ന്യൂഡല്‍ഹി: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ തീരുവകള്‍ റദ്ദാക്കിയ യു എസ് സുപ്രിം കോടതി വിധിയെ കുറിച്ച് പഠിക്കുകയാണെന്ന് ഇന്ത്യ. ഈ വിധിയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ആദ്യ പ്രതികരണമാണിത്.
യു എസ് സുപ്രിം കോടതി തീരുവകളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിധി ശ്രദ്ധയില്‍പ്പെട്ടതായും ഇതുസംബന്ധിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തിയതായും ഇന്ത്യയുടെ വാണിജ്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
യു എസ് ഭരണകൂടം ചില നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഈ സംഭവവികാസങ്ങളൊക്കെയും അതിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിനായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം ഏര്‍പ്പെടുത്തിയ തീരുവ ഏര്‍പ്പെടുത്താന്‍ പ്രസിഡന്റിന് അധികാരമില്ലെന്നാണ് യു എസ് സുപ്രിം കോടതി വ്യക്തമാക്കിയത്. എന്നാല്‍ പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടതി റദ്ദാക്കിയ വ്യാപക തീരുവകള്‍ പുനഃസ്ഥാപിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഉപയോഗിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. മാത്രമല്ല പുതിയ മാര്‍ഗങ്ങള്‍ കൂടുതല്‍ വരുമാനം സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും ട്രംപ് പറഞ്ഞു.
ഫെബ്രുവരി 21ന് ട്രംപ് എല്ലാ രാജ്യങ്ങള്‍ക്കും ബാധകമായ പുതിയ 10 ശതമാനം ആഗോള തീരുവ പ്രഖ്യാപിക്കുകയും ചെയ്തു. ആഗോള 10 ശതമാനം തീരുവയില്‍ ഒപ്പുവെച്ചിരിക്കുന്നത് വലിയ അഭിമാനമാണെന്നും ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
അതേസമയം, സുപ്രിം കോടതി വിധിക്ക് ശേഷവും ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ മാറ്റമില്ലെന്നും ഇന്ത്യയുമായി കരാര്‍ തുടരുകയാണെന്നും ട്രംപ് വ്യക്തമാക്കി.
ഇതിനിടെ, നിര്‍ദ്ദേശിച്ചിരിക്കുന്ന വ്യാപാര കരാര്‍ അന്തിമമാക്കുന്നതിന് 23 മുതല്‍ മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്ക് യു എസില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും.
