യു എസും ചൈനയും സ്വിറ്റ്‌സര്‍ലാന്റില്‍ വ്യാപാര ചര്‍ച്ചകള്‍ നടത്തി

യു എസും ചൈനയും സ്വിറ്റ്‌സര്‍ലാന്റില്‍ വ്യാപാര ചര്‍ച്ചകള്‍ നടത്തി


വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടത്തിന്റെ താരിഫ് നടപടികളെത്തുടര്‍ന്നുണ്ടായ വ്യാപാര പ്രതിസന്ധിക്കു പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയുമായി 'സമ്പൂര്‍ണ പുനഃക്രമീകരണം' പ്രഖ്യാപിച്ചു.

യു എസ്, ചൈനീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ട്രംപ് തന്റെ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു. ചൈനയുമായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ മികച്ച കൂടിക്കാഴ്ച നടത്തിയെന്നും വ്യത്യസ്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.  സൗഹൃദപരവും ക്രിയാത്മകവുമായ രീതിയില്‍ പൂര്‍ണ്ണ പുനഃക്രമീകരണമുണ്ടാകുമെന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. 

അമേരിക്കന്‍ ബിസിനസുകള്‍ക്ക് ചൈനീസ് വിപണി തുറന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. ചൈനയുടെയും യു എസിന്റെയും നന്മയ്ക്ക് അമേരിക്കന്‍ ബിസിനസിന് ചൈന തുറന്നുകൊടുക്കുന്നത് കാണാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ചര്‍ച്ചയില്‍ വലിയ പുരോഗതി കൈവരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് നിര്‍ണായകമെന്ന് കരുതുന്ന യു എസും ചൈനീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഉന്നതതല താരിഫ് ചര്‍ച്ചകള്‍ പത്ത് മണിക്കൂറിലധികം നീണ്ടു. 

18-ാം നൂറ്റാണ്ടിലെ ചരിത്രപ്രസിദ്ധമായ വില്ല സലാഡിനിലാണ് ചര്‍ച്ചകള്‍ നടന്നത്. ജനീവ തടാകത്തിന് അഭിമുഖമായി നിലവില്‍ സ്വിസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് വില്ല സലാഡ്. യു എസ് പ്രതിനിധി സംഘത്തില്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറും ഉള്‍പ്പെടുന്നു. ചൈനയുടെ സംഘത്തെ വൈസ് പ്രീമിയര്‍ ഹെ ലൈഫെംഗ് നയിച്ചു.

കഴിഞ്ഞ മാസമാണ് ട്രംപ് ചൈനയ്ക്കെതിരായ യു എസ് താരിഫ് മൊത്തം 145 ശതമാനമായി വര്‍ധിപ്പിച്ചത്. ഇത് അമേരിക്കന്‍ ഇറക്കുമതികള്‍ക്ക് 125 ശതമാനം ലെവി ചുമത്തി തിരിച്ചടിക്കാന്‍ ചൈനയെ പ്രേരിപ്പിച്ചു. ഉയര്‍ന്ന താരിഫുകള്‍ പ്രഖ്യാപിച്ചതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാര ബഹിഷ്‌കരണം സൃഷ്ടിക്കുകയും കഴിഞ്ഞ വര്‍ഷം 660 ബില്യണ്‍ ഡോളര്‍ കവിഞ്ഞ വ്യാപാരത്തെ തടസ്സപ്പെടുത്തുകയും ചെയ്തു.