യാപിക്കുന്നതിന്റെ പേരിൽ നേരത്തെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്ന തീരുവ നടപടികളിൽ നിന്ന് ഇത് വ്യത്യസ്തമാണെന്നും, അതുസംബന്ധിച്ച തീരുമാനങ്ങൾ പിന്നീട് പരിഗണിക്കുമെന്നും അവർ പറഞ്ഞു.

ട്രംപ് ഭരണകൂടത്തിന്റെ കണക്കുപ്രകാരം, നേരത്തെ ഏർപ്പെടുത്തിയ അമേരിക്കൻ തീരുവകൾക്ക് തിരിച്ചടി നൽകിയ രാജ്യങ്ങളിൽ ചൈനയ്‌ക്കൊപ്പം കാനഡയും ഉൾപ്പെടുന്നു. കാനഡയിലെ ചില  പ്രവിശ്യകളിൽ അമേരിക്കൻ മദ്യ ഉൽപന്നങ്ങൾ കടകളിൽ നിന്ന് പിൻവലിച്ചതും ആഭ്യന്തര വാഹന വ്യവസായത്തിന് മുൻഗണന നൽകുന്ന നയങ്ങളും അമേരിക്ക ചൂണ്ടിക്കാട്ടി. കൂടാതെ, കാനഡയുടെ ക്ഷീരോൽപന്ന നയം യൂറോപ്യൻ രാജ്യങ്ങളിലെ ചീസ് ഉൽപാദകർക്ക് കൂടുതൽ ആനുകൂല്യം നൽകുന്നുവെന്നും അമേരിക്ക ആരോപിച്ചു.

കഴിഞ്ഞ ആഴ്ച കാട്ടുതീയുടെ പുക അമേരിക്കയെ ബാധിക്കുന്ന സാഹചര്യത്തിൽ കാനഡയ്‌ക്കെതിരെ കൂടുതൽ തീരുവ ഏർപ്പെടുത്താമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ഫിഫ ലോകകപ്പ് ഫൈനൽ കാണാൻ ന്യൂജഴ്‌സിയിലെത്തിയ ട്രംപും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും കൂടിക്കാഴ്ച നടത്തിയിരുന്നു. കാട്ടുതീ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്‌തെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ചതാണെന്നും ട്രംപ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പുതിയ തീരുമാനം അമേരിക്ക-മെക്‌സിക്കോ-കാനഡ സ്വതന്ത്ര വ്യാപാര കരാറിന്റെ (USMCA) ഭാവിയെയും അനിശ്ചിതത്വത്തിലാക്കുന്നതായാണ് വിലയിരുത്തൽ. മുൻപ് ട്രംപ് ഏർപ്പെടുത്തിയ തീരുവകളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ യുഎസ്എംസിഎ പ്രകാരം തീരുവ ഇളവിന് അർഹമായ ഉൽപന്നങ്ങൾക്കും പുതിയ നികുതി ബാധകമാകും. ഇത് ഉപഭോക്താക്കൾക്ക് വിലക്കയറ്റം സൃഷ്ടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

എന്നാൽ പൊട്ടാഷ്, നിർണായക ധാതുക്കൾ, ഭൂരിഭാഗം ഊർജ ഉൽപന്നങ്ങൾ തുടങ്ങിയ അമേരിക്കൻ വ്യവസായങ്ങൾക്ക് ആവശ്യമായ ചില പ്രധാന കാനഡൻ കയറ്റുമതികളെ പുതിയ തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അമേരിക്കൻ ഭരണകൂടം അറിയിച്ചു.