വയനാട് ടൗൺപ്രോജക്ടിന് പെൻഷൻ തുകയിൽനിന്ന് 20 ലക്ഷം കൈമാറി ദമ്പതികൾ

വയനാട് ടൗൺപ്രോജക്ടിന് പെൻഷൻ തുകയിൽനിന്ന് 20 ലക്ഷം കൈമാറി ദമ്പതികൾ


കണ്ണൂർ: വയനാട് ടൗൺഷിപ്പിന് പെൻഷൻ കാശിൽ നിന്ന് ഇരുപത് ലക്ഷം രൂപ കൈമാറി അധ്യാപക ദമ്പതികൾ. കണ്ണൂർ സ്വദേശിയായ റിട്ട.പ്രൊഫസർ പി കരുണാകരനും അധ്യാപികയായ ഭാര്യ ഗീതയുമാണ് മുഖ്യമന്ത്രിയുടെ വികസന സംവാദത്തിനിടെ തുക കൈമാറിയത്. അതിവേഗം പുനരധിവാസം സാധ്യമാക്കിയ എൽഡിഎഫ് സർക്കാരിലുള്ള വിശ്വാസമാണ് തന്നെ ഈ വേദിയിലെത്തിച്ചതെന്ന്  20 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ കൈകളിലേക്ക് കൈമാറിയ ശേഷം കരുണാകരൻ പറഞ്ഞു.
സർക്കാർ നടപ്പാക്കിയ അതിശയകരമായ പുനരധിവാസ പ്രവർത്തനങ്ങളാണ് ഇങ്ങനെയൊരു നന്മയ്ക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് കരുണാകരൻ പറയുന്നു. മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഒരുവീട് പണിയാൻ ഈ തുക വിനിയോഗിക്കണമെന്നാണ് ആഗ്രഹമെന്ന് അഴീക്കോട് തെക്കുംഭാഗം സ്വദേശികളായ പി കരുണാകരനും ഗീതയും പറഞ്ഞു. ദുരന്തബാധിതർക്കായി എന്തുചെയ്യാമെന്ന ആലോചനയിലാണ് മുഖ്യമന്ത്രിക്ക് തുകകൈമാറാനുള്ള തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ആഗ്രഹം നാട്ടുകാരനായ മുൻഎംഎൽഎ എം പ്രകാശനെ അറിയിച്ചു. തുടർന്നാണ് വേങ്ങാട് നടന്ന വികസന സംവാദസംഗമ വേദിയിലെത്തി മുഖ്യമന്ത്രിയെക്കണ്ട് തുക കൈമാറിയത്. ഗീതയുടെ അച്ഛൻ അഴീക്കോട് തെക്കുംഭാഗത്തെ കുന്ദാരൻ രാഘവന്റെയും അമ്മ ബേക്കലിലെ കെ വി കാർത്യായനിയുടെയും കരുണാകരന്റെ സഹോദരൻ പൊട്ടന്റവിട ഏട്ടൻ നാണുവിന്റെയും സ്മരണാർഥമാണ് തുക നൽകിയത്.