വെടിനിർത്തൽ ആദ്യം പ്രഖ്യാപിച്ചത് ട്രംപ്; ഇതെന്ത് കീഴ് വഴക്കമെന്ന് മോഡിയോട് രാഹുൽ

വെടിനിർത്തൽ ആദ്യം പ്രഖ്യാപിച്ചത് ട്രംപ്; ഇതെന്ത് കീഴ് വഴക്കമെന്ന് മോഡിയോട് രാഹുൽ


ന്യൂഡൽഹി: പാകിസ്താനുമായുള്ള വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സിന്ദൂർ ഓപറേഷനെ കുറിച്ചും വെടിനിർത്തലിനെ കുറിച്ചും വിശദീകരിക്കാനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. വെടിനിർത്തലിനെ കുറിച്ച് ആദ്യം പ്രഖ്യാപിച്ചത് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണെന്ന കാര്യവും രാഹുൽ കത്തിൽ അടിവരയിടുന്നുണ്ട്.

''ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ഉടൻതന്നെ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യം ആവർത്തിക്കുകയാണ്. പഹൽഗാം ഭീകരാക്രമണം, സിന്ദൂർ ഓപറേഷൻ, വെടിനിർത്തൽ (വെടിനിർത്തൽ ആദ്യം പ്രഖ്യാപിച്ചത് യു.എസ് പ്രസിഡന്റ് ആണല്ലോ) എന്നിവയെ കുറിച്ച് ജനങ്ങൾക്കും അവരുടെ പ്രതിനിധികൾക്കും അറിയാൻ അത് അനിവാര്യമാണ്. ഭാവിയിലെ വെല്ലുവിളികൾ അതിജീവിക്കാനുള്ള അവസരം കൂടി ഇങ്ങനെയൊരു കൂടിച്ചേരലിലൂടെ കൈവരും. ഈ ആവശ്യം ഗൗരവമായി എടുക്കുമെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.''എന്നാണ് രാഹുൽ ഗാന്ധി കത്തിൽ പറയുന്നത്.

മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പാർലമെന്റ് സമ്മേളനത്തിൽ പഹൽഗാം ആക്രമണത്തെ കുറിച്ച് പ്രതിപക്ഷം ഉന്നയിക്കുന്ന ചിലചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. ഈ ആവശ്യമുന്നയിച്ച് ഏപ്രിൽ 28ന് കത്തയച്ചിരുന്ന കാര്യവും ഖാർഗെ ഓർമപ്പെടുത്തി.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചിരുന്നു. എന്നാൽ യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കാൻ എല്ലാ പിന്തുണയും യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ നേതാക്കൾ ഒന്നടങ്കം കേന്ദ്രസർക്കാറിന് ഉറപ്പുനൽകി. അതിനുശേഷമായിരുന്നു ഇന്ത്യയുടെ ഓപറേഷൻ സിന്ദൂർ.

സംഘർഷം തുടരവെ ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചതായി ആദ്യം പ്രഖ്യാപിച്ചത് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആയിരുന്നു. പിന്നാലെ ഇക്കാര്യം ഇന്ത്യയും പാകിസ്താനും സ്ഥിരീകരിക്കുകയും ചെയ്തു. വെടിനിർത്തൽ കരാറിന് പിന്നിൽ പ്രവർത്തിച്ചത് അമേരിക്കയാണെന്ന് ട്രംപ് ആവർത്തിക്കുമ്പോൾ, ചർച്ചയിൽ മൂന്നാംകക്ഷിയില്ലെന്നായിരുന്നു ഇന്ത്യയുടെ മറുപടി. ഈ സാഹചര്യത്തിലാണ് ഇതിന് കൃത്യമായ മറുപടി വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നത്.

കശ്മീർ പ്രശ്‌നം പരിഹരിക്കാൻ എല്ലാപിന്തുണയും ഇന്ത്യക്കും പാകിസ്താനും നൽകുമെന്നും ട്രംപ് ആവർത്തിക്കുകയുണ്ടായി. അക്കാര്യത്തിൽ ഇന്ത്യ പ്രതികരിച്ചിട്ടില്ല.