ടെഹ്രാൻ: അന്താരാഷ്ട്ര ഉപരോധങ്ങൾക്കിടയിലും ഇറാന് അതിജീവിക്കാൻ കഴിയുമെങ്കിലും ആഗോള സാമ്പത്തിക സംവിധാനവുമായി വീണ്ടും ബന്ധപ്പെടാതെ രാജ്യത്തിന് ദീർഘകാല സാമ്പത്തിക വളർച്ച കൈവരിക്കാനാകില്ലെന്ന് ഇറാന്റെ സാമ്പത്തിക നയതന്ത്ര ചുമതലയുള്ള ഉപവിദേശകാര്യ മന്ത്രി ഹമീദ് ഗൻബരി പറഞ്ഞു.
ഇറാനിയൻ ലേബർ ന്യൂസ് ഏജൻസിക്ക് (ഐഎൽഎൻഎ) നൽകിയ അഭിമുഖത്തിലാണ് ഗൻബരി രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് തുറന്നുപറഞ്ഞത്. അന്താരാഷ്ട്ര ബാങ്കിങ്, ധനകാര്യ സംവിധാനങ്ങളിലേക്കുള്ള പ്രവേശനം ഉപരോധങ്ങൾ മൂലം തടസപ്പെട്ടതാണ് ഇറാന്റെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രധാന തടസ്സമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
'അതിജീവിക്കാൻ ഒരുപക്ഷേ സാധിച്ചേക്കാം. എന്നാൽ യഥാർഥ അർഥത്തിൽ ജീവിക്കാനും വികസിക്കാനും അതുമാത്രം മതിയാകില്ല,' എന്ന് ഗൻബരി പറഞ്ഞു. ഉപരോധങ്ങൾ കാരണം പുതിയ ഫാക്ടറികൾ സ്ഥാപിക്കാനും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ധനസഹായം കണ്ടെത്താനും സ്ഥിരതയാർന്ന സാമ്പത്തിക വളർച്ച കൈവരിക്കാനും ഇറാന് കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപരോധങ്ങൾക്കിടയിലും വ്യാപാരം മുന്നോട്ടുകൊണ്ടുപോകാൻ ഇറാൻ ചില ബദൽ മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും, അവ താൽക്കാലിക പരിഹാരങ്ങൾ മാത്രമാണെന്നും ആഗോള ബാങ്കിങ്ധനകാര്യ സംവിധാനങ്ങളിലേക്കുള്ള പൂർണ തിരിച്ചുവരവിന് പകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക പുരോഗതിക്കായി വിദേശ നിക്ഷേപവും ധനസഹായവും അനിവാര്യമാണെന്നും അതിനാൽ ഉപരോധങ്ങൾ നീക്കുന്നത് ദേശീയ മുൻഗണനയായി തുടരണം എന്നും ഗൻബരി ആവശ്യപ്പെട്ടു.
അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ മൂലം വിദേശ നിക്ഷേപം, അന്താരാഷ്ട്ര വ്യാപാരം, ആഗോള വിപണികളിലേക്കുള്ള പ്രവേശനം എന്നിവയിൽ കടുത്ത തിരിച്ചടിയാണ് ഇറാൻ നേരിടുന്നത്. ഈ സാഹചര്യത്തിൽ ഉപരോധങ്ങളിൽ ഇളവ് ലഭിക്കാനുള്ള ശ്രമങ്ങൾ ടെഹ്രാൻ തുടരുന്നതിനിടെയാണ് ഉപവിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
'ഉപരോധത്തിൽ അതിജീവിക്കാം, പക്ഷേ വികസനം അസാധ്യം'; സാമ്പത്തിക പ്രതിസന്ധി തുറന്നുപറഞ്ഞ് ഇറാൻ ഉപവിദേശകാര്യ മന്ത്രി
