ന്യൂഡല്‍ഹി ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് മൂന്നംഗ സമിതി രൂപീകരിച്ച് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് സഞ്ജിവ് ഖന്നയാണ് സമിതി രൂപീകരിച്ചത്. പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് അംഗങ്ങള്‍. മലയാളിയായ ജസ്റ്റിസ് ശിവരാമന്‍ കേരള ഹൈക്കോടതിയില്‍ നിന്നാണ് കര്‍ണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറി പോയത്.
അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ജോലികളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുപ്രിം കോടതി അറിയിച്ചു.
ഒരാഴ്ച മുമ്പ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയിലുണ്ടായ തീപ്പിടിത്തത്തെത്തുടര്‍ന്ന് തീ കെടുത്താന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയതെന്നാണ് വിവരം.