ന്യൂഡല്‍ഹി: പുതുവത്സരപ്പിറവിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തടവുകാരുടെ പട്ടിക പരസ്പരം കൈമാറി. നിലവില്‍ 257 ഇന്ത്യന്‍ തടവുകാര്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍ ഉണ്ടെന്ന് ഇസ്ലാമാബാദ് സ്ഥിരീകരിച്ചു. ഇതില്‍ 184 പേര് മത്സ്യത്തൊഴിലാളികളും 73 പേര് സാധാരണക്കാരുമാണ്.
2008ലെ കോണ്‍സുലാര്‍ ആക്സസ് കരാറിന്റെ ഭാഗമായി വര്‍ഷത്തില്‍ രണ്ടു തവണ ജനുവരി 1, ജൂലൈ 1) ഇരു രാജ്യങ്ങളും തടവുകാരുടെ വിവരങ്ങള്‍ കൈമാറാറുണ്ട്. നയതന്ത്ര തലത്തിലുള്ള ഈ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായകമാണ്
ഇന്ത്യയുടെ പക്കലുള്ള പാക് തടവുകാരുടെ പട്ടികയും ന്യൂഡല്‍ഹി കൈമാറിയിട്ടുണ്ട്. ഇന്ത്യയില്‍ നിലവില്‍ 466 പാക്കിസ്ഥാന് തടവുകാരാണുള്ളത്. ഇതില്‍ 366 പേര് സാധാരണക്കാരും 100 പേര് മത്സ്യത്തൊഴിലാളികളും ആണ്. ശിക്ഷാ കാലാവധി പൂര്‍ത്തിയായിട്ടും വിവിധ കാരണങ്ങളാല്‍ ജയിലില്‍ തുടരുന്നവരെ വിട്ടയയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഇതിനൊപ്പം നടക്കുന്നുണ്ട്. തടവുകാരുടെ പൗരത്വം സ്ഥിരീകരിക്കുന്നതിനും മാനുഷിക പരിഗണന നല്‍കുന്നതിനും ഈ പട്ടിക കൈമാറ്റം സഹായകമാണ്.
ഇതോടൊപ്പം തന്നെ ആണവ നിലയങ്ങളുടെ വിവരങ്ങളും ഇരു രാജ്യങ്ങളും പരസ്പരം പങ്കു വച്ചിട്ടുണ്ട്. 1988ല്‍ ഒപ്പിട്ട ആണവ വിരുദ്ധ കരാര്‍ പ്രകാരം യുദ്ധം ഉണ്ടായാല്‍ പോലും പരസ്പരം ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന ഉറപ്പിന്റെ ഭാഗമാണിത്. അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ നില നില്‍ക്കുമ്പോഴും ഇത്തരം ഉടമ്പടികള്‍ പാലിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സുതാര്യത നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശിക്ഷ പൂര്‍ത്തിയാക്കിയ തടവുകാരെ അതിവേഗം മാതൃരാജ്യത്തേയ്ക്ക് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇരു രാജ്യങ്ങളുടെയും ആവശ്യം.
