ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം പ്രഖ്യാപിച്ച് ഇന്ത്യ. രാജ്യത്തിന്റെ വിജയം തെളിവുകള്‍ നിരത്തിയാണ് സേനാ നേതൃത്വം വിശദീകരിച്ചത്.
ഡിജിഎംഒയുടെ നേതൃത്വത്തില്‍ കര, നാവിക, വ്യോമ സേനകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ അസാധാരണ വാര്‍ത്താ സമ്മേളനത്തില്‍ ഏഴു മുതല്‍ 10ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതുവരെയുള്ള പാക് പ്രകോപനത്തെയും തിരിച്ചടിയെയും സംബന്ധിച്ച് വിശദീകരിച്ചു.
ഭീകര ക്യാംപുകളിലും പാക് വ്യോമതാവളങ്ങളിലും നടത്തിയ ആക്രമണങ്ങളും നാശനഷ്ടങ്ങളും ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ടു. പാക്കിസ്ഥാന്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ശക്തമായി പ്രതിരോധിച്ചെന്നും മൂന്നു ഡ്രോണുകള്‍ മാത്രമാണ് ഇന്ത്യന്‍ മണ്ണില്‍ പതിച്ചതെന്നും ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് വ്യക്തമാക്കി. ഇവയ്ക്കു കാര്യമായ ഒരു ആഘാതവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പാക്കിസ്ഥാന്റെ നിരവധി വിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനവും ഇന്ത്യ തകര്‍ത്തു. ഭീകരര്‍ക്കു തിരിച്ചടി നല്‍കുക എന്നതായിരുന്നു ലക്ഷ്യമെന്നും അതു നേടിയതായും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എയര്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ എയര്‍മാര്‍ഷല്‍ അവധേശ് കുമാര്‍ ഭാരതി, നേവല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
മെയ് 7ലെ ആക്രമണത്തില്‍ ഒന്‍പത് ഭീകര കേന്ദ്രങ്ങളാണ് തകര്‍ത്തത്. നൂറിലധികം ഭീകരരെ വധിച്ചു. കാണ്ഡഹാര്‍ വിമാനറാഞ്ചല്‍, പുല്‍വാമ ആക്രമണം എന്നിവയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച യൂസുഫ് അസര്‍, അബ്ദുല്‍ മാലിക് റൗഫ്, മുദാസിര്‍ അഹമ്മദ് എന്നിവരും കൊല്ലപ്പെട്ടു. ഇന്ത്യയുടെ തിരിച്ചടി ഭയന്ന് ചില കേന്ദ്രങ്ങളില്‍ നിന്നു ഭീകരരെ മാറ്റിയിരുന്നു. ഇതു തിരിച്ചറിഞ്ഞാണ് ആക്രമണ ലക്ഷ്യം തീരുമാനിച്ചത്. മുരിദ്‌കെയില്‍ തകര്‍ത്തത് കസബിനും ഹെഡ്ലിക്കും പരിശീലനം നല്‍കിയ കേന്ദ്രമാണെന്നും ബഹാവല്‍പുരിലേത് ജയ്ഷ് ഇ മുഹമ്മദിന്റെ പ്രധാന കേന്ദ്രമാണെന്നും അറിയിച്ചു.
90 മണിക്കൂര്‍ നീണ്ടുനിന്ന സംഘര്‍ഷത്തില്‍ 35- 40 പാക് സൈനികരാണ് കൊല്ലപ്പെട്ടത്. നിയന്ത്രണ രേഖയിലെ വെടിവയ്പ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇന്ത്യയ്ക്ക് അഞ്ചു ജവാന്മാരെ നഷ്ടമായി. നിയന്ത്രണ രേഖയിലെ വെടിവയ്പ്പിലാണ് ഇവര്‍ വീരമൃത്യു വരിച്ചത്.
പാക്കിസ്ഥാന്റെ ജെറ്റ് വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് എയര്‍മാര്‍ഷല്‍ എ കെ ഭാരതി അറിയിച്ചു. പാക് ഡ്രോണുകളും തകര്‍ത്തു. പാക് വിമാനങ്ങളെ ഇന്ത്യന്‍ വ്യോമപരിധിയില്‍ കടക്കാന്‍ അനുവദിച്ചില്ല. പാക്കിസ്ഥാനിലെ വ്യോമതാവളങ്ങളും റഡാര്‍ സ്റ്റേഷനുകളും തകര്‍ത്തു. റഫീഖി, ചുനിയാന്‍, സര്‍ഗോധ, റഹിംയാര്‍ഖാന്‍, സുക്കൂര്‍, ഭോലാരി, ജക്കോബാബാദ് അടക്കമുള്ള വ്യോമതാവളങ്ങളും പസ്രുരിലെ റഡാര്‍ കേന്ദ്രവും തകര്‍ത്തു. പാക്കിസ്ഥാന്റെ ഏതു സംവിധാനവും തകര്‍ക്കാന്‍ നമുക്കു കഴിയുമെന്നു തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. പാക് സേനയുടെ എഫ് 16, ജെഎഫ് 17 യുദ്ധവിമാനങ്ങള്‍ സ്ഥിതി ചെയ്യുന്ന താവളമാണ് സര്‍ഗോധ.
ഇന്ത്യയുടെ എല്ലാ പൈലറ്റുമാരും സുരക്ഷിതരാണെന്ന് സേനാ നേതൃത്വം അറിയിച്ചു. റഫാല്‍ വിമാനം പാക്കിസ്ഥാന്‍ തകര്‍ത്തോ എന്ന ചോദ്യത്തിന് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ന്നോ പാക്ക് വിമാനങ്ങള്‍ ഏതൊക്കെ തകര്‍ന്നു എന്നതുപോലുള്ള കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ വിശദീകരിക്കാനാകില്ലെന്ന് എ കെ ഭാരതി വ്യക്തമാക്കി. സംഘര്‍ഷം അവസാനിച്ചിട്ടില്ലെന്നും ഈഘട്ടത്തില്‍ അത്തരം വെളിപ്പെടുത്തലുകള്‍ എതിരാളികള്‍ക്ക് അനുകൂലമാകുമെന്നും നഷ്ടങ്ങളും യുദ്ധത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഇനി ഇന്ത്യയ്‌ക്കെതിരേ എന്തെങ്കിലും നടപടിക്കു തുനിയും മുന്‍പ് പാക്കിസ്ഥാന്‍ ആലോചിക്കുമെന്നു വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദി പറഞ്ഞു. അവര്‍ക്കറിയാം നമ്മള്‍ എന്താകും തിരിച്ചുകൊടുക്കുകയെന്നും നാവികസേന അറബിക്കടലില്‍ പൂര്‍ണ സജ്ജമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. പ്രതിരോധത്തിന്റെ ഭാഗമായാണു നിലകൊണ്ടത്. വേണ്ടിവന്നാല്‍ കറാച്ചിയില്‍ തിരിച്ചടിക്ക് സജ്ജമായിരുന്നു. എല്ലാത്തരത്തിലും അറബിക്കടലില്‍ ഇന്ത്യയുടെ പൂര്‍ണ ആധിപത്യമുണ്ടായിരുന്നു.