ന്യൂഡല്‍ഹി: സംഘര്‍ഷം അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന്‍ നേരിട്ടു സമീപിക്കുകയായിരുന്നുവെന്ന് ഇന്ത്യയുടെ മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ (ഡിജിഎംഒ) രാജീവ് ഘായ്. യു എസിന്റെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ നടന്നതെന്ന വാദങ്ങളെ മൂന്നു സേനാവിഭാഗങ്ങളും ചേര്‍ന്നു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡിജിഎംഒ തള്ളി. നേരിട്ടായിരുന്നു ചര്‍ച്ചകളെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയ വിവരം പാക് ഡിജിഎംഒയെ നേരിട്ട് അറിയിച്ചിരുന്നു. ഭീകരരെ മാത്രമാണ് ആക്രമിച്ചതെന്നും ചര്‍ച്ചകള്‍ക്കു സന്നദ്ധമാണെന്നും മെയ് ഏഴിനു നടത്തിയ ആക്രമണത്തിനു പിന്നാലെ വിശദീകരിച്ചു. ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നും തിരിച്ചടിക്കുമെന്നുമായിരുന്നു ആ സമയത്ത് പാക് ഡിജിഎംഒയുടെ നിലപാട്. എന്നാല്‍, പിന്നീട് അവര്‍ ഇങ്ങോട്ടു വിളിക്കുകയായിരുന്നെന്നും രാജീവ് ഘായ്.
ഉച്ചയ്ക്ക് ഒരു മണിക്കാണ് പാക് ഡിജിഎംഒ ആക്രമണം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് വിളിച്ചതെന്നു സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ആ സമയം രാജീവ് ഘായ് ഉന്നതതല ചര്‍ച്ചകളുടെ തിരക്കിലായിരുന്നു. പിന്നീടു പ്രതികരിക്കാമെന്ന് അറിയിച്ചു. വൈകിട്ട് മൂന്നരയ്ക്കാണ് ഇന്ത്യ പ്രതികരിച്ചത്. അതില്‍ അവര്‍ വെടിനിര്‍ത്തലിനു തയ്യാറെന്ന് അറിയിക്കുകയായിരുന്നു.
പാക് വ്യോമതാവളങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തതാണു വഴിത്തിരിവായതെന്നും സേനാ വൃത്തങ്ങള്‍ അറിയിച്ചു. അതോടെ, എല്ലാ അര്‍ഥത്തിലും തകര്‍ന്ന പാക്കിസ്ഥാന്‍ അമേരിക്കയുടെ സഹായം തേടുകയും തുടര്‍ന്നു യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ പാക് സേനാ മേധാവി അസിം മുനീറുമായി സംസാരിക്കുകയും ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറെ വിളിക്കുകയുമായിരുന്നു.
സംഘര്‍ഷം ഇന്ത്യയുടെ താത്പര്യമല്ലെന്നും പാക്കിസ്ഥാന്‍ നിര്‍ത്തിയാല്‍ തങ്ങളും നിര്‍ത്തുമെന്നുമായിരുന്നു ജയശങ്കറിന്റെ മറുപടി. ഇതിനു പിന്നാലെയാണ് പാക് ഡിജിഎംഒ നേരിട്ട് അപേക്ഷയുമായി എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.